സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6, 7, 8 തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
6ന് ജില്ലാപഞ്ചായത്ത്, 7ന് മുൻസിപ്പാലിറ്റി, 8ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും. ജില്ലാ കളക്ടറാണ് വരണാധികാരി.
ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും മറ്റു 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുൻസിപ്പാലിറ്റി കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്.
ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനും ചുമതലയുള്ള ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ രൂപീകരണം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വരണാധികാരികൾക്ക് നിർദ്ദേശം നൽകി.