International Mother Language Day | അന്താരാഷ്ട്ര മാതൃഭാഷാ ദിനം: ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ ഗുണമെന്ത്?

എല്ലാ വര്‍ഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായാണ് ആചരിക്കുന്നത്. ലോകത്തിലെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും ബഹുഭാഷാവാദവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.

ഭാഷകള്‍ മണ്‍മറഞ്ഞ് പോകുന്നതില്‍ യുനെസ്‌കോ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോളതലത്തില്‍, ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് അവര്‍ സംസാരിക്കുന്നതോ മനസ്സിലാക്കുന്നതോ ആയ ഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പഠനത്തിലും വിദ്യാഭ്യാസത്തിലും, പൊതുജീവിതത്തിലും മാതൃഭാഷയുടെ വികസനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി ഈ ദിവസം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിക്കുകയായിരുന്നു.

സെന്‍സസ് ഡാറ്റ പ്രകാരം, ഇന്ത്യയില്‍ 19,500-ലധികം ഭാഷകളുണ്ട്. ഇന്ത്യയില്‍ 10,000-ത്തിലധികം ആളുകള്‍ സംസാരിക്കുന്ന 121-ലധികം ഭാഷകളുണ്ട്, ഇത് ദേശീയ തലത്തില്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, ബഹുഭാഷാവാദത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലോകത്തെ വിവിധ മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കുന്നത്. ഭാഷ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശവും ഇതോടൊപ്പമുണ്ട്.

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 2023-ലെ പ്രമേയം

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 24-ാമത് എഡിഷന്റെ പ്രമേയം ‘ബഹുഭാഷാ വിദ്യാഭ്യാസം – വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യാൻ അനിവാര്യം’ എന്നതാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ബഹുഭാഷാ വിദ്യാഭ്യാസത്തിലൂടെയും ബഹുഭാഷയിലൂടെയും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകരാജ്യങ്ങളിലെ ആളുകളെ ബോധവാന്മാരാക്കാനാണ് യുനെസ്‌കോ ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. 2022 ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രമേയം ‘ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും’ എന്നതായിരുന്നു. ഈ പ്രമേയത്തില്‍, ബഹുഭാഷാ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകളും പങ്കും ഉയര്‍ത്തുന്നതിനുള്ള കാര്യങ്ങളാണെന്ന് യുഎന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

വിദൂരപഠനത്തിന് സാങ്കേതികവിദ്യ എത്രത്തോളം അനിവാര്യമാണെന്ന് വിദ്യാഭ്യാസമേഖലയിലെ കോവിഡ്-19-ന്റെ അനുഭവങ്ങള്‍ എടുത്തുകാട്ടുന്നു. വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നും കഴിഞ്ഞ വർഷം യുഎന്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ പ്രമേയം കേന്ദ്രീകരിച്ച്, മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ പഠനം എങ്ങനെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്താമെന്നതിനുള്ള ശ്രമങ്ങളാകും നടത്തുക.

 
Verified by MonsterInsights