ആറാം വയസിൽ വീട്ടുപണിക്കിറങ്ങിയ കുട്ടി, ബാലവേലകളിൽ നിന്നും ഇതുവരെ രക്ഷിച്ചത് 9000 കുട്ടികളെ

ആറാമത്തെ വയസിലാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള അനുരാധ ഭോസ്ലെ അമ്മയ്ക്കൊപ്പം വിവിധ വീടുകളില്‍ അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. വീട്ടിലെ അവസ്ഥ അതായിരുന്നു. അത്യാവശ്യം ഭക്ഷണം കഴിക്കാനുള്ള വക അമ്മയും അച്ഛനും സമ്പാദിച്ചുവെങ്കിലും മറ്റെന്തിനെങ്കിലുമുള്ള പണം കിട്ടിയിരുന്നില്ല. വീട്ടുജോലിക്ക് പോകുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകുന്നത് അവള്‍ വേദനയോടെ നോക്കിനിന്നു. ജീവിതം തന്നോട് മാത്രം എന്താണിങ്ങനെ എന്ന് അവളപ്പോള്‍ ചിന്തിച്ചിരുന്നു. 

 

ഒരിക്കല്‍ അവള്‍ ധൈര്യം സംഭരിച്ച് അവള്‍ക്കും സ്കൂളില്‍ പോകാനാശയുണ്ട് എന്ന് ആ വീട്ടുകാരനോട് പറഞ്ഞു. അദ്ദേഹം അവളെ പഠിപ്പിക്കാമെന്നും പഠനം സ്പോണ്‍സര്‍ ചെയ്യാമെന്നും സമ്മതിച്ചു. വിദ്യാഭ്യാസമാണ് അനുരാധയുടെ ജീവിതം മാറ്റിമറിച്ചത്. അതിന് പലരും അവളെ സഹായിച്ചിട്ടുണ്ട്. ഓരോ ക്ലാസിലും ഡിസ്റ്റിംഗ്ഷന്‍ വാങ്ങാനായി അവള്‍ കഠിനപ്രയത്നം തന്നെ നടത്തി. മകളുടെ പഠനത്തിലെ മിടുക്ക് കണ്ടപ്പോഴാണ് വിവാഹത്തിനും അപ്പുറം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലെന്തെങ്കിലും ചെയ്യാനുണ്ട് എന്ന് അവളുടെ അമ്മ തിരിച്ചറിയുന്നത് പോലും. 

sap1

1984 -ല്‍ അവളുടെ ബോര്‍ഡ് എക്സാം നടക്കുന്ന സമയം. ഫീസടക്കാനുള്ള 45 രൂപ നല്‍കുന്നത് ഒരു കര്‍ഷകനാണ്. അത്രയും വലിയ തുക തിരിച്ച് നല്‍കാനില്ലാതെ അവള്‍ പാടത്ത് പണിയെടുത്തു. ആറാം ദിവസം അവളുടെ അധ്വാനവും സമര്‍പ്പണവും തിരിച്ചറിഞ്ഞ കര്‍ഷകന്‍ മുഴുവന്‍ തുകയും നല്‍കി കരാര്‍ സമയം കഴിയുന്നതിന് മുമ്പ് തന്നെ പോവാനനുവദിച്ചു. 

സോഷ്യല്‍ വര്‍ക്കിലാണ് അവര്‍ ബിരുദാനന്തരബിരുദം നേടിയത്. 1990 -കളിൽ ബജാജ് ഓട്ടോ കമ്പനിയുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിൽ ജോലി ആരംഭിച്ചു. തുടർന്ന് വെരാല ഡവലപ്മെന്റ് സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ 24 വർഷമായി, ബാലവേല, സ്ത്രീ ശിശുഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെ പോരാടുന്ന അവാനി എന്ന എൻ‌ജി‌ഒയിൽ പ്രവർത്തിക്കുന്നു അനുരാധ.

കുട്ടികളെ ബാലവേലയില്‍ നിന്നും കടത്തില്‍ നിന്നും രക്ഷിക്കുന്നത് കൂടാതെ അവയ്ക്കെതിരെ അവബോധം വളര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. 1995 -ൽ ഒരു ഇഷ്ടികക്കളത്തിലായിരുന്നു അവളുടെ ആദ്യത്തെ രക്ഷാപ്രവർത്തനം. ഏഴിനും 15 -നും ഇടയിൽ പ്രായമുള്ള 11 കുട്ടികളെ അന്ന് രക്ഷപ്പെടുത്തി. കുട്ടികൾ ദിവസവും 12 മണിക്കൂർ ജോലി ചെയ്യുകയും തലയിൽ ഇഷ്ടികകൾ ചുമക്കുകയും ചെയ്യുകയായിരുന്നു അവിടെ. പിന്നീടും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളായായി. അനവധി കുട്ടികളെ രക്ഷപ്പെടുത്തി. അവരെ ഒന്നുകിൽ അവനിയുടെ അഭയകേന്ദ്രങ്ങളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്തോ എത്തിച്ചു. പലവീട്ടിലെയും ദാരിദ്ര്യം കാരണം കുഞ്ഞുങ്ങൾ വീണ്ടും പണിക്കിറങ്ങി. 

എന്നാൽ, ആ കുട്ടികളുടെ വിദ്യാഭ്യാസം കൂടി അവരുറപ്പാക്കി. പല കുട്ടികളും പഠിച്ച് വിവിധ ജോലികളിൽ പ്രവേശിച്ചു. ഇന്ന് ഈ മഹാമാരിയുടെ പുതുകാലത്ത് കുട്ടികൾക്ക് ഡിജിറ്റലായിട്ടുള്ള പഠനസൗകര്യം ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് അനുരാധ. 

Verified by MonsterInsights