ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനായി ചരിത്രം കുറിയ്ക്കാൻ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി

അബുദാബി: ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ യുഎഇ സ്വദേശി സുല്‍ത്താന്‍ അല്‍ നെയാദി. ഏപ്രില്‍ 28നാണ് നെയാദിയുടെ യാത്ര.

ഏപ്രില്‍ 28ന് ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നടത്തം നടത്തുമെന്ന് ‘ ദുബായ് കീരിടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു.

കൂടാതെ ബഹിരാകാശ നടത്തത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌പേസ് സ്യൂട്ട് നെയ്ദി പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ബഹിരാകാശ യാത്രികര്‍ നടക്കുന്ന ചിത്രവും അതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവനോടൊപ്പം ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് നെയാദി ട്വീറ്റ് ചെയ്തു.

ആ ചരിത്ര മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ജോണ്‍സണ്‍ സ്‌പേസ് സെന്ററിലായി ഇതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു ഞാന്‍. പ്രതീക്ഷയോടെ കാത്തിരിക്കുന്നു,’ നെയാദി ട്വീറ്റ് ചെയ്തു.

ഈ ഉദ്യമം വിജയകരമായാല്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന് പുറത്ത് ബഹിരാകാശ നടത്തം നടത്തുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും.

വളരെ കഠിനമായ തെരഞ്ഞെടുപ്പിലൂടെയാണ് ബഹിരാകാശ നടത്തത്തിനായുള്ള വ്യക്തികളെ തെരഞ്ഞെടുത്തത്. അവരുടെ കഴിവുകള്‍ , അനുഭവം , കഠിനമായ ബഹിരാകാശ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് എന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിനെ  ഉദ്ധരിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ശാരീരിക വഴക്കം, മാനസിക ക്ഷമത എന്നിവയ്ക്ക് പുറമെ എഞ്ചീനിയറിംഗ് , റോബോട്ടിക്‌സ്, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ മേഖലകളിലെ യാത്രികരുടെ കഴിവും തെരഞ്ഞെടുപ്പിനിടെ പരിശോധിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹിരാകാശ നടത്തങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനെ എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി എന്നും അറിയപ്പെടുന്നു.

വ്യത്യസ്തമായ ടാസ്‌കുകള്‍ ചെയ്യാന്‍ ബഹിരാകാശ സഞ്ചാരികളെ ഈ മിഷന്‍ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ അടിസ്ഥാന സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പുതിയ ടെക്‌നോളജിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുക, എന്നിവ ബഹിരാകാശ നടത്തത്തിനിടെ ചെയ്യാവുന്നതാണ്.

കൂടാതെ ആഗോളതലത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കാനാകും. വിവിധ രാജ്യങ്ങളെ ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നടത്തത്തിനായി എത്തുന്നതും സഹകരണവും അറിവും വര്‍ധിപ്പിക്കുന്നതാണ്. ഏകദേശം 6.5 മണിക്കൂര്‍ ആണ് ഈ രണ്ട് യാത്രികര്‍ക്കും ലഭിക്കുക. ഇത് സ്‌പേസിന്റെ പരിസ്ഥിതി മനസ്സിലാക്കാന്‍ ഇരുവര്‍ക്കും തുല്യ അവസരം നല്‍കുന്നതാണ്.

Verified by MonsterInsights