‘പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം;’ ആവശ്യവുമായി കേരള ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ

ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും സ്ഥാപനങ്ങളിലും പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെയോ ഏജന്‍സികളെയോ നിയമിക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ മോഹനന്‍. കഴിഞ്ഞ വര്‍ഷം വന്ദനദാസ് കൊലക്കേസിന് ശേഷം ഈയൊരു തീരുമാനം ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതേ ആവശ്യങ്ങളുമായി വിസി വീണ്ടും രംഗത്തെത്തിയത്

ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത് പാലിച്ചില്ലെങ്കില്‍ അവരുടെ അംഗത്വം റദ്ദാക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ മതിയായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യസര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആരോഗ്യസ്ഥാപനങ്ങളിൽ പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും നിയമിക്കണമെന്ന് ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി സമുച്ചയത്തിലും അടിയന്തര വാര്‍ഡിലും സിസിടിവികള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിഐഎസ്എഫിന് സമാനമായ ആശുപത്രി സുരക്ഷാ സേനയെ നിയമിക്കണമെന്ന് പൊലീസ് വകുപ്പുമായുള്ള ചര്‍ച്ചയിലും സര്‍വകലാശാല നിര്‍ദേശിച്ചിരുന്നു.

 

ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.

 

 
Verified by MonsterInsights