ഇന്ത്യയിലെ ഏക ചൈനീസ് പത്രം അച്ചടി നിർത്തുന്നു. കൊൽക്കത്തയിലാണ് ‘ഓവർസീസ് ചൈനീസ് കൊമേഴ്സ് ഓഫ് ഇന്ത്യ’ (Overseas Chinese Commerce of India) എന്ന ഈ പത്രം അച്ചടിച്ചിരുന്നത്. ‘സിയോങ് പോ’ (Seong Pow) എന്ന പേരിലും ഈ പത്രം അറിയപ്പെടുന്നു. പത്രത്തിന്റെ അച്ചടി നിർത്തുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിനാണ് അവസാനമാകുന്നത്.
കുവോ-ത്സായ് ചാങ് (Kuo-tsai Chang) ആയിരുന്നു പത്രത്തിന്റെ എഡിറ്റർ. 30 വർഷമായി അദ്ദേഹം സിയോങ് പോയുടെ എഡിറ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കോവിഡ് -19 നും അതിനു ശേഷമുണ്ടായ ലോക്ക്ഡൗണിനെയും തുടർന്ന് പത്രത്തിന്റെ അച്ചടി തത്കാലത്തേക്ക് നിർത്തി വെച്ചിരുന്നു. 2020 ജൂലൈയിൽ കുവോ-ത്സായ് ചാങ്ങ് മരിച്ചു. പിന്നീട് എന്നെന്നേക്കുമായി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോൾ, പത്രം അച്ചടിച്ചിരുന്ന ഓഫീസ് മുറിയിൽ ചില കടലാസു കെട്ടുകളും മഷിയും മാത്രമാണുള്ളത്. ലോക്ക്ഡൗണിന് മുമ്പ്, പ്രതിദിനം 200 കോപ്പികളാണ് അച്ചടിച്ചിരുന്നത്. ഓരോ കോപ്പിയും 2.50 രൂപയ്ക്കാണ് വിറ്റിരുന്നത്.
കോവിഡിനു മുൻപ്, തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മണി മുതൽ ഉച്ച വരെ നാല് മണിക്കൂർ മാത്രമേ ഓഫീസ് തുറന്നിരുന്നുള്ളൂ. കൃത്യം എട്ടു മണിക്കു തന്നെ കുവോ-ത്സായ് ചാങ് ഓഫീസിലെത്തിയിരുന്നു. വർഷങ്ങളോളം അദ്ദേഹം ഈ പതിവ് തുടർന്നു.
ഈ പ്രിന്റിങ്ങ് പ്രസ്സ് കഠിനാധ്വാനത്തിന്റെ സ്മാരകമാണെന്ന് കൊൽക്കത്തയിലെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കോൺസുലേറ്റ് ജനറൽ ഴ ലിയു (Zha Liyou) പറഞ്ഞു. ”കൊൽക്കത്തയിലെ ടാൻഗ്രയിലെയും ടിരേട്ട ബസാറിലെയും ചൈനീസ് സമൂഹം ഇപ്പോഴും പ്രസ്സ് പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. അത് സാധിക്കുമെന്ന് തോന്നുന്നില്ല. കോവിഡ് -19 ന്റെ അനന്തരഫലമായാണ് പത്രം അച്ചടി നിർത്തുന്നത്. ഇത് ഇവിടുത്തെ ചൈനീസ് സമൂഹത്തിന് വലിയ നഷ്ടമായിരിക്കും”, അദ്ദേഹം പറഞ്ഞു.
ഓവർസീസ് ചൈനീസ് കൊമേഴ്സ് ഓഫ് ഇന്ത്യ’, അല്ലെങ്കിൽ ‘സിയോങ് പോ’ ഇന്ത്യയിലെ ആദ്യത്തെ ചൈനീസ് പത്രമായിരുന്നില്ല. 1935-ൽ ‘ദി ചൈനീസ് ജേണൽ ഓഫ് ഇന്ത്യ’ എന്ന പത്രം ഇന്ത്യയിൽ അച്ചടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സിയോങ് പോ മാത്രമായിരുന്നു ഇന്ത്യയിലെ ഏക ചൈനീസ് ദിനപ്പത്രം. 1969-ൽ ആണ് സിയോങ് പോ ആദ്യമായി ഇന്ത്യയിൽ അച്ചടി ആരംഭിച്ചത്. പ്രധാനമായും ബിസിനസ് സംബന്ധമായ വാർത്തകളിലാണ് പത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. നാല് പേജുകളിലുള്ള ഈ ദിനപ്പത്രത്തിൽ, ആദ്യകാലങ്ങളിൽ കൈപ്പടയിലാണ് വാർത്തകൾ എഴുതിയിരുന്നത്. പിന്നീട്, ചൈനീസ് ഡിടിപി മെഷീനുകൾ ഉപയോഗിച്ച് പത്രം അച്ചടിക്കാൻ തുടങ്ങി. പത്രത്തിന്റെ സർക്കുലേഷൻ വർഷങ്ങൾ കഴിയുംതോറും കുറഞ്ഞു വന്നിരുന്നു. 1990കളിൽ 900 കോപ്പികൾ വിറ്റിരുന്നെങ്കിൽ 2017ൽ അത് 190 ആയി കുറഞ്ഞു. മുൻപ്, ഡൽഹിയിലേക്കും മുംബൈയിലേക്കും പത്രത്തിന്റെ കോപ്പികൾ അയക്കുമായിരുന്നെങ്കിലും പിന്നീട് അതു നിർത്തി.