കേരളത്തില്‍ കാലവര്‍ഷം മാറും?; സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു.

 കേരളത്തില്‍ കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്‍റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം. ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. മറ്റന്നാളോടെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കാലവര്‍ഷത്തിന്‍റെ ഇപ്പോള്‍ പ്രവചിച്ച സമയത്തില്‍ മാറ്റം വന്നേക്കും.

സാധാരണഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് കാലവര്‍ഷത്തെ വേഗത്തിലാക്കുന്നതാണ് രീതി. അങ്ങനെയെങ്കില്‍ മെയ് 31 എന്നത് വീണ്ടും ഇങ്ങോട്ട് മാറാം. എന്നുവച്ചാല്‍ കാലവര്‍ഷത്തിലേക്ക് സംസ്ഥാനം എളുപ്പത്തില്‍ കടക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം ഉറപ്പിക്കുക വയ്യ. എന്തായാലും കാലവര്‍ഷത്തില്‍ നേരത്തെ പ്രവചിച്ച സമയം മാറുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പ് വരികയാണ്.ഇപ്പോള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപകമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിന്‍റെ മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയും മിന്നലും കാറ്റുമോടുകൂടിയ മഴഅനുഭവപ്പെടും.

Verified by MonsterInsights