ലോകത്തെ ഏറ്റവും കഠിനമായ പരീക്ഷയേക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയയിലെ സുനെങ് ടെസ്റ്റ് ആണത്. കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് എന്നും ഈ പരീക്ഷ അറിയപ്പെടുന്നുണ്ട്. എട്ട് മണിക്കൂർ നീളുന്ന ഈ പരീക്ഷയിൽ കൊറിയൻ, മാത്തമാറ്റിക്സ്, ഇഗ്ലീഷ്, കൊറിയൻ ഹിസ്റ്ററി, സോഷ്യൽ സ്റ്റഡീസ് അല്ലെങ്കിൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷകൾ നടത്തുക. എല്ലാ വർഷവും നവംബറിൽ നടക്കുന്ന ഈ പരീക്ഷ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിന് വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണ് സുനെങ് ടെസ്റ്റിലേത്. ഓരോ വിഷയത്തിനും 80 മുതൽ 107 മിനിറ്റുവരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കും ശേഷം 20 മിനിറ്റാണ് വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണ് നൽകുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിങ് ടെസ്റ്റ് ആണ് ഇംഗ്ലീഷ് പരീക്ഷയിൽ പ്രധാനപ്പെട്ടത്. അവർ കേൾക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങൾ. ഉയർന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിർദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കണം. ആപ്പിൾ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങൾ, പുഴുങ്ങിയ മത്സം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാർഥികളോട് നിർദേശിക്കുന്നത്. പരീക്ഷാ ദിനങ്ങളിൽ ആരോഗ്യം നിലനിർത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങൾ വരാതിരിക്കാനുമാണ് വിദ്യാർഥികൾ ഈ ഭക്ഷണക്രമം പിന്തുടരുന്നത്. കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതിൽ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാർഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള പരിശീലനം നൽകുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്. പരീക്ഷാദിവസം വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്നത് വൈകാതിരിക്കാനും വലിയ മുൻകരുതലുകൾ ഉണ്ടാകാറുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികൾ സ്വീകരിക്കും. ഇതിനായി കമ്പനികളിലും മറ്റും വൈകിയാണ് ജോലികൾ ആരംഭിക്കുന്നത്. പരീക്ഷയുടെ പ്രാധാന്യം ഉൾക്കൊണ്ട് സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനം പോലും വൈകിയാണ് ആരംഭിക്കുന്നത്. ഇംഗ്ലീഷ് ലിസണിങ് ടെസ്റ്റിന്റെ സമയത്ത് വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫും പോലും തടയുന്നുണ്ടെന്നതാണ് ഇതിലെ കൗതുകകരമായ കാര്യം.
സുനേംങ് പരീക്ഷ കേവലം ഒരു അക്കാദമിക ചലഞ്ച് എന്നതിനപ്പുറം ഭാവി ജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്. തൊഴിൽ, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ സർവകലാശാല പ്ലേസ്മെന്റുകൾ, ഭാവിയിലേക്കുള്ള തൊഴിൽ സാധ്യതകൾ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിർണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാവുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്നത്.