Blog

രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം കൂടി സൃഷ്ടിക്കും, രോഹിതും സംഘവും പ്രചോദനം: ഹര്‍മന്‍പ്രീത്

ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി പ്രധാനമായും തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.

ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത് ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.

 

2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന  ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടവും നടക്കും.

പാലിയേറ്റീവ് കെയർ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യസർവകലാശാല.

പാലിയേറ്റീവ്കെയർചികിത്സകേരളത്തിൽഎം.ബി.ബി.എസ്.പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻആരോഗ്യസർവകലാശാല സജ്ജമാകുന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി.20 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് ശേഷമുള്ള നേരിട്ടുള്ള പരിശീലനം.ആരോഗ്യ സർവകലാശാലയിൽ തുടങ്ങി.






അടുത്ത അധ്യയനവർഷം മുതൽ പാലിയേറ്റീവ് കെയർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമം.ഇതുവഴി ഭാവി ഡോക്ടർമാരെ സാന്ത്വന ചികിത്സയിൽ കൂടി പ്രാപ്തരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഭാവി ഡോക്ടർമാരിൽ സാന്ത്വന ചികിത്സയെക്കുറിച്ചുള്ള അവബോധവും പ്രവൃത്തിപരിചയവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.





ഡോ. എം.ആർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന പരിശീലനം രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഡോ. എം.എസ്. സുനിൽകുമാർ, ഡോ. വി.വി. ഉണ്ണികൃഷ്ണൻ, ഡോ. ആർ. സജിത്ത് കുമാർ,ഡോ. ഗീത ഗോവിന്ദരാജ്, ഡോ. കെ.എസ്. ഷാജി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.




രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർഷിപ്പ്; നാല് വർഷത്തനുള്ളിൽ മനുഷ്യരെ എത്തിക്കും; മസ്‌കിന്റെ പദ്ധതി

രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർ ഷിപ്പ് വിക്ഷേപിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. എർത്ത്-മാർസ് വിൻഡോ തുറക്കുമ്പോഴായിരിക്കും ആദ്യ സ്റ്റാർഷിപ്പ് ദൗത്യം ചൊവ്വയിലേക്ക് വിക്ഷേപിക്കന്നത്. എർത്ത്-മാർസ് വിൻഡോ സമയത്ത് ഏറ്റവും കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിച്ച് പേടകം വിക്ഷേപിക്കാൻ കഴിയും. നാല് വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്.

സ്റ്റാർഷിപ്പിന്റെ കഴിവ് പരിശോധിക്കാനാണ് ആദ്യ ദൗത്യം. ഇത് വിജയിച്ചാൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആരംഭിക്കും. ചൊവ്വയിൽ മനുഷ്യരുടെ കോളനി നിർമ്മിക്കുമെന്നതാണ് ലക്ഷ്യമെന്ന് മുൻപ് മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ചൊവ്വയിൽ സുസ്ഥിരമായ നഗരം സ്ഥാപിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഏറ്റവും ശക്തിയേറിയ റോക്കാറ്റാണ് സ്റ്റാർഷിപ്പ്. മനുഷ്യരെയും അവർക്ക് വേണ്ട സാധനങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് എത്തിക്കാനാണ് സ്റ്റാർഷിപ്പ് നിർമ്മിച്ചത്.

സ്പേസ് എക്‌സിന് ചൊവ്വയിൽ ഇറങ്ങാൻ കഴിഞ്ഞാൽ, “ഏകദേശം 20 വർഷത്തിനുള്ളിൽ ഒരു സ്വയം-സുസ്ഥിര നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ നിന്ന് ഫ്ലൈറ്റ് നിരക്ക് ഗണ്യമായി വർദ്ധിക്കും” എന്ന് മസ്‌ക് അവകാശപ്പെടുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്റ്റാർഷിപ്പിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

സൂപ്പർ ഹെവി എന്ന് വിളിക്കപ്പെടുന്ന ഒരു ഒന്നാം ഘട്ട ബൂസ്റ്ററും സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന 165 അടി (50 മീറ്റർ) ഉയരമുള്ള ഒരു മുകൾ-ഘട്ട ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് സ്റ്റാർഷിപ്പ്. 400 അടി ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണം അടുത്തിടെ നടത്തിയിരുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ കൂടി ഉൾപ്പെടുത്തിയായിരുന്നു വിക്ഷേപണം നടത്തിയിരുന്നത്.

