Blog

കെ.എസ്.ആര്‍.ടി.സി.യില്‍ ജനുവരിമുതല്‍ ഒന്നാംതീയതി ശമ്പളം.

കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതൽ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ.

ബാങ്ക് കൺസോർഷ്യത്തിൽനിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉൾപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആർ.ടി സി.ക്ക് വായ്പ നൽകും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നൽകും.

ശമ്പളം കൃത്യമായി നൽകിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നൽകുന്ന 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതർ, ബാങ്ക് കൺസോർഷ്യം പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

എസ്.ബി.ഐ., പി.എൻ.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉൾപ്പെട്ട ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷനും മുദ്രപ്പത്രചെലവുകൾക്കായി 9.62 കോടി രൂപ സർക്കാർ ഒഴിവാക്കിനൽകിയിരുന്നു. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാർഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാൽ ഡിസംബർ രണ്ടാംവാരംതന്നെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്ക് ഉൾപ്പെടും.

ശബരിമല സീസൺ അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാൽ ഭരണകക്ഷി യൂണിയനുകൾ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഹിതപരിശോധനയിൽ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.

പഠിതാക്കളെ ഇതിലേ ഇതിലേ..; ISRO-യുടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്; വേഗം അപേക്ഷിച്ചോളൂ.

വിദ്യാർത്ഥികൾക്ക് സൗജന്യ ഏകദിന കോഴ്സ് നൽകാനൊരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഏകദിന കോഴ്സ് നൽകുന്നത്. ഇത് തീർത്തും സൗജന്യമാണ്. ഇ-സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ തുടങ്ങി ആർക്കും കോഴ്സിന് ചേരാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിംഗ് പാരിസ്ഥിതിക ഗവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകാൻ ഇസ്രോ തീരുമാനിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) ഔട്ട്റീച്ച് ഫെസിലിറ്റി വഴി നടത്തുന്ന ഐഎസ്ആർഒയുടെ പ്രോഗ്രാമാണിത്.

സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പഠിപ്പിച്ചുനൽകുക. ഡീപ് ലേഡിംഗിന്റെ പ്രായോഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.

ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ​ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.

ഒരു ‘മിന്നൽ’ കഥ സൊല്ലട്ടുമാ; അമൃത എക്സ്പ്രസിനെ തോൽപ്പിച്ച കെഎസ്ആർടിസിയുടെ ‘പടക്കുതിര’.

തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ്’, ഇത് വെറുമൊരു പരസ്യവാചകമല്ലെന്ന് തെളിയിച്ച KSRTCയുടെ പടക്കുതിരയാണ് ‘മിന്നൽ’. ആനവണ്ടി പ്രേമികൾക്കിടയിൽ ഒരു പ്രത്യേക ഫാൻ ബേസുള്ള സർവീസാണ് മിന്നൽ. 2017ൽ സർവീസ് ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് മിന്നൽ ജനപ്രിയമായതും KSRTCയുടെ നട്ടെല്ലായി മാറിയതും. മിന്നലിന്റെ ചില അറിയപ്പെടാത്ത കഥകളിലൂടെ നമുക്കൊരു ‘മിന്നൽ’ സഞ്ചാരം ആയാലോ.

മിന്നലിന്റെ ചരിത്രം ചികയുമ്പോൾ സിൽവർ ലൈൻ ജെറ്റ് സർവീസിനെ കുറിച്ച് കൂടി പറയേണ്ടി വരും. കാരണം ഈ സർവീസിന്റെ പതനത്തിൽ നിന്നുമാണ് മിന്നലിന്റെ കഥ ആരംഭിക്കുന്നത്. 2015ലാണ് കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സ്റ്റോപ്പുകൾ പരമാവധി കുറച്ച് സിൽവർ ലൈൻ ജെറ്റ് സർവീസിന് തുടക്കമിടുന്നത്. തുടക്കത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന ഓമനപ്പേരും ചാർത്തി. കാലക്രമേണ സ്റ്റോപ്പുകൾ വർദ്ധിപ്പിക്കുകയും ബസ് ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്തതോടെ യാത്രക്കാർ കയ്യൊഴിഞ്ഞു. ഇതോടെ മാനേജ്‌മെന്റും സിൽവർ ലൈൻ ജെറ്റ് സർവീസ് പൂർണമായും ഉപേക്ഷിച്ചു. ഈ പോരായ്മകൾ പരിഹരിച്ചാണ് മിന്നൽ സർവീസിന് തുടക്കം കുറിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ 2017 ജൂൺ 28നാണ് മിന്നൽ സർവീസ് ആരംഭിക്കുന്നത്. അന്നത്തെ KSRTC മാനേജിങ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തിന്റെ ആശയമായിരുന്നു പിന്നീട് മിന്നൽ എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടത്. അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ ചുമതല വഹിച്ചിരുന്ന ജി അനിൽകുമാറിന്റെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. സ്റ്റോപ്പുകൾ പരിമിതപ്പെടുത്തി രാത്രി മാത്രം സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ക്ലാസ് ഗണത്തിൽപ്പെട്ട അതിവേഗ സർവീസുകൾ ആരംഭിക്കണമെന്നായിരുന്നു എം ജി രാജമാണിക്യത്തിന്റെ നിർദേശം.

