സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസ കോഴ്സുകൾ നാലുവർഷബിരുദത്തിലേക്ക് മാറുന്നു. ദേശീയ വിദ്യാഭ്യാസനയം-2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ‘സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി’ (ഐ.ടി.ഇ.പി.) എന്നുപേരിട്ട പുതിയ കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങണമെന്നാണ് നിർദേശം. കോഴ്സിനു ചേരാൻ പൊതുപ്രവേശന പരീക്ഷ പാസാവണം.
12-ാം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ഇതിനുപുറമേ, ദേശീയ പൊതുപ്രവേശന പരീക്ഷയോ സംസ്ഥാനങ്ങളിലോ സർവകലാശാലകളിലോ ഏർപ്പെടുത്തിയിട്ടുള്ള പൊതുപ്രവേശന പരീക്ഷകളോ പാസാവണമെന്നാണ് നിബന്ധന.
അധ്യാപകവിദ്യാഭ്യാസത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ലെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥ. അധ്യാപകരാവാനുള്ള യോഗ്യത 2030 മുതൽ ഐ.ടി.ഇ.പി.യാക്കുമെന്ന് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.