സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ, എവിടെ നിന്ന് കിട്ടുന്നുവെന്ന് അന്വേഷണം

ബ്രസീലിൻ്റെ തീരത്തുള്ള സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇത് സ്രാവുകളുടെ സ്വഭാവഘടനയിലുൾപ്പെടെ മാറ്റം വരുത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള വെള്ളത്തിൽ നിന്ന് 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിൽ നടത്തിയ പഠനത്തിലാണ് സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയത്. സ്രാവുകൾ എങ്ങനെയാണ് ഇത് കഴിക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നും ലഹരിമരുന്ന് കടലിലേക്ക് തള്ളുന്നതാവാം ഒരു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്ലെങ്കിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന മനുഷ്യന്റെ വിസര്‍ജ്യം അഴുക്കുചാലുകളിലൂടെ കടലിലേക്ക് എത്തിയതാകാമെന്നും കരുതുന്നു

“മെക്സിക്കോയിലും ഫ്ലോറിഡയിലും ഉള്ളതുപോലെ ഇവിടെ കടലിൽ കൊക്കെയ്ൻ വലിച്ചെറിയുന്നതായി ഞങ്ങൾ കാണാറില്ല,” ഒരു ശാസ്ത്രജ്ഞൻ ദി ടെലിഗ്രാഫിനോട് പറഞ്ഞു. വലിച്ചെറിയപ്പെട്ട പൊതികളിൽ നിന്ന് സ്രാവുകൾ കൊക്കെയ്ൻ കഴിച്ചിരിക്കാൻ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു. മാസങ്ങളോളം കഴിച്ചാല്‍ വരുന്ന അത്ര അളവിലാണ് സ്രാവുകളില്‍ കൊക്കെയ്‌ന്റെ അളവ് കണ്ടെത്തിയിട്ടുള്ളത്. മറ്റ് കടല്‍ജീവികളില്‍ മുമ്പ് കണ്ടെത്തിയിട്ടുള്ളതില്‍നിന്നും 100 മടങ്ങ് അധികം കൊക്കെയ്ന്‍ അംശമാണ് റിയോ ഡി ജനീറോയില്‍നിന്ന് പിടിച്ച് പരിശോധിച്ച സ്രാവുകളില്‍നിന്ന് കണ്ടെത്തിയത്.

സ്രാവുകളിലെ ഓരോ അവയവങ്ങളും വിശദമായി പരിശോധിച്ചതില്‍ നിന്നും അതിന്റെ എല്ലാ ഭാഗങ്ങളിലും കൊക്കെയ്ന്‍ അംശം പോസിറ്റീവ് ആയിരുന്നതായാണ് കണ്ടത്. സ്വതന്ത്രമായി കടലില്‍ വിഹരിക്കുന്ന സ്രാവുകളില്‍ ആദ്യമായാണ് കൊക്കെയ്ന്‍ അംശം കണ്ടെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. കൊക്കെയ്നിൽ നിന്ന് മൃഗങ്ങൾക്കുണ്ടാകുന്ന നാശത്തിൻ്റെ വ്യാപ്തി അറിയില്ലെങ്കിലും, മയക്കുമരുന്ന് സ്രാവുകളുടെ കാഴ്ചശക്തിയെ ബാധിക്കുകമെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇത് അവരുടെ ആയുസ്സ് കുറയ്ക്കുമെന്നും അവർ പറയുന്നു.

 
Verified by MonsterInsights