ലോക മാധ്യമ സ്വാതന്ത്ര്യ ദിനം: ‘ആവിഷ്കാര സ്വാതന്ത്ര്യം മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം’

എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായിട്ടാണ് ആചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. 1993ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ലോക മാധ്യമ സ്വാതന്ത്ര്യദിനം: ചരിത്രം

1991ല്‍ നമീബയില്‍ വെച്ച് നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ചില ആഫ്രിക്കന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ സ്വാതന്ത്ര്യദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. ജനാധിപത്യവികസനത്തിന് പത്രങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്തത്തിന് ശ്രദ്ധ ലഭിക്കണം എന്നാണ് അവര്‍ അന്ന് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്. അതുകൂടാതെ സത്യസന്ധമായ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും സമ്മേളനം ലക്ഷ്യമിട്ടിരുന്നു.

ഇതേത്തുടര്‍ന്ന് 1993 മെയ് മൂന്നിനാണ് ആദ്യ മാധ്യമ സ്വാതന്ത്ര്യദിനം ആചരിച്ചത്. പിന്നീട് എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായി എല്ലാ രാജ്യങ്ങളും ആഘോഷിക്കാന്‍ തുടങ്ങുകയും ചെയ്തു.

ലോക മാധ്യമ സ്വാതന്ത്ര്യദിനം 2023: പ്രമേയം

ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രമേയമാണ് ലോക മാധ്യമ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ളത്. സമകാലിക ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം ”അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താം: ആവിഷ്കാര സ്വാതന്ത്ര്യമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം” (shaping a future of rights: freedom of expression as a driver of all other human rights) എന്നതാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളികളും അതിലൂടെ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെപ്പറ്റിയും പ്രമേയത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുക എന്ന പ്രമേയത്തിലുറച്ചാണ് ഓരോ വര്‍ഷവും ഈ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രമേയത്തിന്റെ ലക്ഷ്യം. സെന്‍സര്‍ഷിപ്പോ, ആക്രമണമോ, ഭീഷണിയോ കൂടാതെ സധൈര്യം തങ്ങളുടെ ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്ന സാഹചര്യമൊരുക്കണമെന്നും ഈ പ്രമേയം സൂചിപ്പിക്കുന്നു.

ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം

മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ ബോധവാന്‍മാരാക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. സര്‍ക്കാരിനെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റി ജനാധിപത്യത്തെ കൂടുതല്‍ വികസനത്തിലേക്ക് നയിക്കുകയെന്നതാണ് ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം. അതേപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.

ലോകത്തെ മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ ധീരമായ പ്രവൃത്തികള്‍ക്ക് പിന്തുണ നല്‍കാനുമാണ് ഈ ദിനം ഉപയോഗിക്കേണ്ടത്. പത്രസ്വാതന്ത്ര്യം എന്നത് കേവലമൊരു അവകാശം മാത്രമല്ല. ഒരു ജനാധിപത്യ രാജ്യത്തിന് ആവശ്യം വേണ്ട ഘടകം കൂടിയാണ്.

ഈ ദിനത്തിലാണ് യുനെസ്‌കോ/ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ് നല്‍കുന്നത്. ജീവന്‍ പണയപ്പെടുത്തി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പ്രാധാന്യം വിളിച്ചോതുന്ന പുരസ്‌കാരമാണിത്. എല്ലാ വര്‍ഷവും ലോക മാധ്യമ സ്വാതന്ത്ര്യദിനമായ മെയ് 3നാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്.

Verified by MonsterInsights