ലൈറ്റനിംഗ് എക്സ്പ്രസ് എന്ന പേരിൽ സർവീസ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ എം ജി രാജമാണിക്യത്തിന്റെ നിർദേശപ്രകാരം സർവീസിന് ‘മിന്നൽ’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. നാം ഇന്ന് കാണുന്ന മിന്നലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു മിന്നൽ ബസിന്റെ ആദ്യ രൂപകൽപ്പന. നീല നിറത്തിലുള്ള ലിവറി ഉപയോഗിച്ചായിരുന്നു ബസ് ഡിസൈൻ ചെയ്തിരുന്നത്. പിന്നീട് KSRTC സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ആർട്ട് ഡിസൈനറായ എ കെ ഷിനു ആണ് നാം ഇന്ന് കാണുന്ന രീതിയിൽ മിന്നൽ ബസിന്റെ ഡിസൈൻ പരിഷ്‌ക്കരിച്ചത്.

കുറവ് സ്റ്റോപ്പുകൾ, സമയകൃത്യത പാലിക്കൽ എന്നീ സവിശേഷതകൾ തന്നെയാണ് മിന്നലിനെ ചുരുങ്ങിയ നാളുകൾ കൊണ്ട് ജനപ്രിയമാക്കിയത്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് മിന്നലിന് സ്റ്റോപ്പ്. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും രാത്രി സമയങ്ങളിൽ പൊതുവേ ഗതാഗതക്കുരുക്ക് കുറവായതിനാലും ട്രെയിനുകളെക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം ഏറ്റെടുക്കാനുള്ള പ്രധാനകാരണങ്ങൾ.

തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ് എന്ന പരസ്യവാചകം വെറുതെയല്ലെന്നും KSRTC മിന്നലിലൂടെ തെളിയിച്ചു. റണ്ണിംഗ് ടൈമിൽ അമൃത എക്സ്പ്രസ് ട്രെയിനിനെയാണ് തിരുവനന്തപുരം-പാലക്കാട് മിന്നൽ സർവീസ് മലർത്തിയടിച്ചത്. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മിന്നൽ പുലർച്ചെ 4ന് പാലക്കാട് എത്തും. ഇതേ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന അമൃത എക്സ്പ്രസ് ആകട്ടെ രാത്രി 8.30ന് പുറപ്പെട്ട് പുലർച്ചെ നാലിനാണ് പാലക്കാട് എത്തുന്നത്.

നിലവിലുള്ളവയ്ക്ക് പുറമേ പുതിയ മിന്നൽ സർവീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്. കാലപ്പഴക്കം കാരണം മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെയാണ് മിന്നൽ ബസുകൾ നവീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന നിലയില്ലാ കയത്തിൽ നിന്നും കെഎസ്ആർടിസിയെ കരകയറ്റാൻ മിന്നൽ വഹിച്ച പങ്ക് ചെറുതല്ലെന്ന് നിസംശയം പറയാം.

പത്താം ക്ലാസുണ്ടോ? കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; കെ-ബിപ് ഓഫീസ് അറ്റന്‍ഡര്‍ ജോലി.

കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന് കീഴില്‍ ഒഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (K-BIP) ലേക്കാണ് ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നത്. ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കെ-ബിപില്‍ ഓഫീസ് അറ്റന്‍ഡന്റ്. രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനം. 

കാറ്റഗറി നമ്പര്‍: 071/2024

യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇന്ത്യന്‍ പൗരനായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം. 

പ്രായപരിധി

18 മുതല്‍ 35 വയസിനടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 

ശമ്പളം 

ജോലി ലഭിച്ചാല്‍ 23,000 രൂപയ്ക്കും 50,200 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

200 രൂപയാണ് അപേക്ഷ ഫീസായി അടക്കേണ്ടത്. എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ 50 രൂപ അടച്ചാല്‍ മതി. 

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് മദ്യവ്യവസായികള്‍.

നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ മദ്യവ്യാപാരികളുടെ ആവശ്യങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സമരം കാരണം കര്‍ണാടക സര്‍ക്കാരിന് 120 കോടി രൂപയുടെ നഷ്ടാണ് ഉണ്ടാകുകയെന്ന് അസോസിയേഷന്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവില്‍പ്പനക്കാര്‍ക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയും വര്‍ദ്ധിച്ചുവെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. എക്‌സൈസ് വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്സൈസ്, പൊലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു. എക്‌സൈസ് വകുപ്പിനെ ധനകാര്യ വകുപ്പില്‍ ലയിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ എക്‌സൈസിലെ 700 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് അടുത്തിടെ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ ആരോപണം പുറത്ത് വന്നതില്‍ അസോസിയേഷന് പങ്കില്ലെന്നാണ് മദ്യവ്യാപാരികള്‍ പറയുന്നത്. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയതെന്നും വ്യാപാരികള്‍ പറയുന്നു. അനധികൃത മദ്യവില്‍പ്പന നിയന്ത്രിക്കാന്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും 2005-ല്‍ ഭേദഗതി ചെയ്ത അബ്കാരി നിയമത്തിലെ 29-ാം വകുപ്പ് പുനപരിശോധിച്ച് ഭേദഗതി വരുത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്; കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകേണ്ട.

