നിങ്ങളുടെ തിളക്കമുള്ള ചര്‍മ്മത്തിന്റെ രഹസ്യം എന്താണെന്ന് ചോദിക്കേണ്ട താമസം സെലിബ്രിറ്റികളടക്കം എല്ലാവരും പറയും നന്നായി വെള്ളംകുടിക്കുന്നതുകൊണ്ടാണെന്ന്, അല്ലേ. ഡോക്ടര്‍മാരും മാതാപിതാക്കളുമെല്ലാം കുട്ടികളെയും വെളളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. വെള്ളംകുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ വെളളം കുടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. മദ്യലഹരി എന്നൊക്കെ പറയുന്നതുപോലെ ‘ജലലഹരി’ യും ഉണ്ട്.
എന്താണ് ജല ലഹരി
ഒരാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമായ അളവില്‍ വെളളം കുടിക്കുന്നതിനെയാണ് ‘ഹൈപ്പോനാട്രീമിയ’ അല്ലെങ്കില്‍ ജല ലഹരി എന്നുപറയുന്നത്. ഇങ്ങനെ അമിതമായി വെള്ളം കുടിക്കുമ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത നേര്‍ത്തുവരും. സോഡിയമാണ് കോശങ്ങളുടെ പുറമേനിന്നും ഉള്ളില്‍നിന്നുമുള്ള സാന്ദ്രത നിയന്ത്രിക്കുന്നത്. വൃക്കകള്‍ക്ക് അധികമായി ശരീരത്തിലെത്തുന്ന ജലം പുറംതളളാന്‍ കഴിയാതെ വരുമ്പോള്‍ അത് കോശങ്ങളിലേക്ക് ചെന്ന് കോശങ്ങള്‍ വീര്‍ത്തുവരികയാണ് ചെയ്യുന്നത്. മണിക്കൂറില്‍ 0.8 മുതല്‍ 1 ലിറ്റര്‍ വരെ മാത്രം വെള്ളമേ വൃക്കകള്‍ക്ക് വെള്ളം പുറംതള്ളാന്‍ കഴിയൂ.
വെള്ളത്തിന്റെ അളവ് കൂടിയാല്‍ സംഭവിക്കുന്ന അപകടം
കോശങ്ങളിലേക്ക് വെള്ളം അമിതമായി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന സെല്ലുലാര്‍ വീക്കം തലച്ചോറിലെയും മറ്റ് പല പ്രധാന അവയവങ്ങളിലെയും കോശങ്ങളെ ബാധിക്കും. തലയോട്ടിയിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ച് സെറിബ്രല്‍ എഡിമ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇതുമൂലം തലവേദന, ആശയക്കുഴപ്പം, അപസ്മാരം, കോമ തുടങ്ങി മരണം വരെയുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക
ഓക്കാനം ,ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവേദന, മലബന്ധം. കാര്യങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തുമ്പോള്‍ കോമയിലേക്ക് പോകാനുള്ള സാധ്യത കൂചുതലാണ്.
ഒരു ദിവസം എത്ര അളവില്‍ വെളളം കുടിക്കണം
കാലാവസ്ഥയും ശാരീരിക ആരോഗ്യവും അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടതെങ്കിലും വെള്ളം കുടിക്കേണ്ട അളവ് സാധാരണ ഗതിയില്‍ എങ്ങനെയാണെന്ന് നോക്കാം
പുരുഷന്മാര്‍- 3.7 ലിറ്റര്‍(125 ഔണ്‍സ്)വെള്ളം മറ്റ് പാനിയങ്ങള്‍ ഭക്ഷണത്തിലെ ജലം എന്നിവയുള്‍പ്പെടെ
സ്ത്രീകള്‍ -2.7ലിറ്റര്‍(91 ഔണ്‍സ്)
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും കൂടുതല്‍ ശാരീരിക അധ്വാനമുളള ജോലി ചെയ്യുന്നവരും ചൂടുള്ള കാലാവസ്ഥ ഉള്ളപ്പോഴും ദ്രാവകനഷ്ടം നികത്താന്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്.