ധോണീ, നിങ്ങളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. നിങ്ങള്‍ വലിയൊരു ക്രിക്കറ്റ് താരമായിരിക്കാം. എങ്കിലും എന്റെ മകന്റെ കരിയര്‍ നിങ്ങള്‍ നശിപ്പിച്ചു. നാലോ അഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാന്‍ യുവരാജ് സിംഗിന് കഴിയുമായിരുന്നു. യുവരാജിനെപ്പോലൊരു മകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന് പകരക്കാരില്ലെന്ന് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാന്‍സറിനോട് പടപൊരുതി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിനല്‍കിയ യുവരാജിന് ഭാരത് രത്‌ന നല്‍കണം.’ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകളാണിത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ താരമാണ് യോഗ് രാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോഗ് രാജ് സിംഗിന് കഴിഞ്ഞില്ല. തനിക്ക് കഴിയാതെ പോയ നേട്ടങ്ങള്‍ യോഗ് രാജ് സ്വന്തം മകനിലൂടെ പൂര്‍ത്തിയാക്കി. എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ധ സെഞ്ചുറി എല്ലാം യുവരാജ് നല്‍കിയ സംഭാവനകളായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന ബൗളര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായ ഫീല്‍ഡിംഗ് പ്രകടനങ്ങളുമായി യുവരാജ് വിസ്മയപ്പെടുത്തി.
കളിക്കളത്തില്‍ യുവരാജ്-ധോണി കൂട്ടുകെട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശമായി. ധോണി നേടിയ രണ്ട് കിരീടങ്ങളില്‍ യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചു.
ഇന്ത്യന്‍ ടീമിലെ കൂട്ടുകാര്‍ പിരിഞ്ഞുതുടങ്ങിയത് 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. ക്യാന്‍സറിനെ ജയിച്ച് യുവരാജ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. പക്ഷേ, 2014 ടി20 ലോകകപ്പ് ഫൈനലിലെ മോശം ഫോമടക്കം ആയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി യുവിയുടെ കരിയര്‍ അവസാനിച്ചു. അതിനൊപ്പം യുവരാജിന്റെ കായികക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു.
യുവിയുടെ കരിയര്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം താനാണോ? യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ധോണി പലതവണ ഈ ചോദ്യം ചിന്തിച്ചിട്ടുണ്ടാവും.
2007ല്‍ നായകനായപ്പോള്‍ മുതല്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്. കായികക്ഷമതയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ടീമില്‍ നിന്ന് പുറത്തായ പലതാരങ്ങളും ധോണിയോട് ഭിന്നിച്ച് നിന്നു. അത് കാലങ്ങളോളം നീണ്ടുപോയ കഥയുമുണ്ട്. അതിലൊരേടായി യുവരാജ് സിങ്ങും. യുവിയും മുമ്പൊരു അഭിമുഖത്തിൽ ധോണി ഒരിക്കലും തന്റെ സുഹൃത്തായിരുന്നില്ലെന്ന് പറഞ്ഞത് കൂടി ചേർത്തുവായിക്കുമ്പോൾ യോഗ് രാജിന്റെ ആരോപണങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സ്വീകാര്യത ലഭിക്കാറുണ്ട്. ധോണിയും യുവ രാജും പക്ഷേ, ഒരിക്കലും യോഗ് രാജിന്റെ വാക്കുകൾ ഏറ്റെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.
ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയും യുവരാജും നല്‍കിയ സംഭാവനകള്‍ ഏതൊരു ആരാധകനും മറക്കാന്‍ കഴിയുന്നതല്ല.