ജി 20: നരേന്ദ്ര മോദിയുടെ പ്രസ്താവന ആവർത്തിച്ച് ഇന്ത്യ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി

‘ഇത് യുദ്ധത്തിന്റെ യു​ഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവർത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിലപാട് വ്യക്തമാക്കിയത്. ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും എല്ലാ രാജ്യങ്ങളിലുമുള്ള വിദേശകാര്യ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്യുക എന്നതാണ് യോ​ഗത്തിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ, നിലവിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ യോഗം ചേരുന്നത്. ഇന്നും നാളെയുമായിട്ടാണ് യോ​ഗം നടക്കുന്നത്.

യോ​ഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് എന്നിവരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വീകരിച്ചു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. മുൻപ് 2021 ജൂലൈയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ ക്ഷണിച്ച 40 രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കുന്നും. പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നേരത്തെ, മുൻ ചൈനീസ് മന്ത്രി വാങ് യി 2019ൽ ന്യൂഡൽഹി സന്ദർശിച്ചിരുന്നു.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ജി-20 യിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും ലാവ്‌റോവിനോട് സംസാരിച്ചതായി ജയശങ്കർ പറഞ്ഞു.

മാർച്ച് രണ്ടിന് നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദികളെ സഹായിക്കുന്നതിൽ ക്രിപ്‌റ്റോകറൻസിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധം ​യോ​ഗത്തിലെ പ്രധാന ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യോഗത്തിൽ പങ്കെടുക്കാൻ ‍ഡൽഹിയിലെത്തിയത്. ബുധനാഴ്ച അദ്ദേഹം എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കു കാരണം ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. ജി20 സമ്മേളനത്തോടനുബന്ധിച്ച് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യേകം ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഹയാഷിയുടെ വരവും ഏവരും ഉറ്റുനോക്കിയിരുന്നു. ആഭ്യന്തര കാരണങ്ങൾ മൂലം തങ്ങൾക്കും യോ​ഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് ദക്ഷിണ കൊറിയയിലെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയെ അറിയിച്ചിരുന്നു.

ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

വിവിധ ജില്ലകളിലെ ഗാർഹിക സിലിണ്ടർ വില പുതിയ വില പഴയ വില
ആലപ്പുഴ₹1110₹1060
എറണാകുളം₹1110₹1060
ഇടുക്കി₹1110₹1060
കണ്ണൂർ₹1123₹1073
കാസർഗോഡ്₹1123₹1073
കൊല്ലം₹ 1112₹ 1062
കോട്ടയം₹ 1110₹ 1060
കോഴിക്കോട്₹ 1111.50₹ 1061.50
മലപ്പുറം₹ 1111.50₹ 1061.50
പാലക്കാട്₹ 1121.50₹ 1071.50
പത്തനംതിട്ട₹ 1115₹ 1065
തൃശൂർ₹ 1115₹ 1065
തിരുവനന്തപുരം₹ 1112₹ 1062
വയനാട്₹1116.50₹ 1066.50

‘സൈനികര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയുന്നില്ല’; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാർക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചതായാണ് വിവരം.

എല്ലാ സൈനിക മെസ്സുകളിലെയും സൈനികര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചത് ചൂണ്ടിക്കാണിച്ച്, ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ (ക്യുഎംജി) ഓഫീസിലേക്ക് കത്തുകള്‍ അയച്ചതായാണ് വിവരം. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച നടത്തിയതാണ് റിപ്പോര്‍ട്ട്. കരസേനാ മേധാവി ജനറല്‍ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ക്യുഎംജി, സിഎല്‍എസ്, ഡിജിഎംഒ എന്നിവര്‍ ഇക്കാര്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പവും ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെയും തുടര്‍ന്ന് സൈനികര്‍ക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2014-ല്‍ ഓപ്പറേഷന്‍ സര്‍ബ്-ഇ-അസ്ബ് സമയത്ത് മുന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അംഗീകരിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. റഹീല്‍ ഷെരീഫ് നേരത്തെയുള്ളതിനേക്കാള്‍ ഇരട്ടി ഭക്ഷ്യ ഫണ്ട് അനുവദിച്ചിരുന്നു.

