ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാലയും പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ലാബ് ടെസ്റ്റുകള്‍, അസൈന്‍മെന്റുകള്‍, പരീക്ഷകള്‍ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ചാറ്റ് ജിപിടി സേവനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ആര്‍.വി സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല ക്യാംപസിനുള്ളില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇവ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.
ചാറ്റ് ജിപിടിയെ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഗിറ്റ് ഹബ് കോ-പൈലറ്റ്, ബ്ലാക്ക് ബോക്‌സ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാറ്റ് ജിപിറ്റി ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധനമേര്‍പ്പെടുത്തിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.
ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ കഴിയുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. ന്യൂയോര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നിന്നും ചാറ്റ്ജിപിടി സംവിധാനത്തെ ഒഴിവാക്കാനാണ് തീരുമാനമായത്. കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ചാറ്റ്ജിപിടി ചാറ്റ് ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ എല്ലാ പബ്ലിക് സ്‌കൂളിലും ഈ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എത്രയും വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം ചാറ്റ് ജിപിറ്റിയ്ക്കുണ്ട്. എന്നാല്‍ ഇത് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കാന്‍ കാരണമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. എന്നാല്‍ ചില വിദ്യാഭ്യാസ വിദഗ്ധര്‍ എഐ സംവിധാനത്തെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത്. ഒരു ഭീഷണി എന്നതിലുപരി എഐ സാങ്കേതിക വിദ്യ ഒരു ക്ലാസ്സ് റൂമിന് ലഭിച്ച മികച്ച സേവനമായാണ് ചിലര്‍ കാണുന്നത്.
ഈ എഐ ഉപകരണം വിദ്യാർത്ഥികൾക്ക് മാത്രമല്ല, എഴുത്തുകാർ, എഞ്ചിനീയർമാർ, കോഡർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് AI ഉപകരണങ്ങളിൽ നിന്ന് ChatGPTയെ വ്യത്യസ്തമാക്കുന്നത് ഇതിന് ഫോളോ-അപ്പ് ചോദ്യങ്ങൾക്കും മറുപടി നൽകാൻ കഴിയും എന്നതാണ്. ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യാനും ഒന്നിലധികം ഭാഷകളിൽ വാചകങ്ങൾ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം.