ഓസ്കറിൽ ആദ്യ വോട്ട് രേഖപ്പെടുത്തി സൂര്യ

ഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്കാദമി അംഗം കൂടിയായ നടൻ സൂര്യ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഓസ്കർ അവാർ‍ഡിൽ വോട്ട് ചെയ്ത കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഓസ്കറിലെ സൂര്യയുടെ ആദ്യ വോട്ട് കൂടിയാണിത്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ അഭിനേതാവാണ് സൂര്യ.ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ഇത്തവണ ക്ഷണിച്ചിരുന്നു. സിനിമയുടെ വിവിധ മേഖലകളിൽ ഇവര്‍ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനെയും സുഷ്മിത് ഘോഷിനെയും ഈ ബഹുമതിക്ക് അർഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോൾഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽനിന്ന് ഓസ്‌കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാറുഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.

മാർച്ച് 13ന് ഇന്ത്യൻ സമയം പുലർച്ചെയാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

Verified by MonsterInsights