ആണവോര്‍ജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന് (പിഎഫ്ബിആര്‍) ആണവ ഇന്ധനം നിറയ്ക്കാന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കി. ഇതിന് പിന്നാലെ നിയന്ത്രിത ചെയിന്‍ റിയാക്ഷന്‍ ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ
ആണവോര്‍ജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആര്‍ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ ദിനേഷ്കുമാര്‍ ശുക്ല പറഞ്ഞു.പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായി ഉപയോഗിക്കുന്നത് തോറിയം ആദ്യമായി ആണവോര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയില്‍ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്. പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാല്‍ അറ്റോമിക് പ്ലാന്റുകളിലാണ് അവ നിര്‍മിക്കുന്നത്. അതേസമയം ഇന്ത്യയില്‍ തോറിയത്തിന്റെ വലിയ ശേഖരമുണ്ട്.
അതിനാല്‍ തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്..തോറിയം ഇന്ധനമായി ഉപയോഗിക്കാനായാല്‍ രാജ്യത്തിന് ഊര്‍ജ്ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവുമെന്നും ഊര്‍ജത്തിന്റെ ‘അക്ഷയപാത്രം’ ആയിരിക്കും അതെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. ഇക്കാരണത്താലാണ് അളവറ്റ ഊര്‍ജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വര്‍ഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.