ലോജിസ്റ്റിക്സിലും ഭക്ഷ്യ വിതരണത്തിലും കൂടുതല്‍ വെട്ടിക്കുറക്കലുകള്‍ സൈന്യത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ഡിജി-മിലിട്ടറി ഓപ്പറേഷന്‍സ് പറഞ്ഞു. ഇത് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കെതിരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരെ ബാധിക്കും. സൈനികര്‍ക്ക് കൂടുതല്‍ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണെന്ന് ഡിജിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം സാമ്പത്തിക പ്രതിന്ധിക്ക് നടുവിലാണ് പാകിസ്ഥാന്‍. പ്രതിന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ചെലവു ചുരുക്കല്‍ നടപടികള്‍ പാകിസ്ഥാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ക്യാബിനറ്റ് അംഗങ്ങളില്‍ പകുതിയോളം പേര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുമെന്നും ബാക്കിയുള്ളവരുടെ ശമ്പളം 15% വെട്ടിക്കുറയ്ക്കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവയുടെ ഗ്രാന്റുകള്‍ക്കും രഹസ്യ സേവന ഫണ്ടുകള്‍ക്കും പരിധി നിശ്ചയിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൊഴിൽ, സംരംഭക മേഖലകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണം

സംസ്ഥാനത്തിന്റെ തൊഴിൽസംരംഭക മേഖലകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ വികസന കോർപ്പറേഷൻ അടക്കമുള്ള സംരംഭങ്ങൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 35-ാം വാർഷികവും കെ.ആർ. ഗൗരിയമ്മ എൻഡോവ്മെന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീ സമൂഹത്തിന്റെ ക്ഷേമവികസന കാര്യങ്ങൾ സമൂഹത്തിന്റെ പൊതുവായ വികസനത്തിന് ഒഴിവാക്കാനാകാത്തതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തിൽ കേരളം വലിയൊരു അടിത്തറയുണ്ടാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം അതിന്റെ ഏറ്റവും വലിയ തെളിവാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇക്കാര്യത്തിൽ കേരളത്തിനുള്ളതെന്നാണു നാഷണൽ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ വ്യക്തമാക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം സ്ത്രീകൾ കേരളത്തിലുണ്ട്. അവരുടെ ശേഷി കൂടുതൽ വികസിപ്പിക്കണം. വ്യവസായ ഉത്പാദന തൊഴിൽ രംഗങ്ങളിലെ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തണം.

കോവിഡ് കാലം രൂപപ്പെടുത്തിയ പുതിയ തൊഴിൽ സംസ്‌കാരങ്ങളുടെ മികച്ച രീതികൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. വർക്ക് ഫ്രം ഹോംവർക്ക് നിയർ ഹോം പദ്ധതികൾ ഇതിന് ഉദാഹരണമാണ്. മികച്ച കഴിവും യോഗ്യതയുമുള്ള നിരവധി പേർ തൊഴിലെടുക്കാനുള്ള സാഹചര്യമില്ലാതെ സംസ്ഥാനത്തുണ്ട്. ഇവർക്കായി എങ്ങനെ ഈ പുതിയ അവസരം ഉപയോഗിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്തു വർക്ക് നിയർ ഹോം പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ ഇതിനായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനൊപ്പംതന്നെ സംരംഭക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ കഴിയണം. ഒരു വർഷം ഒരു ലക്ഷം വ്യവസായ സംരംഭങ്ങളെന്ന ലക്ഷ്യത്തോടെ സർക്കാർ ഈ സാമ്പത്തിക വർഷം തുടങ്ങിയ പദ്ധതി എട്ടുമാസം കൊണ്ടുതന്നെ ഒരു ലക്ഷം പിന്നിട്ടു. ഇപ്പോൾ 1,33,000 അടുത്ത് എത്തിനിൽക്കുന്നു. സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഇത് ഇനിയും വർധിക്കും. 43000ലധികം സംരംഭങ്ങൾ ഇക്കൂട്ടത്തിൽ സ്ത്രീകളുടേതായി വന്നിട്ടുണ്ട്. സംരംഭകവർഷം പദ്ധതിയിലൂടെ ആകെ 2,80,000 തൊഴിലവസരങ്ങൾ 8,000 കോടിയുടെ നിക്ഷേപം എന്നിവയും സമാഹരിച്ചു. സ്റ്റാർട്ടപ്പുകൾക്കും കേരളം വലിയ അവസരമാണൊരുക്കിയിട്ടുള്ളത്. 4000ഓളം സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. 40000 തൊഴിലവസരം സൃഷ്ടിക്കാനായി. 2026ഓടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 15000ൽ എത്തിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലെല്ലാം വനിതാ വികസന കോർപ്പറേഷനും വളരെ പ്രധാന പങ്കു വഹിക്കാനാകും.