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ

സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന കെർവൻസ് ബെൽഫോർട്ടാണ് പ്രധാന സ്‌ട്രൈക്കർ. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.

മറുവശത്ത് തിരുവന്തന്തപുരം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ ആറ് താരങ്ങളും ബ്രസീലിൽ നിന്നുള്ളവരാണ്. ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശൂർ മാജിക്ക് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്‌സിയും നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്‌സി കൊച്ചിയും തമ്മിൽ നടന്ന സൂപ്പർ ലീഗിലെ പ്രഥമ മത്സരത്തിൽ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

 

ആഫ്രിക്കയെ ഭയപ്പെടുത്തുന്ന എം പോക്സ് ഇന്ത്യയിലും; വസൂരിക്ക് സമാനമായ വൈറസിനെകുറിച്ച് അറിയേണ്ടത്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിവേഗത്തില്‍ പടർന്ന് പിടിക്കുന്ന എംപോക്‌സ് (Mpox) ഇന്ത്യയിലും സ്ഥിരീകരിച്ചു. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് (Mpox) അതിവേഗത്തില്‍ പടർന്ന് പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2024 ഓഗസ്റ്റ് 14 ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പോലെയല്ല എംപോക്‌സ് എന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ റീജിയണല്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കിയിരുന്നു.

 

എന്താണ് എം പോക്സ്

വർഷങ്ങളായി ഒരു ജന്തുജന്യ രോഗം മാത്രമായിരുന്നു എംപോക്‌സ്. ഈ രോഗത്തിന് കാരണമാകുന്നത് വസൂരി വൈറസിന്റെ കുടുംബത്തില്‍ പെട്ട മങ്കി പോക്‌സ് വൈറസാണ്. ഇതൊരു ഡിഎന്‍എ വൈറസാണ്. ഇത് വസൂരിക്ക് സമാനമായ അസുഖമാണെന്നാണ് കണ്ടെത്തല്‍. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്‌സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്. ഇതിന്റെ സ്വാഭാവിക ഉറവിടത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എലികളെപ്പോലുള്ള കരണ്ടു തീനികളിലും, ആൾക്കുരങ്ങ് പോലുള്ള പ്രൈമേറ്റുകളിലുമാണ് രോഗം മുഖ്യമായും കാണുന്നത്. ഇവയില്‍ നിന്നാണ് മനുഷ്യനിലേക്ക് എംപോക്സ് പടരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. എന്നാൽ ഇന്ന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടർന്നു കൊണ്ടിരിക്കുന്നു.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.1958-ല്‍, ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ ഈ അസുഖം കണ്ടെത്തിയത്. 1970-ല്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് രോഗം കണ്ടെത്തിയത്. 2022-ല്‍ ലോകമെമ്പാടും എംപോക്‌സ് പടര്‍ന്നു പിടിച്ചു.

