ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍.

പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ്  ബലിപെരുന്നാള്‍. രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത് തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് സ്നേഹാശംകള്‍ കൈമാറിയാണ് വിശ്വാസികള്‍  വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധുജനങ്ങളുടെ ഒത്തുചേരലുകളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്ന് അദ്ദേഹം ആശംസ കുറിപ്പില്‍ പറഞ്ഞു. ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 


Verified by MonsterInsights