അമ്പതിലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ(CDSCO).
ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ തുടങ്ങിയവയാണ് ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.
മാസംതോറും പുറത്തിറക്കുന്ന ഡ്രഗ് അലേർട്ട് ലിസ്റ്റിലാണ് അമ്പത്തിമൂന്നു മരുന്നുകൾ ഗുണനിലവാരം പുലർത്തുന്നില്ലെന്ന് രണ്ടെത്തിയത്.
വിറ്റാമിൻ സി, D3 മരുന്നായ IP Shelcal 500, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, അന്റാസിഡ് പാൻ-ഡി, കർണാടക ആന്റിബയോട്ടിക്സ്& ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കുന്ന പാരസെറ്റാമോൾ IP 500 mg ടാബ്ലറ്റ്, ആന്റി ഡയബറ്റിക് മരുന്നായ ഗ്ലിമെപിരൈഡ്, ലൈഫ് മാക്സ് കാൻസർ ലബോറട്ടറീസിന്റെ ഉയർന്ന രക്തസ്സമ്മർദത്തിന് നൽകുന്ന ടെൽമിസാർട്ടൻ IP 40 mg ടാബ്ലറ്റ്സ് തുടങ്ങിയ അമ്പത്തിമൂന്നോളം മരുന്നുകളാണ് ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.
വയറിലെ അണുബാധയ്ക്ക് നൽകിവരുന്ന മെട്രോനിഡസോൾ എന്ന മരുന്നും ഗുണമേൻമയുള്ളതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പി.എസ്.യു. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് ആണ് പ്രസ്തുത മരുന്ന് പുറത്തിറക്കിയത്.
ഹൈദരാബാദിൽ നിന്നുള്ള ഹെറ്റെറോ ഡ്രഗ്സിന്റെ കുട്ടികളിൽ ബാക്ടീരിയൽ അണുബാധയ്ക്ക് നൽകിവരുന്ന സെപോഡെം XP50 ഡ്രൈ സസ്പെൻഷൻ, കൊൽക്കത്തയിലെ ആൽകെം ഹെൽത്ത് സയൻസസ് പുറത്തിറക്കുന്ന ക്ലാവം 625 തുടങ്ങിയവും ഗുണമേന്മയുള്ളവയുടെ പട്ടികയിൽ ഇടംപിടിച്ചില്ല.
ഹെറ്റെറോ ഡ്രഗ്സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആന്റിബയോട്ടിക്സ്& ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെഗ്
ലൈഫ്സയൻസസ്, പ്യൂവർ& ക്യുവർ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികൾ നിർമിക്കുന്ന മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
അതേസമയം ഗുണമേന്മയില്ലെന്നു കണ്ടെത്തിയ മരുന്നുകൾ തങ്ങൾ നിർമിച്ചതല്ലെന്നും വ്യാജമായി തയ്യാറാക്കിയതാണെന്നും മരുന്നുനിർമാതാക്കൾ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 156-ഓളം ഫിക്സഡ് ഡ്രഗ് കോമ്പിനേഷനുകൾക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ആരോഗ്യത്തിന് അപകടകരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പനിമരുന്നുകളും വേദനാസംഹാരികളും അലർജി മരുന്നുകളും ഉൾപ്പെടെ വിലക്കിയത്