സ്വര്‍ണവില ഇടിഞ്ഞു വീഴുന്നു.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. റെക്കോര്‍ഡിലേക്ക് കുതിച്ച ശേഷം ഇത്രയും വില ഇടിവ് പ്രതീക്ഷിച്ചതല്ല. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് വരും ദിവസങ്ങളിലെ സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ജ്വല്ലറി വ്യാപാരികള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പതിവ് പോലെ അവഗണിച്ചാല്‍ വില വര്‍ധിക്കാനുള്ള വഴിയൊരുങ്ങും.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതായത് ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപ.യുടെ നേട്ടം കൊയ്യാം. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില.

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53960 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 54000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടുമെത്തി. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5605 രൂപയിലെത്തി. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണമാണ് 22, 18 കാരറ്റുകള്‍.സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 15 ശതമാനം നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. വില്‍പ്പന വേളയില്‍ മൂന്ന് ശതമാനം ജിഎസ്ടിയും. ഇറക്കുമതി നികുതി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അങ്ങനെ ചെയ്താല്‍ സ്വര്‍ണക്കടത്ത് കുറയ്ക്കാമെന്നും ജ്വല്ലറി വിപണി കരുത്തുറ്റതാക്കാമെന്നും ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുമെന്നും ജ്വല്ലറി വ്യാപാരികളുടെ സംഘടനാ നേതാക്കള്‍ പറയുന്നു.

 

ഒരു കിലോ സ്വര്‍ണത്തിന് 9.8 ലക്ഷം രൂപയാണ് ഇറക്കുമതി നികുതി കൊടുക്കേണ്ടി വരുന്നത്. വെള്ളി ഇറക്കുമതി ചെയ്യുമ്പോള്‍ 12700 രൂപ നികുതിയായി നല്‍കുന്നു. ഇറക്കുമതി നികുതി കുറയ്ക്കുന്ന പ്രഖ്യാപനം ബജറ്റിലുണ്ടായാല്‍ സ്വര്‍ണവില കുറയും. അതേസമയം. ഡോളര്‍ സൂചിക വന്‍ മുന്നേറ്റം നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

104.22 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.63 എന്ന നിരക്കിലാണ്. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഡോളറിന്റെ കരുത്ത് കുറച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം അമേരിക്കന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.എണ്ണവിലയില്‍ കാര്യമായ മുന്നേറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 82.42 ഡോളറാണ് വില. എണ്ണ വില കുറയുന്നതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നത്തെ ബജറ്റിലുണ്ടാകുമോ എന്നും വിപണി നിരീക്ഷിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഇത്രയും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം നികുതിയാണ്. നികുതി ഇളവ് നല്‍കിയാല്‍ ഇന്ധന വില കുറയും.

Verified by MonsterInsights