സാമൂഹ്യരംഗത്തെ ഇടപെടലുകളിലൂടെ സ്ത്രീ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണു 2017ൽ വനിതകൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചത്. ജെൻഡർ ബജറ്റിൽ നടപ്പാക്കി. ആകെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനം വനിതകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കു നീക്കിവയ്ക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറേ മുക്കാൽ വർഷംകൊണ്ടു വായ്പകൾക്കുള്ള സർക്കാർ ഗ്യാരന്റി ആറ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. 2016ൽ 145 കോടിയായിരുന്നത് ഇപ്പോൾ 845 കോടി രൂപയിലെത്തി നിൽക്കുന്നു. തൊഴിൽ മേഖലലയിലടക്കം സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണിത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രാബല്യത്തിൽവരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടേയും ഭരണഘടനാ വ്യവസ്ഥകളുടേയും നടപ്പിലാക്കൽ അവലോകനം ചെയ്യുകശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായി 14 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും വകയിരുത്തലുകളും ബജറ്റിന്റെ ഭാഗമായുണ്ട്. ഇതുമായി മുന്നോട്ടുപോകുമ്പോൾത്തന്നെ പുതിയ കാലഘട്ടത്തിന്റെ നൂതന മുന്നേറ്റത്തേയും വനിതാ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിയണം. വനിതാ വികസന കോർപ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ചടങ്ങിൽ കെ.ആർ. ഗൗരിയമ്മ എൻഡോവ്മെന്റിന്റെയും കെ.എസ്.ഡബ്ല്യു.ഡി.സി വാർഷികാഘോഷങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സിഗ്‌നേച്ചർ വിഡിയോയും അദ്ദേഹം പ്രകാശനം ചെയ്തു. ആരോഗ്യവനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ഗതാഗത ആന്റണി രാജു കോർപ്പറേഷന്റെ മുൻ അധ്യക്ഷന്മാരെ ആദരിച്ചു. മുൻ ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടിമാനേജിങ് ഡയറക്ടർ വി.സി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Gold Price Today: സ്വർണവില ഇനിയും കുറയുമോ? ഇന്നത്തെ നിരക്കുകൾ അറിയാം

 സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 5200 രൂപയും പവന് 41,600 രൂപയുമാണ് ഇന്ന്. ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. പോയ ദിവസത്തെ അപേക്ഷിച്ച്, ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില ഈ മാസം താഴേക്ക് പോകുന്ന ട്രെൻഡ് ആണ് കാണാൻ കഴിയുന്നത്. ഒരു പവന് 42,200 രൂപ എന്ന നിലയിലാണ് ഫെബ്രുവരി മാസം ഒന്നാംതീയതി വ്യാപാരം ആരംഭിച്ചത്. ഫെബ്രുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ പവന് 42,880 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

ഫെബ്രുവരി 17ന് രേഖപ്പെടുത്തിയ 41,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കല്യാണ സീസൺ ആകുന്നതോടെ സ്വർണവിപണിയിൽ ആവശ്യക്കാരുടെ എണ്ണവും കൂടാറുണ്ട്. വരും മാസങ്ങളിൽ ഈ പ്രവണത കാണാൻ കഴിഞ്ഞേക്കും.

2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600
ഫെബ്രുവരി 22: 41,600

ഇന്ത്യ – യുഎഇ നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കാൻ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍; ആസ്ഥാനം അബുദാബി

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ അന്തരീക്ഷവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-യുഎഇ ബിസിനസ്സ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ത്യ-യുഎഇ കോംപ്രിഹെന്‍സീവ് ഇക്കോണമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റിന്റെ (സിഇപിഎ) വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.

യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയുദി പദ്ധതി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യ-യുഎഇ വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുക, ഇന്ത്യയിലെ യുഎഇ നിക്ഷേപം 75 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഈ ബിസിനസ്സ് കൗണ്‍സില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ബിസിനസ്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയുദി പറഞ്ഞു.