രോഗങ്ങളുടെ പേര് നല്‍കുന്നതിനുള്ള ആധുനിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന 2022-ല്‍ രോഗത്തിൻ്റെ പേര് മങ്കി പോക്‌സില്‍ നിന്ന് എംപോക്‌സ് എന്നാക്കി മാറ്റി. രോഗത്തിന് കാരണമാകുന്ന വൈറസിന്റെ പേര് ഇപ്പോഴും മങ്കി പോക്‌സ് വൈറസ് എന്നാണ് പറയുന്നത് .വര്‍ഷങ്ങളായി എംപോക്‌സ് ആഫ്രിക്കയില്‍ പടരുന്നുണ്ട്. എന്നാല്‍ ആഗോള സമൂഹം ഇതിനെ ആഫ്രിക്കയുടെ മാത്രം പ്രശ്‌നമായി കണ്ടു. അതിനാല്‍ രോഗനിരീക്ഷണത്തിനും, നിര്‍ണയത്തിനും, ചികത്സയ്ക്കുമുള്ള ഗവേഷണ ഫണ്ടുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ചില്ല. ഇത് ആഫ്രിക്കയ്ക്കുള്ളിലും പുറത്തും രോഗം വ്യാപകമാകുന്നതിന് കാരണമായി. 2022-ല്‍ ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ എംപോക്‌സ് പടര്‍ന്ന് പിടിച്ചപ്പോള്‍ മാത്രമാണ് രോഗവ്യാപനത്തിന്റെ ഗൗരവം ലോകത്തിന് മനസിലായത്.

കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ പെരുപ്പവും, വര്‍ദ്ധിച്ച അന്തരാഷ്ട്ര വാണിജ്യ ബന്ധങ്ങളും, അന്താരാഷ്ട്ര യാത്രകളും, അമിതമായ വനനശീകരണവും, സാംക്രമിക രോഗങ്ങളുടെ, പ്രത്യേകച്ച് ജന്തുജന്യ രോഗങ്ങളുടെ ആവിര്‍ഭാവത്തിനും, പുനര്‍ആവിര്‍ഭാവത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളെ നേരിടാനും നിര്‍മാര്‍ജനം ചെയ്യാനും കൂട്ടായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണെന്ന് നിലവിലെ അവസ്ഥ ആവശ്യപ്പെടുന്നു.

 

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. ഈ മാസം 18 മുതല്‍ അടുത്തമാസം 8 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി. ജനങ്ങളെ വലയ്ക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24വരെ തിരുവനന്തപുരം ജില്ലയിലായായിരിക്കും ആദ്യം മസ്റ്ററിങ് നടക്കുക. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക.

എറണാകുളം ഡിഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം; സർവീസ് റൂൾ മറികടന്ന് ബന്ധുകൾക്ക് പ്രമോഷൻ നൽകി

എറണാകുളം ഡി ഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം. പിഎസ്‌സി വഴി ജോലി നേടിയവരെ പരിഗണിക്കാതെ ആണ് സ്ഥാനക്കയറ്റം. ഹയർസെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ ജീവനക്കാർക്കാണ് പ്രൊമോഷൻ നൽകിയത്. സീനിയോരിറ്റിയുള്ളവരെ ഉള്ളവരെ മറികടന്നാണ് സ്ഥാനക്കയറ്റം. സർവീസ് റൂൾ മറികടന്നാണ് ബന്ധുകൾക്ക് പ്രമോഷൻ നൽകിയിരിക്കുന്നത്.

 

അതേസമയം നടപടി തിരുത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും നടപ്പായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗവണ്മെന്റ് ക്ലാസ്സ്‌ 4 എംപ്ലോയീസ് യൂണിയൻ. തെറ്റായ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ല. സിപിഐഎം നേതാവിന്റെ ബന്ധു ആണ് കണ്ടീജന്റ് ജീവനക്കാർക്ക് ചട്ടം മറികടന്നു പ്രമോഷൻ നൽകിയത്.