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് പുതിയ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായയാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.

കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം.

24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെൻറ് വഴി അടയ്ക്കാം.

സ്വർണവിലയിൽ വീണ്ടും വർധനവ്; രണ്ട് ദിവസംകൊണ്ട് കൂടിയത് 1040 രൂപ.

സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും വർധനവ്. ഇന്ന് പവന് 560 രൂപ വർധിച്ച് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു വില. ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി.

നവംബർ 17ന് 55,480 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസംകൊണ്ട് 1040 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3120 രൂപ കുറവിലാണ് നിലവിലെ വില.

തലസ്ഥാനത്തടക്കം മൂന്ന് ജില്ലകളിൽ മഴ കനക്കും, വരുന്നത് ഇടിമിന്നലോടുകൂടിയ കനത്ത മഴ.

ഇന്നുമുതൽ നവംബ‌ർ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5  മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

അതേസമയം, കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാൽ ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നി‌ർദേശം നൽകി. 

ഇടിമിന്നൽ ജാഗ്രതാ നിർദേശം

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. 
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. 
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. 
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. 
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. 
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. 
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. 

കേരളത്തിലേക്ക് വരുന്നു എട്ടിനു പകരം 20 കോച്ചുള്ള വന്ദേഭാരത്.

കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാര്‍ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.

നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പന്‍സിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി. 

വെള്ളയും നീലയും ഒഴിവാക്കി

വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി. ഇപ്പോള്‍ ഓറഞ്ച്, ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തിലാണ് ഇറക്കുന്നത്. വെള്ളനിറത്തിലുള്ള പല വണ്ടികളിലും മഞ്ഞനിറം പടര്‍ന്നിരുന്നു. വിവിധ സോണലുകള്‍ അത് പരാതിയായി അറിയിച്ചതിനെത്തുടര്‍ന്നാണ് ഐ.സി.എഫ്. റെയില്‍വേ അനുമതിയോടെ നിറംമാറ്റിയത്.

മഴ കുറവ്, ചൂടു കൂടുതലും; തുലാവർഷം ദുർബലം.

തുലാവർഷം ഒരുമാസം പിന്നിടുമ്പോൾ മഴ കിട്ടിയത് സാധാരണയെക്കാൾ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ചമുതൽ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

തുലാവർഷത്തിൽ കേരളത്തിൽ ശരാശരി 492 മി.മീ. മഴയാണ് കിട്ടാറുള്ളത്. ആദ്യമാസത്തിലാണ് ഇതിലേറെയും കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാന ശരാശരിയിൽ 18 ശതമാനം കുറവു മഴയേ കിട്ടിയിട്ടുള്ളൂ. അതു തന്നെ, ഒറ്റെപ്പട്ട ഇടങ്ങളിൽ തീവ്രമഴയായി പെയ്ത് കുത്തിയൊലിച്ചു പോയി.

മലപ്പുറംജില്ലയിലെ നിലമ്പൂർ, പാലക്കാട് അട്ടപ്പാടി മേഖല, കൊല്ലം ജില്ലയിലെ മലയോരമേഖല തുടങ്ങി ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചു ദിവസമെങ്കിലും തുടർച്ചയായി മഴ ലഭിച്ചത്. അരമണിക്കൂറിൽ 50 മി.മീ. വരെയൊക്കെ മഴയാണ് നിലമ്പൂരിലും അട്ടപ്പാടിയിലും പല ദിവസങ്ങളിലും പെയ്തത്. ഇങ്ങനെ തീവ്രമഴ പെയ്യുന്നതു കൊണ്ടാണ് ആകെ ശരാശരിയിൽ ഇത്രയെങ്കിലും ഉണ്ടാകുന്നത്. സംസ്ഥാനത്ത് പൊതുവിൽ നോക്കുമ്പോൾ പലയിടങ്ങളിലും മഴ വളരെ കുറവായിരുന്നു.

ഇനിയുള്ള ദിവസങ്ങളിൽ തെക്കൻജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിക്കുന്നതല്ലാതെ വ്യാപക മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ല. 23-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്റെ ഗതി എന്തായിരിക്കുമെന്നു പറയാനാവില്ല. ഡിസംബർ പകുതിയാകുന്നതോടെ തണുപ്പു തുടങ്ങുകയും തുലാവർഷം കൂടുതൽ ദുർബലമാവുകയും ചെയ്യും.

Verified by MonsterInsights