ഉഭയകക്ഷി വ്യാപാരങ്ങളിലും നിക്ഷേപങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നൂതന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ബിസിനസ്സ് കൗണ്‍സില്‍ സഹായിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇ ബിസിനസ്സ് കൗണ്‍സില്‍ സ്ഥാപകരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 സെപ്റ്റംബറിലാണ് യുഎഇ ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ ആരംഭിച്ചത്. ഷെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഈ സംരംഭം ആരംഭിച്ചത്.

നിലവില്‍ ഇന്ത്യ-യുഎഇ ബിസിനസ്സ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മേല്‍നോട്ടത്തില്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലാകും പ്രവര്‍ത്തിക്കുക. അബുദാബിയിലാണ് ഇതിന്റെ ആസ്ഥാനം. ഇന്ത്യ-യുഎഇ വ്യാപാര-നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്ന തരത്തിലാകും ഈ ഓഫീസിന്റെ പ്രവര്‍ത്തനം.

അതേസമയം, കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാനായി വ്യവസായി ഫൈസല്‍ കോട്ടിക്കോളനെയാണ് നിയമിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. നിക്ഷേപ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകള്‍, സാങ്കേതിക രംഗത്തെ വികസന പദ്ധതികള്‍, എന്നിവ ഇതിലുള്‍പ്പെടുന്നു. ഡിപി വേള്‍ഡിന്റെ സിഇഒയും എംഡിയുമായ റിസ്‌വാന്‍ സൂമര്‍ ആണ് ബിസിനസ്സ് കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍.

യുഎഇ-ഇന്ത്യ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിനായുള്ള പ്രധാന സ്ഥാനമായി ഈ പദവിയെ കാണുന്നുവെന്നും റിസ്വാന്‍ സൂമര്‍ പറഞ്ഞു.

ഒരു ലിറ്റർ പെട്രോളിന് 272 രൂപ, ഡീസലിന് 280; പാകിസ്ഥാനിൽ ഇന്ധനവില റെക്കോഡ് ഉയരത്തിൽ

പാകിസ്ഥാനിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിൽ. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമായാണ് ഉയർത്തിയത്. പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുന്ന പാകിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതിന് മണിക്കൂറുകൾക്കകമാണ് ഇന്ധന വില കുത്തനെ ഉയർത്തിയത്.

പെട്രോളിന് ലിറ്ററിന് 22.20 രൂപയും ഡീസലിന് 17.20 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ്. വർധനവ് 12.90 രൂപ.പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിനിടെ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ചരുക്കു സേവന നികുതി 18 ശതമാനമായാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധിയുടെ മുൻവ്യവസ്ഥകളിൽ പെട്ടതാണ് എണ്ണവില കുതിക്കുന്നതിലേക്ക് നയിച്ചത്. ഇത് പണപ്പെരുപ്പം വീണ്ടും രൂക്ഷമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. പാൽ വില ലിറ്ററിന് 210 രൂപയും കോഴി ഇറച്ചി വില കിലോയ്ക്ക് 780 രൂപയുമാണ്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതൽ ശേഖരം മാത്രമാണുള്ളത്. കൂടുതൽ ഫണ്ടിനായി ഇസ്ലാമാബാദ് രാജ്യാന്തര നാണയനിധിയുമായി ചർച്ച നടത്തി.ബജറ്റിന്റെ ആഘാതം കുറയ്ക്കുന്നതിന് ഗോതമ്പ്, അരി, പാൽ, മാംസം തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പാകിസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ച അനുബന്ധ ബിൽ നിർദ്ദേശിച്ചു.

ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, പഞ്ചസാര പാനീയങ്ങൾ, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശിച്ചു. ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം വിവാഹ മണ്ഡപങ്ങൾക്കും പരിപാടികൾക്കും പത്ത് ശതമാനം നികുതി നിർദ്ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 

Bajaj Chetak EV | 14,000 ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റ് ബജാജ് ചേതക് ഇവി; 16,000 ബുക്കിംഗുകളും

14,000 ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പന പൂർത്തിയാക്കി ബജാജ് ചേതക് ഇവി (Bajaj Chetak EV). 16,000 ബുക്കിംഗുകള്‍ ഇനി ഡെലിവറി ചെയ്യാന്‍ ഉണ്ടെന്നും ബജാജ് ഓട്ടോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ന്റെ തുടക്കത്തിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ (Chetak electric scooter) പുറത്തിറക്കി ബജാജ്, ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുവെച്ചത്. കമ്പനി അടുത്തിടെ പൂനെയിലെ (pune) അകുര്‍ദിയില്‍ തങ്ങളുടെ പുതിയ ഇവി നിര്‍മ്മാണ പ്ലാന്റ് (EV manufacturing plant) ഉദ്ഘാടനം ചെയ്തിരുന്നു.

