“പുറമേക്ക് ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ കാറുകളുടെ ഉള്ളു തുരന്നെടുക്കാന്‍ മിടുക്കരാണ് എലികള്‍. പ്രത്യേകിച്ചും സെന്‍സറുകള്‍ക്കും വയറുകള്‍ക്കും വലിയ പ്രാധാന്യമുള്ള ആധുനിക കാറുകളില്‍ എലികള്‍ വഴിയുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്. മഴക്കാലമാവുന്നതോടെ കൂടുതല്‍ സുരക്ഷിതമായ ഇടം തേടി നടക്കുന്ന എലികള്‍ നിങ്ങളുടെ കാറിനെ സ്വന്തം മാളമാക്കി മാറ്റാതിരിക്കാന്‍ നല്ല ശ്രദ്ധയും മുന്‍കരുതലും വേണ്ടി വരും. എലികളെ കാറുകളില്‍ അടുപ്പിക്കാതിരിക്കാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.
ഭക്ഷണം”
“കാറിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഭക്ഷണവുമെല്ലാം എലികളെ കാറിലേക്ക് ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ കാറില്‍ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇനി അഥവാ കഴിക്കുകയാണെങ്കില്‍ തന്നെ വാഹനം നിര്‍ത്തിയിടുമ്പോള്‍ ഉറപ്പായും വൃത്തിയാക്കണം.
ഇരുട്ട്
ഇരുട്ടില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണ് എലികള്‍. അതുകൊണ്ടുതന്നെ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കു ചെയ്യുന്ന കാറുകളില്‍ അവര്‍ മാളങ്ങള്‍ കണ്ടെത്തും. പൂച്ച, മൂങ്ങ പോലുള്ള വേട്ടക്കാരില്‍ നിന്നും രക്ഷ തേടാന്‍ കൂടിയാണ് എലികള്‍ ഇരുട്ടിലൊളിക്കാന്‍ ഇഷ്ടപ്പെടുന്നത്. കാറുകള്‍ വെളിച്ചമുള്ളിടത്ത് പാര്‍ക്കു ചെയ്താല്‍ എലികള്‍ക്ക് അതൊരു വെല്ലുവിളിയാവും.
പുകയില
എലികളെ ഓടിപ്പിക്കാന്‍ പറ്റിയ വഴിയായി പുകയില നിരവധി പേര്‍ ഉപയോഗിക്കാറുണ്ട്. കാറിലെ എഞ്ചിനോട് ചേര്‍ന്നും മറ്റും പുകയില വെക്കുന്നത് എലികളെ ഓടിക്കും. ദീര്‍ഘകാലം നിര്‍ത്തിയിടേണ്ടി വരാറുള്ള കാറുകളില്‍ നിന്നു എലികളെ ഓടിക്കാനായി പുകയില ഉപയോഗിക്കാനാവുമെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്.
സ്‌പ്രേ
എലിയേയും പാറ്റകളേയുമൊക്കെ ഓടിക്കാനായി ഉപയോഗിക്കുന്ന സ്‌പ്രേകളും ഈയൊരു ആവശ്യത്തിനായി ഉപയോഗിക്കാം. ഓണ്‍ലൈനായും ഓഫ്‌ലൈനായും കാറുകളില്‍ നിന്നു എലികളെ ഓടിക്കാന്‍ വേണ്ട പലതരത്തിലുള്ള സ്‌പ്രേകള്‍ ലഭ്യമാണ്.
വളര്‍ത്തുമൃഗങ്ങള്‍
വീട്ടില്‍ പൂച്ചയും നായയുമൊക്കെയുണ്ടെങ്കില്‍ എലികളെ അകറ്റി നിര്‍ത്താം. എന്നാല്‍ രാത്രികാലങ്ങളില്‍ അവയുടെ സാന്നിധ്യം കാര്‍ പാര്‍ക്കു ചെയ്തിടത്തും ഉണ്ടാവുമെന്ന് ഉറപ്പു വരുത്തണമെന്ന് മാത്രം. പലരുടേയും അവരുടെ വാഹനങ്ങള്‍ എലി കയറാതെ നോക്കുന്നത് അവരുടെ വളര്‍ത്തുമൃഗങ്ങളാണെന്നതാണ് സത്യം.”