വരുമാനത്തിൽ നിന്നും 500 രൂപ മിച്ചം പിടിക്കാമോ, 4.12 ലക്ഷം രൂപ സമ്പാദിക്കാം, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ.

പണം സമ്പാദിക്കണമെങ്കിൽ നിക്ഷേപം അത്യാവശ്യമാണ്. ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്നത് ഓരോ വ്യക്തിയുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ്. എന്നാൽ വലിയ തുകയുണ്ടെങ്കിൽ മാത്രമേ സാമ്പത്തിക നിക്ഷേപം ആരംഭിക്കാൻ സാധിക്കുകയുള്ളു എന്നതാണ് നിങ്ങളുടെ ചിന്തയെങ്കിൽ അത് പൂർണ്ണമായും തെറ്റാണ്. നിങ്ങളുടെ വരുമാനത്തിൽ നിന്നും എത്ര രൂപയാണൊ മിച്ചം പിടിക്കാൻ കഴിയുന്നത്, ആ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാൻ സാധിക്കും.500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പോസ്റ്റ് ഓഫീസിന് കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികൾ. അത്തരത്തിലുള്ള ചില നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം.

1.പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് :പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അതായത് പിപിഎഫ് ഒരു ദീർഘകാല പദ്ധതിയാണ്. ഈ സ്കീമിൽ, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. ആവശ്യമെങ്കിൽ കൂടുതൽ വർഷത്തേക്ക് കാലാവധി നീട്ടുവാനും സാധിക്കും. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ധാനം ചെയ്യുന്നത്.പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിൽ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം 1,62,728 രൂപ സമ്പാദിക്കാൻ സാധിക്കും. ഇനി 5 വർഷത്തേക്ക് കാലാവധി നീട്ടിയാൽ, അതായത് 20 വർഷം കൊണ്ട് 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും സമ്പാദിക്കാം.

2. സുകന്യ സമൃദ്ധി യോജന:പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്‌വൈ അവതരിപ്പിക്കപ്പെട്ടത്. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പദ്ധതിയിൽ അംഗങ്ങളാകാം. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്.എല്ലാ മാസവും 500 രൂപ പദ്ധതിയിൽ നിക്ഷേപിച്ചാൽ കാലാവധി 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

3.പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് അഞ്ചുവര്‍ഷ കാലയളവിലേക്കുള്ള ഈ സ്‌കീമില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാം. ഒരാള്‍ക്ക് മാത്രമായോ, ജോയിന്റ് അക്കൗണ്ടായി മൂന്ന് പേര്‍ക്ക് ഒരുമിച്ചോ ആരംഭിക്കാം. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പേരിലും ആര്‍ഡി അക്കൗണ്ട് എടുക്കാം. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7% ആണ്. പദ്ധതിയിൽ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ 5 വർഷത്തിനുള്ളിൽ 30,000 രൂപ നിക്ഷേപിക്കും. പലിശയിനത്തിൽ 5681 രൂപയും ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 35,681 രൂപ നേടാം. അക്കൗണ്ട് തുടങ്ങിയ തീയതി മുതല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പ്രീമെച്വറായി അക്കൗണ്ട് ക്ലോസ് ചെയ്യാനും സൗകര്യമുണ്ട്. ഇതിനായി ബന്ധപ്പെട്ട പോസ്റ്റ്ഓഫീസില്‍ അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി.

 

Verified by MonsterInsights