വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു.
ബിൽ നൽകുമ്പോൾത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.
ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോൾ കെ.എസ്.ഇ.ബി. പ്രാമുഖ്യം നൽകുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കസ്റ്റമർ കെയർസെന്റർ തുടങ്ങും. പരാതികൾ പരിഹരിക്കാൻ പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ കോൾസെന്റർ സേവനം നൽകണമെന്നും ചെയർമാൻ പറഞ്ഞു.
മാസം 1750 കോടി ശരാശരി വരുമാനം ലഭിക്കുമ്പോൾ വൈദ്യുതി ബോർഡ് ചെലവിടേണ്ടിവരുന്നത് 1950 കോടി രൂപ. മാസംതോറും 200 കോടിയാണ് ബോർഡിന് അധികം കണ്ടെത്തേണ്ടിവരുന്നത്.
‘ഇങ്ങനെപോയാൽ കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യാവും’ എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ ബോർഡിന്റെ പ്രതിമാസവരുമാനം 150 കോടിയെന്ന് ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞതായി ചേർത്തിരുന്നത് പിശകാണ്.