കണക്റ്റിവിറ്റിയിൽ കൂടുതൽ കൃത്യത, ബാറ്ററി ചാർജ്ജ് ലാഭിക്കാം; പുതിയ ഫീച്ചറുകളുമായി ബ്ലൂടൂത്ത് 6.0

ഏറെ സവിശേഷതകളോടെ ബ്ലൂടൂത്ത് 6.0 പുറത്തിറങ്ങുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വയർലെസ് കണക്റ്റിവിറ്റിയുടെ നിലവാരം ഉയർ‌ത്തുന്ന ഏറ്റവും പ്രധാന അപ്‌ഡേറ്റ് എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ച ആദ്യമാണ് പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ബ്ലൂടൂത്ത് സ്പെഷ്യൽ ഇൻ്ററസ്റ്റ് ഗ്രൂപ്പ് (SIG) പങ്കുവെച്ചത്. വരാനിരിക്കുന്ന ബ്ലൂടൂത്ത് 6.0ന് രണ്ട് ഉപകരണങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ കൃത്യമായി അളക്കാൻ കഴിയും. ഡിജിറ്റൽ കീകൾ ഉപയോഗിക്കുമ്പോൾ ബ്ലൂടൂത്ത് ആശയവിനിമയം സുരക്ഷിതമാക്കാനും വൈദ്യുതി ലാഭിക്കാനും കഴിയുന്ന പുതിയ സവിശേഷതകൾ ബ്ലൂടൂത്ത് 6.0 വാ​ഗ്ദാനം ചെയ്യുന്നു. പുതിയ ബ്ലൂടൂത്ത് പതിപ്പ് പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളിലെ ലേറ്റൻസി കുറയ്ക്കുമെന്നും അവകാശപ്പെടുന്നു.

 

വെബ്‌സൈറ്റിലെ പോസ്റ്റ് വഴിയാണ് ഏറ്റവും പുതിയ ബ്ലൂടൂത്ത് കോർ സ്പെസിഫിക്കേഷൻ പതിപ്പിൻ്റെ വിശദാംശങ്ങൾ ബ്ലൂടൂത്ത് എസ്ഐജി വിശദീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായി പറയുന്നത് ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങാണ്. പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളുള്ള ഉപയോക്താക്കൾക്ക് നേരിട്ട് ദൃശ്യമാകാത്ത നിലയിലുള്ള ആറ് താഴ്ന്ന നിലയിലുള്ള സാങ്കേതിക മാറ്റങ്ങളും ബ്ലൂടൂത്ത് 6.0-ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

ബ്ലൂടൂത്ത് 6.0ൻ്റെ സവിശേഷതകൾ

ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങ് എന്നതാണ് പുതിയ പതിപ്പ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൃത്യമായ കണക്കുകൂട്ടലിലൂടെ രണ്ട് ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ പരസ്പരം കണ്ടെത്തുന്നതിന് ഈ സവിശേഷത വളരെ എളുപ്പമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ബ്ലൂടൂത്ത്, അൾട്രാ വൈഡ്ബാൻഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യ വഴി നഷ്‌ടമായ ഒബ്‌ജക്റ്റുകൾ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ഫൈൻഡ് മൈ, ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലപ്രാപ്തിയും ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നു

പുതിയ ബ്ലൂടൂത്ത് ചാനൽ സൗണ്ടിംഗ് ഫീച്ചർ ഡിജിറ്റൽ കീകളുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ ഉപയോഗിക്കുന്നത് പോലെ അവ ഒരു പ്രത്യേക പരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ബ്ലൂടൂത്ത് 6.0 കണക്റ്റിവിറ്റി ഉള്ള ഉപകരണങ്ങൾക്ക് മൂന്നാമതൊരു ഡെവലപ്പർമാരുടെ ദൂരപരിധിയെക്കുറിച്ച് അറിയിപ്പ് നൽകാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉണ്ടെന്നാണ് ബ്ലൂടൂത്ത് എസ്ഐജി പറയുന്നത്.

