ഫീച്ചർ ഫോൺ ഉൾപ്പെടെയുള്ള ഡംബ് ഫോണുകൾക്ക് അമേരിക്കയിൽ ഡിമാൻഡ് കൂടുന്നതായി റിപ്പോർട്ട്. സ്ക്രീൻ ടൈം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്മാർട്ഫോൺ യുഗത്തിലും പലരും ഇത്തരം ഫോണുകൾ വാങ്ങുന്നത്. ആഗോള തലത്തിൽ നോക്കുകയാണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരം ഫോണുകൾ ഇപ്പോൾ വിറ്റഴിക്കപ്പെടുന്നുള്ളൂ. എന്നാൽ അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണ്.
നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പോലുള്ള കമ്പനികൾ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ പുറത്തിറക്കിയതിനു സമാനമായുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകൾ ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതിൽ ഫീച്ചർ ഫോണുകൾ, ജിപിഎസ്, ഹോട്ട്സ്പോട്ട് സൗകര്യങ്ങളോടു കൂടിയ ഫ്ലിപ്പ് ഫോണുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
പലരും സ്ക്രീൻ ടൈം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും സബ്റെഡിറ്റിലെ മോഡറേറ്ററും ഡംബ് ഫോൺ ഇൻഫ്ളുവൻസറുമായ ജോസ് ബ്രിയോൺസ് പറയുന്നു.
അമേരിക്കയിൽ 2022-ൽ എച്ച്എംഡി ഗ്ലോബലിന്റെ ഫീച്ചർ ഫ്ലിപ്പ് ഫോൺ വിൽപന കുത്തനെ ഉയർന്നിരുന്നു. ഓരോ മാസവും ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് ഫോണുകളാണ് വിറ്റഴിച്ചത്. അതേസമയം, ആഗോള തലത്തിൽ എച്ച്എംഡിയുടെ ഫീച്ചർ ഫോൺ വിൽപന കുറഞ്ഞതായി കമ്പനി അറിയിച്ചു.
മാർക്കറ്റ് റിസേർച്ച് കമ്പനിയായ കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നതു പ്രകാരം 2022-ലെ ഫീച്ചർ ഫോൺ വിൽപനയുടെ 80 ശതമാനവും നടന്നത് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ്. എന്നാൽ അമേരിക്കയിലെ ചെറുപ്പക്കാർ ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് പലരും നോക്കിക്കാണുന്നത്.
വടക്കേ അമേരിക്കയിൽ, ഡംബ് ഫോണുകളുടെ വിപണി കുതിച്ചുയരുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് അഞ്ചു ശതമാനം വരെ വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. പങ്ക്റ്റ് (Punkt), ലൈറ്റ് (Light) എന്നിവ പോലുള്ള കമ്പനികൾ ഫോണുകളിലും സോഷ്യൽ മീഡിയകളിലും കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഫോണുകൾ വിൽക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇത്തരം ഫോണുകളെ പ്രമോട്ട് ചെയ്യുന്ന ഇൻഫ്ളുവൻസർമാരും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
“കേവലമൊരു ഡംബ് ഫോൺ മാത്രം നിർമിക്കാനല്ല ഞങ്ങളുടെ കമ്പനി ശ്രമിക്കുന്നത്. മറിച്ച് മികച്ച സവിശേഷതകളോടു കൂടിയ ഒരു പ്രീമിയം, മിനിമൽ ഫോൺ നിർമിക്കാനാണ്”, ലൈറ്റ് കമ്പനിയുടെ സഹസ്ഥാപകൻ ജോ ഹോളിയർ പറഞ്ഞു.