അമേരിക്കയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ

ഹിജാബ് ധരിക്കുന്ന യുഎസിലെ ആദ്യത്തെ വനിതാ കോടതി ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് നാദിയ കഹ്ഫ്. സിറിയയിൽ ജനിച്ച നാദിയ യു എസിൽ പാസായിക് കൗണ്ടിയിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായാണ് അധികാരമേറ്റത്. കഴിഞ്ഞ വർഷം ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയാണ് അവരെ ഈ സ്ഥാനത്തേക്ക് നാമ നിർദ്ദേശം ചെയ്തത്. അതിനുശേഷം കഴിഞ്ഞവർഷം മെയിൽ മേയർമാർ, കൗൺസിൽ അംഗങ്ങൾ, സ്കൂൾ ബോർഡ് അംഗങ്ങൾ, ന്യൂജേഴ്‌സി മുസ്ലിം ലോയേഴ്‌സ് അസോസിയേഷന്റെ നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കൾ നാദിയയുടെ നോമിനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് സെനറ്റർ ക്രിസ്റ്റിൻ കൊറാഡോയ്ക്ക് കത്തും നൽകിയിരുന്നു. ഈ നാമനിർദ്ദേശത്തെ പിന്തുണച്ചു കൊണ്ട് 700 ൽ അധികം ആളുകൾ ഓൺലൈൻ പെറ്റീഷനിലും ഒപ്പുവച്ചിരുന്നു. എന്നാൽ നാദിയ കഹ്‌ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റിൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് നാദിയയെ നിയമിച്ചത്.

യുഎസിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് നാദിയ കഹ്ഫ് എങ്കിലും ന്യൂജേഴ്സിയിൽ ഹിജാബ് ധരിച്ച് ഒരു വനിത ഈ പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഖുർആനിൽ കൈവച്ചാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. “യുഎസിലെ ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ല” എന്ന് നാദിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞു. മാർച്ച് 21നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കുടുംബ നിയമത്തിൽ വൈദഗ്ദ്ധ്യം നേടിയ നാദിയ ഇമിഗ്രേഷൻ കേസുകളും മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്. 2003 മുതൽ, മുസ്ലീം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ബോർഡ് അംഗമായിരുന്നു ഇവർ . നിലവിൽ സംഘടനയുടെ ചെയർപേഴ്സൺ ആയാണ് നാദിയ പ്രവർത്തിക്കുന്നത്. യുഎസിലെ സാമൂഹിക രംഗത്തും ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് നാദിയ. രണ്ടു വയസുള്ളപ്പോഴാണ് നാദിയ കഹ്ഫ് സിറിയയിൽ നിന്ന് തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്.

Verified by MonsterInsights