അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ

ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ബ്ലോക്കില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി സൗദി അറേബ്യ. സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സുരക്ഷ ബ്ലോക്കായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍.

എസ്സിഒയ്ക്ക് ഇറാന്‍ ഉള്‍പ്പെടെ നാല് നിരീക്ഷണ അംഗങ്ങളുണ്ട്. ചൈനീസ് തലസ്ഥാനമായ ബീജിങ് ആണ് എസ്സിഒയുടെ ആസ്ഥാനം. ചൈനയുടെ ഷാങ് മിങ് ആണ് സംഘടനയുടെ സെക്രട്ടറി ജനറല്‍. നിലവില്‍ സൗദിക്ക് സംഘടനയില്‍ അംഗത്വം ലഭിച്ചിട്ടില്ല. എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളുമായി സൗദി കൂടുതല്‍ അടുക്കുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സൗദിയും ഇറാനും തമ്മിലുള്ള നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ചൈനയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും ധാരണയായത്.

അതേസമയം, സൗദി അറേബ്യയുടെ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2021 ല്‍ 87.3 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി റോയിട്ടേഴ്സ് പറയുന്നു. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന, ഇരു രാജ്യങ്ങളും പരസ്പരം പെട്രോകെമിക്കല്‍ മേഖലകളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

വടക്കന്‍ ചൈനയിലെ പഞ്ചിനില്‍ സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ സ്ഥാപിക്കാന്‍ പോകുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതിന്റെ തെളിവാണ്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ചൈന 12 ഇന പദ്ധതി ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ സമര്‍പ്പിച്ചു.

Verified by MonsterInsights