കൊട്ടിക്കലാശം; ഇനിയെല്ലാം നിശ്ശബ്ദം, കേരളം നാളെ ബൂത്തിലേക്ക് .

രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണ, പ്രത്യാരോപണങ്ങൾ കത്തിക്കയറിയ തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം ക്രെയിനിലും മണ്ണുമാന്തിയിലുമായി സ്ഥാനാർഥികൾ ആകാശത്തേക്കുയർന്നു. ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം.

അങ്ങിങ്ങ് സംഘർഷമുണ്ടായെങ്കിലും ഉത്സവപ്പകിട്ടോടെയായിരുന്നു ബുധനാഴ്ച വൈകീട്ട് പ്രചാരണപ്പൂരത്തിന്റെ കൊടിയിറക്കം. പൂക്കാവടിയും വാദ്യമേളങ്ങളുമായെത്തി നിറങ്ങൾ വിതറിയ കൊട്ടിക്കലാശത്തിൽ സ്ഥാനാർഥികളും നേതാക്കളും നിറഞ്ഞുനിന്നു. തുടർന്ന്‌ വോട്ടെടുപ്പിന് ഒരുപകലിരവിന്റെ അകലത്തിൽ നിശ്ശബ്ദപ്രചാരണത്തിനായി അവർ വേദിയൊഴിഞ്ഞു. 






 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ സി.ആർ. മഹേഷ് എം.എൽ.എ.ക്കും സി.പി.എം. നേതാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റു. പത്തനാപുരത്തും തിരുവനന്തപുരത്ത് ആറ്റിങ്ങലിലും ഇടുക്കിയിലെ കട്ടപ്പനയിലും സംഘർഷമുണ്ടായി. മലപ്പുറത്ത് നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി.

കേരളത്തിലെ 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേർ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു പോളിങ് ശതമാനം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. 80 ശതമാനത്തിൽ കുറയാതിരിക്കുക ഇത്തവണ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. 


 

Verified by MonsterInsights