ബ്ലൂടൂത്ത് 6.0ലെ മറ്റൊരു സവിശേഷതയാണ് മോണിറ്ററിംഗ് അഡ്വർടൈസേഴ്സ്. താൽപ്പര്യമുള്ള ഒരു ഉപകരണം അതിൻ്റെ ബ്ലൂടൂത്ത് ശ്രേണിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുമ്പോൾ അത് അറിയാൻ മോണിറ്ററിംഗ് അഡ്വർടൈസേഴ്സ് സഹായകമാകും. സമീപത്ത് ഇല്ലാത്ത ഒരു ഉപകരണത്തിനായി സ്‌കാൻ ചെയ്ത് വെറുതെ ബാറ്ററി ചാർജ്ജ് പാഴാക്കാതിരിക്കാൻ ഇത് ഹോസ്റ്റ് ഉപകരണത്തെ സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏറ്റവും പുതിയ ബ്ലൂടൂത്ത് സ്റ്റാൻഡേർഡ് ഉള്ള പുതിയ ഉപകരണങ്ങൾ വിപണിയിലെത്താൻ കുറച്ച് സമയമെടുത്തേക്കാമെന്നാണ് റിപ്പോർട്ട്. ബ്ലൂടൂത്ത് 6.0ൻ്റെ എല്ലാ പുതിയ സവിശേഷതകളും പ്രയോജനപ്പെടുത്തുന്നതിന് ഒരു സ്മാർട്ട്‌ഫോണും അടുത്ത തലമുറ ബ്ലൂടൂത്ത് പതിപ്പിനെ പിന്തുണയ്ക്കുന്ന ഒരു വയർലെസ് ആക്‌സസറിയും ആവശ്യമാണ്. അതിനാൽ തന്നെ ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ ആഗോള വിപണിയിൽ എത്തുന്നതിന് കുറച്ച് മാസങ്ങൾ തന്നെ എടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യയിലും മങ്കിപോക്സ്? ഒരാൾ നിരീക്ഷണത്തിലെന്ന് ആരോ​ഗ്യമന്ത്രാലയം

മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഒരാൾ രാജ്യത്ത് ചികിത്സയിലുണ്ടെന്ന് കേന്ദ്രആരോ​ഗ്യമന്ത്രാലയം. മങ്കിപോക്സ് വ്യാപനമുള്ള ഒരു രാജ്യത്ത് നിന്ന് തിരിച്ചെത്തിയ യുവാവിലാണ് രോ​ഗലക്ഷണങ്ങൾ പ്രകടമായത്. യുവാവിനെ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്നും ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ഇയാളിൽ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല. രോ​ഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതലുകൾ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചു.

 

12 ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നത് മൂന്നാഴ്ച മുമ്പാണ്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958 ലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കുരങ്ങനിലായതിനാലാണ് ആ പേരില്‍ രോഗം അറിയപ്പെടുന്നത്. വൈറസ് ബാധിച്ച കുരങ്ങ്, അണ്ണാന്‍, എലി പോലെയുള്ള ജീവികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, ശരീരം വേദന, ശരീരത്തില്‍ കുമിളകള്‍ പൊന്തുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിക്കന്‍പോക്സിന് സമാനമായ പഴുപ്പും വെള്ളവും നിറഞ്ഞ കുമിളകളാകും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. വൈറസ് ബാധിച്ചാല്‍ 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. മൂന്നാഴ്ചയ്ക്കുള്ളില്‍ രോ​ഗം ഭേദമാകാറുണ്ട്.

സ്പെസിഫിക്കേഷനിലും ‘സൂപ്പർസ്റ്റാർ’; പുതിയ ഐഫോൺ 16ലെ കിടിലൻ ഓപ്ഷൻസ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 16 ഇന്ന് പുറത്തിറങ്ങുകയാണ്. നിരവധി പേരാണ് പുതിയ മോഡൽ പ്രീ ബുക്ക് ചെയ്യാനും നേരിട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുവാനും മറ്റുമായി കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയോടെ പുതിയ മോഡൽ അമേരിക്കയിൽ ലോഞ്ച് ചെയ്യുമെന്നാണ് ‘ആപ്പിൾ’ പറയുന്നത്. അത്തരത്തിൽ ലോഞ്ചിന് ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുതിയ മോഡലിൽ മുൻ മോഡലുകളിലേതിനേക്കാൾ ഏറെ വൈവിധ്യമാർന്ന ഓപ്‌ഷൻസ് ഉണ്ടാകുമെന്നാണ് വിവരങ്ങൾ.

