പിള്ളേര് വൈബാണ്’; അദാനിയും അംബാനിയും നയിക്കുന്ന ‘ശതകോടീശ്വര ടീമിൽ’ ഇടം നേടിയ രണ്ട് ‘പയ്യന്മാർ’

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയായ ഹുറൂൺ റിച്ച് ഇന്ത്യ 2024 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരെയുടെ വയസ് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. വിദ്യാഭ്യാസവും പ്രായവും സാമ്പത്തി പശ്ചാത്തലവുമെല്ലാം കോടികളുടെ സമ്പാദ്യത്തിൽ ഘടകമാണ് എന്ന പൊതുബോധത്തെ തകർത്തു കൊണ്ടാണ് രണ്ട് പയ്യന്മാർ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. സെപ്റ്റോ എന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി ആപ്പിന്റെ ഉടമകളായ 21കാരൻ കൈവല്യ വോഹ്‌റയും 22കാരൻ ആദിത് പലിചയുമാണ് എല്ലാവരെയും അമ്പരിപ്പിച്ച് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതും ഇന്ത്യയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ ശതകോടീശ്വരന്മാർ എന്ന വിശേഷണത്തോടെ! ഈ പട്ടിക പരിശോധിക്കുന്നവരെ സംബന്ധിച്ച് ഈ പ്രായത്തിലോ എന്ന് ചിന്തിക്കുക സ്വഭാവികം. എന്നാൽ കോളേജ് പഠനം ഉപേക്ഷിച്ചാണ് ഇവർ ഈ നേട്ടത്തിലേയ്ക്ക് എത്തിയെന്നറിയുമ്പോഴാണ് അമ്പരപ്പ് അതിശയമായി മാറുന്നത്.

 

യഥാക്രമം 3600 കോടിയും, 4300 കോടിയുമാണ് ഇരുവരുടെയും ആസ്തി. 2021ൽ കോളേജ് പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്ന് തുടങ്ങിയ സംരംഭമാണ് ഇവരുടെ ‘തലവര’ മാറ്റിയത്. കൊവിഡ് കാലഘട്ടത്തിൽ രാജ്യം മുഴുവൻ വീടുകളിൽ അടച്ചിടപ്പെട്ടപ്പോൾ, ഇരുവരുടെയും മനസ്സിൽ പൊട്ടിമുളച്ചതാണ് അതിവേഗ ഓൺലൈൻ ഗ്രോസറി ഡെലിവറി സംവിധാനം എന്ന ആശയം. ഈ ആശയം പ്രവർത്തികമാക്കുന്നതിന് വേണ്ടി ഇവർ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷം ഇവർ ആരംഭിച്ച സെപ്റ്റോ പിന്നീട് നടത്തിയ കുതിപ്പിൻ്റെ ബാക്കിപത്രമാണ് അംബാനിക്കും അദാനിക്കുമൊപ്പം ശതകോടീശ്വര പട്ടികയിൽ ഇരുവർക്കും ലഭിച്ച ഇടം.

 

കനത്ത മത്സരം നിലനിൽക്കുന്ന ഓൺലൈൻ ഡെലിവറി മേഖലയിലേക്കാണ് ഇരുവരും 2021ൽ സെപ്റ്റോയുമായെത്തുന്നത്. ആമസോൺ, ബിഗ് ബാസ്കറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആളും അർത്ഥവുമുള്ള വമ്പന്മാരോടായിരുന്നു ഇവരുടെ മത്സരം. എന്നാൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് ഓൺലൈൻ ഡെലിവറി സംവിധാനത്തെ സുഗമമാക്കാനും, അതുവഴി വലിയ സ്വീകാര്യത നേടാനും സെപ്റ്റോയ്ക്ക് കഴിഞ്ഞു.ഒടുവിൽ ഇരുവരും എത്തപ്പെട്ടത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമാണ്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി ​ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2020ൽ ഹുറൂൺ റിച്ച് ഇന്ത്യ ലിസ്റ്റിൽ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളി‍ൽ അദാനിയുടെ സ്വത്തുക്കളിൽ‌ 95 ശതമാനം വർധനയുണ്ടായതായാണ് ഹുറൂൺ റിപ്പോർട്ട് പറയുന്നത്.
Verified by MonsterInsights