വനിത ഏഷ്യ കപ്പ് ; ഇന്ത്യയ്ക്ക് വിജയത്തുടക്കം.

കൊളംബോ
ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക്‌ വിജയത്തുടക്കം. പാകിസ്ഥാനെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു.

സ്‌കോർ: പാകിസ്ഥാൻ 108 (19.2), ഇന്ത്യ 109/3 (14.1).

ചെറിയ ലക്ഷ്യത്തിലേക്ക്‌ ഇന്ത്യയുടെ മുന്നേറ്റം അനായാസമായിരുന്നു. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന്‌ 85 റണ്ണെടുത്തു. സ്‌മൃതി 31 പന്തിൽ 45 റണ്ണടിച്ചു. ഒമ്പത്‌ ഫോർ നിറഞ്ഞ ഇന്നിങ്സായിരുന്നു. ഷഫാലി വർമ ആറ്‌ ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 40 റൺ നേടി. ഡി ഹേമലത 14 റണ്ണിന്‌ പുറത്തായി. 15–-ാം ഓവറിൽ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും (5) ജെമീമ റോഡ്രിഗസും (3) വിജയത്തിലെത്തിച്ചു.

സ്‌പിന്നർ ദീപ്‌തി ശർമ മൂന്ന്‌ വിക്കറ്റെടുത്ത്‌ പാകിസ്ഥാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചു. രേണുക സിങ്, പൂജ വസ്‌ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർക്ക്‌ രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌. നാളെ യുഎഇയെ നേരിടും. മറ്റൊരു മത്സരത്തിൽ നേപ്പാൾ ആറ്‌ വിക്കറ്റിന്‌ യുഎഇയെ തോൽപ്പിച്ചു.

Verified by MonsterInsights