 

ഐഫോൺ 16,16 പ്ലസ്,16 പ്രൊ,16 പ്രൊ മാക്സ് എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇവയിൽ ഐഫോൺ 16,16 പ്ലസ് എന്നീ മോഡലുകളിൽ ക്യാമറയിൽ ചെറിയ വ്യത്യാസമുണ്ടകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപുള്ള ക്യാമറ അലൈൻമെന്റ് ഉപേക്ഷിച്ച് ഒന്നിന് മേലെ ഒന്ന് എന്ന തരത്തിലുള്ള ക്യാമറ അലൈൻമെന്റ് ആകും ഐഫോൺ പരീക്ഷിക്കുക. 16 പ്രൊ,16 പ്രൊ മാക്സ് എന്നിവയിൽ മുൻപുള്ള മോഡലുകളെക്കാൾ വലിയ ഡിസ്പ്ലേ ആകും ഉണ്ടാകുമെന്നാണ് വിവരം. ഇവ കൂടാതെ ഫോണിന്റെ ഡിസൈനിലും മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

പുതിയ ഐഫോൺ 16,16 പ്ലസ് മോഡലുകളിൽ നേരത്തെ പ്രൊ മോഡലുകളിൽ മാത്രം ഉണ്ടായിരുന്ന ‘ആക്ഷൻ’ ബട്ടണും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്. ഇവ പെട്ടെന്ന് ആപ്പുകൾ എടുക്കാനും, ഡിസ്പ്ലേ കസ്റ്റമൈസ്‌ ചെയ്യാനും സഹായിക്കും. പുതിയ പ്രൊ മോഡലിൽ ‘ക്യാപ്ചർ’ ബട്ടണാണ് ആപ്പിൾ പരിചയപ്പെടുത്തുന്നത്. ഫോണിന്റെ വലത് ഭാഗത്തായി ഉണ്ടാകുന്ന ഈ ബട്ടൺ ഫോട്ടോയെടുക്കാനും, വീഡിയോയെടുക്കാനും മറ്റും എളുപ്പത്തിൽ സഹായിക്കുന്നതാണ്. ഡിഎസ്എൽആർ ക്യാമറകളിൽ ഉള്ളപോലത്തെ ഈ ബട്ടൺ, ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കും.

മുൻ ഐഫോൺ മാതൃകകളിൽ നിന്ന് വലിയ അപ്‌ഡേറ്റാണ് പ്രൊസസ്സറിന്റെ കാര്യത്തിൽ ഐഫോൺ 16ൽ ഉണ്ടാകുക. മുൻ മോഡലുകളിൽ A16 ചിപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ മോഡലിൽ, ഏറ്റവും പുതിയ A18 ചിപ്പുകളാണ് ഉണ്ടാകുക. ഇവ ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതാക്കും എന്ന് മാത്രമല്ല, ഗേമിങ്, വേഗത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കാര്യങ്ങളിൽ പുതിയ ഫോണിനെ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കുകയും ചെയ്യും.

പുതിയ മോഡലിന്റെ മറ്റൊരു പോസിറ്റീവ് വശം ബാറ്ററി ലൈഫും, വേഗതയുമാണ്. പ്രൊ മോഡലുകൾ മികച്ച ബാറ്ററി കപ്പാസിറ്റിയോട് കൂടി വരുമെന്നാണ് കരുതപ്പെടുന്നത്. മുമ്പുള്ളതിനേക്കാൾ മികച്ച ബാറ്ററി ലൈഫും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം, ഐഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ ഇനി 24 മണിക്കൂർ പോലും ഇല്ല എന്നിരിക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

 
Verified by MonsterInsights