ഇന്ത്യയില്‍ 2022നും 2045നും ഇടയിൽ കാൻസർ രോഗികളുടെ എണ്ണം കൂടും; ഐസിഎംആർ പഠനറിപ്പോർട്ട്

കാൻസർ കേസുകളിലും അതുമൂലമുണ്ടാകുന്ന മരണത്തിലും 2022 നും 2045 നും ഇടയില്‍ ഇന്ത്യയിൽ വര്‍ദ്ധനവുണ്ടാകുമമെന്ന് പഠനങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങളില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രാജ്യങ്ങളിലെ കാന്‍സര്‍ കേസുകള്‍, മരണങ്ങള്‍, ജീവിത നിലവാരത്തിലെ മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനങ്ങള്‍ നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് – നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫൊര്‍മാറ്റിക്ക് ആന്റ് റിസര്‍ച്ചാണ് പഠനം നടത്തിയത്. 2020 നെ അപേക്ഷിച്ച് 2022 ല്‍ ഇന്ത്യയില്‍ കാൻസർ കേസുകളുടെ എണ്ണത്തില്‍ 12.8ശതമാനം വര്‍ദ്ധന ഉണ്ടായെന്നും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുരുഷന്മാരിലെ കാന്‍സര്‍
ഇന്ത്യയൊഴികെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വായിലും ചുണ്ടിലുമാണ് പുരുഷന്മാരില്‍ കൂടുതലായി കാന്‍സര്‍ കാണുന്നതെന്നാണ് റിപ്പോർട്ട്. വര്‍ദ്ധിച്ചുവരുന്ന പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമാണ് വായിലെ കാന്‍സറിന് കാരണം.
സ്ത്രീകളിലെ കാന്‍സര്‍

ചെന ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സ്ത്രീകളില്‍ കൂടുതലും കാണപ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സറാണ്. ലോകമെമ്പാടും പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്തനാര്‍ബുദ കേസുകളില്‍ 33.6ശതമാനവും, മരണങ്ങളില്‍ 36.9 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ രാജ്യങ്ങളൊക്കെയും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായതുകൊണ്ട് കാന്‍സര്‍ നിയന്ത്രണ പദ്ധതികളും മറ്റും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് കാൻസർ അപകട സാധ്യതകളും ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Verified by MonsterInsights