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. രണ്ട് റൈഡിംഗ് മോഡുകൾ സ്‌കൂട്ടറിനുണ്ട്. ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡുകളാണ് ഉള്ളത്. ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 95 കിലോമീറ്ററും സ്പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും സ്‌കൂട്ടര്‍ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയാണുള്ളത്. സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ വേണ്ടിവരും. 1 മണിക്കൂറില്‍ 25 ശതമാനം ചാര്‍ജ് നേടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന്റെ IP67-റേറ്റഡ് ബാറ്ററി പാക്കിന് 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഥര്‍ 450X, TVS iQube എന്നിവയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എതിരാളികൾ.

കടകളിൽ വ്യക്തമായ കാരണമില്ലാതെ മൊബൈൽ നമ്പർ കൊടുക്കരുത്

ന്യൂഡല്‍ഹി: വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ് ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്.

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

വിമാനത്താവളത്തിലെ ഒരു കടയില്‍നിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മറുപടി നല്‍കിയെന്നും ദിനേഷ് എസ് ഠാക്കൂര്‍ ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് താന്‍ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, സഹയാത്രികരില്‍ പലരും യാതൊരു എതിര്‍പ്പും കാണിക്കാതെ കടക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കി എന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഠാക്കൂര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ഠാക്കൂറിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായാണ്, വ്യക്തവും ന്യായവുമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന് മന്ത്രി പറഞ്ഞത്.

മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യം

പ്രതിസന്ധികളിൽനിന്നു മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യമേഖലയിൽ ഇനിയും മുന്നോട്ടു കുതിക്കണം. മത്സ്യത്തൊഴിലാളികളുടെ ഭാവി ശോഭനമാക്കുന്ന നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിക്കുന്ന മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന വിഭാഗങ്ങളിലൊന്നാണു മത്സ്യത്തൊഴിലാളി വിഭാഗമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായുണ്ടാകുന്ന തീരശോഷണവും കടലാക്രമണവും മത്സ്യത്തൊഴിലാളി ജീവിതങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഈ പ്രതിസന്ധികളിൽ അവരെ കൈവിടുകയല്ലപകരം കൈപിടിച്ചുയർത്താനാണു സർക്കാർ ശ്രമിക്കുന്നത്. പുനർഗേഹം പദ്ധതിയിലൂടെ 8675 കുടുംബങ്ങളാണു സുരക്ഷിത മേഖലകളിലേക്കു മാറി താമസിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത്. ഒരു കുടംബത്തിന്റെ പുനരധിവാസത്തിനായി പരമാവധി 10 ലക്ഷം രൂപ ലഭ്യമാക്കും. അതോടൊപ്പം ഫ്ളാറ്റുകൾ നിർമിച്ചു പുനരധിവസിപ്പിക്കുന്ന പദ്ധതിയുമുണ്ട്. നിലവിൽ 1931 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 3292 കുടുംബങ്ങൾക്കുവേണ്ട ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി. 3921 കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമിയുടെ വില നിശ്ചയിച്ചു.

പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട്ബീമാപ്പള്ളി എന്നിവിടങ്ങളിൽ 148ഉം മലപ്പുറം പൊന്നാനിയിൽ 128ഉം കൊല്ലം ക്യുഎസ്എസ് കോളനിയിൽ 114ഉം ഫ്ളാറ്റുകൾ ഉൾപ്പെടെ 390 ഫ്ളാറ്റുകൾ ഗുണഭോക്താക്കൾക്കു കൈമാറി. മുട്ടത്തറയിൽ 2018ൽ നിർമാണം പൂർത്തിയാക്കി കൈമാറിയ 192 ഫ്ളാറ്റുകൾക്കു പുറമേയാണിത്. ആലപ്പുഴ മണ്ണുംപുറത്ത് 228 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 956 ഫ്ളാറ്റുകളുടെ നിർമാണത്തിന് അനുമതി നൽകിയിട്ടുമുണ്ട്. വലിയതുറയിലും വേളിയിലും 192 ഫ്ളാറ്റുകളുടെ നിർമാണത്തിനുള്ള അനുമതി വൈകാതെ ലഭ്യമാക്കും. ഈ 100 ദിന കർമപരിപാടിയുടെ ഭാഗമായി മലപ്പുറം പൊന്നാനിയിൽ 100ഉം കോഴിക്കോട് വെസ്റ്റ് ഹില്ലിൽ 80ഉം കാസർകോഡ് കോയ്പാടിയിൽ 144ഉം ഫ്ളാറ്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മുട്ടത്തറയിൽ എട്ട് ഏക്കറിൽ 50 കെട്ടിട സമുച്ചയങ്ങളിലായാണു 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണമാണ ഓരോ യൂണിറ്റിലും വിഭാവനം ചെയ്തിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ കാര്യക്ഷമതയോടെ സർക്കാർ ഇടപെടുകയാണ്. ഇതിനെ മറച്ചുവച്ച് സർക്കാർ മത്സ്യത്തൊഴിലാളികളെ വേണ്ടപോലെ കരുതുന്നില്ലെന്നു സ്ഥാപിക്കാനുള്ള കുത്സിത ശ്രമങ്ങൾ ചില ഭാഗങ്ങളിൽനിന്നുണ്ടാകുന്നുണ്ട്. അവയെ തിരിച്ചറിയാനും ശരിയായ രീതിയിൽ തുറന്നുകാട്ടാനും കഴിയണം. മത്സ്യത്തൊഴിലാളികളെ യാനങ്ങളുടെ ഉടമകളാക്കുക എന്ന ലക്ഷ്യത്തോടെ 10 മത്സ്യത്തൊഴിലാളികൾ വീതമുള്ള 10 ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 1.5 കോടിയിലേറെ രൂപയാണ് ഓരോ യാനത്തിനും ചെലവുവരുന്നത്. മത്സ്യത്തൊഴിലാളികൾക്കു മത്സ്യത്തിനു ന്യായവില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2021ൽ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം പാസാക്കിയത്. ഇതിന്റെ തുടർച്ചയായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മണ്ണെണ്ണ ലഭ്യതക്കുറവു കണക്കിലെടുത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എൽപിജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള സബ്സിഡി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ക്യാൻസർവൃക്കരോഗംകരൾ രോഗംപക്ഷാഘാതം തുടങ്ങിയവ ബാധിച്ചവരുടെ തുടർ ചികിത്സ ഉറുപ്പാക്കുന്നതിനു സാന്ത്വന തീരം എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. പരമ്പരാഗത യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കി. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ചു കടൽ സുരക്ഷാ സ്വ്കാഡുകളുടെ പ്രവർത്തനം ഉറപ്പാക്കി.

മത്സ്യബന്ധന മേഖലയ്ക്ക് 321 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. മത്സ്യബന്ധന യാനങ്ങൾ ആധുനികവത്കരിക്കാൻ പുതിയ പദ്ധതി നടപ്പാക്കും. 60 ശതമാനം നിരക്കിൽ 10 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കാനാണു ശ്രമിക്കുന്നത്. നോർവെയിൽനിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ സഹായത്തോടെ സമുദ്രകൂട് കൃഷി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഒമ്പതു കോടി രൂപ വകരിയിരുത്തിയിട്ടുണ്ട്. സമുദ്രത്തിൽനിന്നു പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തുന്നതിന് 5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മത്സ്യബന്ധന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3.5 കോടി രൂപഉൾനാടൻ മത്സസമ്പത്തിന്റെ പരിപാലനത്തിനായി അഞ്ചു കോടി രൂപ എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. നൂതന മത്സ്യക്കൃഷി സംവിധാനങ്ങൾ നടപ്പാക്കും. നാം മത്സ്യരംഗത്ത് ഇനിയും മുന്നോട്ടു കുതിക്കണം. ഇതോടൊപ്പം സാഫ്മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ വിപുലമാക്കുന്നതിനും നടപടി സ്വീകരിക്കും. പ്രതിസന്ധികളിൽനിന്നു മത്സ്യത്തൊഴിലാളികെ കൈപിടിച്ചുയർത്താനുള്ള ഫലപ്രദമായി ഇടപെടലാണു സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Verified by MonsterInsights