സ്വര്‍ണവില വന്‍ ഇടിവില്‍; ഉയര്‍ന്നതിനേക്കാള്‍ താഴ്ന്നു… വാങ്ങുന്നവര്‍ക്ക് ഇന്ന് അതുല്യ അവസരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. ആഗോള വിപണിയില്‍ ഉടലെടുത്ത ആശങ്ക ഒഴിഞ്ഞതാണ് ഇന്ന് സ്വര്‍ണവില കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.

എന്നാല്‍ സ്വര്‍ണം വലിയ താഴ്ച്ചയിലേക്ക് പോകില്ലെന്നാണ് കരുതുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാവുന്നതാണ്. തിങ്കളാഴ്ച സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരുന്നത്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54640 രൂപയാണ്. കഴിഞ്ഞ ദിവസം 55120 രൂപയായിരുന്നു. 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപയായി. ഈ മാസം കുറഞ്ഞ വില രേഖപ്പെടുത്തിയത് പവന് 52440 രൂപയായിരുന്നു. അന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2200 രൂപ ലാഭമാണ്.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ഔണ്‍സിന് 2449.50 ഡോളര്‍ വരെ കയറിയിരുന്നു. പിന്നീട് 2426 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ന് നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്. വെള്ളിയുടെ വിലയിലും ആഗോള വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. ഇറാന്‍ പ്രസിഡന്റിന്റെ മരണമാണ് ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ആശങ്കയുണ്ടാക്കിയത്.


 

എണ്ണവിലയില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം രാവിലെ സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 83.19 ഡോളര്‍ ആണ് പുതിയ വില. അതേസമയം, ഡോളര്‍ സൂചിക അല്‍പ്പം കയറി. 104.62 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ 83.33 എന്ന നിരക്കിലേക്ക് കയറി. ആശങ്ക ഒഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചു. കേരളത്തില്‍ 55000 കടന്ന് കുതിച്ച സ്വര്‍ണം ഇന്ന് കുറയാനുള്ള ഒരു കാരണം അതാണ്.വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആകാം. അഡ്വാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചു എന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. ബുക്ക് ചെയ്യുന്ന സമയത്തെ വിലയും വാങ്ങുന്ന സമയത്തെ വിലയും പരിശോധിച്ച് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇതുവവഴി സാധിക്കും.

അതേസമയം, വരുംദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവിന് സാധ്യതയില്ല എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. സ്വര്‍ണത്തിന് പ്രിയമേറുന്ന കാഴ്ചയാണ് വിപണിയില്‍. ഇന്ത്യയിലും ചൈനയിലും സാധാരണക്കാര്‍ പോലും സ്വര്‍ണം കുറഞ്ഞ അളവില്‍ വാങ്ങി സൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് കാരണം. മാത്രമല്ല, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിക്ഷേപ പദ്ധതികള്‍ വരുന്നതും സ്വര്‍ണത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു.



 

Verified by MonsterInsights