ഖനിക്കുള്ളിൽ നൂറ് അടി താഴ്ചയിൽ റെയിൽവേ ട്രാക്ക് കണ്ടെത്തി പര്യവേഷകൻ

ലോകത്ത് പലതരം ഹോബികൾ ഉള്ള ആൾക്കാരുണ്ട്. ചിലർക്ക് ഫുട്ബാളും ക്രിക്കറ്റുമാണെങ്കിൽ മറ്റ് ചിലക്കത് തിരമാലകളിലൂടെ സർഫ് ചെയ്ത്പോകുന്നതായിരിക്കും. ചിലർക്കാണെങ്കൽ അപകടകരമായ ചെറിയ തുരംഗങ്ങളിലുടെ നുഴഞ്ഞ് കയറുന്നതിലും മറ്റും ആനന്ദം കണ്ടെത്തുന്നു. ചിലപ്പോഴോക്കെ അവർ അതിനകത്ത് പെടാറുമുണ്ട്.വ്യാസം വളരെ കുറഞ്ഞ ഒരു തുരങ്കത്തിലൂടെ ഒരു ഖനിയിലേക്കിറങ്ങുന്ന വീഡിയോ അണ്ടർഗ്രൌണ്ട് ബെർമിംഗ്ഹാം എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിര്ക്കുന്നത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈ അക്കൌണ്ടിന്റെ ബയോയിൽ നിന്നും ഇത് ഉപയോഗിക്കുന്ന ആൾ ഒരു സാഹസിക സഞ്ചാരി ആണെന്നാണ് മനസിലാക്കാൻ കഴിയുന്നുണ്ട്. തൻ്റെ ബാഗ് നൂറ് അടി താഴ്ചയുള്ള കുഴിയിലേക്കിട്ടിട്ട് അതിലേക്കിങ്ങി 9 അടി താഴ്ചയിലുള്ള ഖനിയിൽ പര്യവേഷണം നടത്തുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്.

വലിപ്പമില്ലാത്ത കുഴിയിലൂടെ ഇയാൾ താഴോട്ട് പോകുന്നതും വീഡിയോയിൽ കാണാം. കുഴിയിലേക്ക് നോക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്നതുപോലെ തോന്നും. സഞ്ചാരി വീണ്ടും താഴേക്ക് പോകുന്നതും കുഴിയുടെ മൂടി അടയുന്നതും വീഡിയോയിൽ കാണാം. പിന്നീട് ടോർച്ച് തെളിച്ച് ബാക്കി പര്യവേഷണം നടത്തുന്ന സഞ്ചാരി വിവിധ വലുപ്പത്തിലുള്ള കല്ലുകളും പ്രേക്ഷകർക്ക് കാണിച്ചുതരുന്നുണ്ട്.
തുരങ്കത്തിൽ കാണുന്ന ഇരുമ്പ്കൊണ്ടുള്ള രണ്ട് റെയിൽ ട്രാക്കുകളൾ പണ്ടെങ്ങോ പ്രവർത്തനത്തിലിരുന്ന ഭൂഗർഭ റെയിൽവേ  സംവിധാനത്തെയും സൂചിപ്പിക്കുന്നുണ്ട് . ഓക്സിജൻ കുറയുന്നതിനാൽ സഞ്ചാരി ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതായും പുറത്തേക്കുള്ള വഴി അന്വേഷിക്കുന്നതും വീഡിയോയിൽ കാണാം.

ഏതായാലും ഈ സാഹസിക യാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സമൂഹമാദ്ധ്യമ ലോകം. അമിതമായചൂടിനെയും താഴുന്ന ഓക്സിജൻ ലെവലിനെയും എങ്ങനെ മറികടന്നു എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് സാഹസിക സഞ്ചാരിയോട് കമൻ്റായി ചോദിക്കുന്നുണ്ട്. താൻ ഷോർട്സ് മാത്രം ധരിച്ച് ഷർട്ട് ഒഴിവാക്കിയിരുന്നെന്നും ഓക്സിജൻ ലെവലിനെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. ഇത്തരം തുരങ്കങ്ങളിൽ വവ്വാലുകളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്

ഹേമ കമ്മീഷൻ റിപ്പോർട്ട് ശനിയാഴ്ച; വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും

ഹേമ കമ്മീഷൻ റിപ്പോർട്ട് (Hema Commission Report) ഓഗസ്റ്റ് 17, ശനിയാഴ്ച പുറത്തുവിടും. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരമാണ് നടപടി.

സ്വകാര്യത ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളിയിരുന്നു. റിലീസ് സ്റ്റേ ചെയ്യുന്നതിന് മുമ്പ് കോടതി സംസ്ഥാന സർക്കാരിനോടും വിവരാവകാശ കമ്മീഷനോടും പ്രതികരണം തേടിയിരുന്നു.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതോടെ സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ഹർജിക്കാരൻ വാദിച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നവരെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് വാദിച്ചാണ് ഹർജിക്കാരൻ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടത്.

 

ഹർജിക്കാരന് കോടതിയെ സമീപിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ എം. അജയ് വാദിച്ചു. മൂന്നാം കക്ഷികളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും സ്വകാര്യതയുടെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പു വരുത്തിക്കൊണ്ട് റിപ്പോർട്ടിൻ്റെ ഗണ്യമായ ഭാഗങ്ങൾ തിരുത്തിയതായി പ്രസ്താവിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിൻ്റെ 82 പേജുകളും, 115 ഖണ്ഡികകളും വിവിധ പേജുകളിലെ ചില വരികളും കഴിഞ്ഞ മാസത്തെ താൽക്കാലിക റിലീസിന് മുന്നോടിയായി എഡിറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം, റിപ്പോർട്ടിലെ ഏതെല്ലാം ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അപേക്ഷകരെ അറിയിക്കാൻ സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു. റിപ്പോർട്ടിൻ്റെ പകർപ്പിനായി അഞ്ച് വ്യക്തികളും 699 രൂപ വീതം ട്രഷറിയിൽ അടയ്‌ക്കേണ്ടി വന്നു.

2017ലെ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ പശ്ചാത്തലത്തിൽ നടൻ ദിലീപ് ഉൾപ്പെട്ടതിനെ തുടർന്നാണ് മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും ലിംഗ അസമത്വവും പഠിക്കാൻ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് കെ. ഹേമയെ കൂടാതെ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു. 2019 ഡിസംബർ 31 ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നിർണ്ണായകമായ വിവരങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ കേരള സർക്കാർ ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ വിവരാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജൂലൈ 24ന് സർക്കാർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും അവരെ തിരിച്ചറിയാൻ സാധ്യതയുള്ളതുമായ വകുപ്പുകൾ പ്രസിദ്ധീകരിക്കില്ല.

മമ്മൂട്ടി, ഉര്‍വ്വശി, പൃഥ്വിരാജ്, പാര്‍വതി; ആകാംക്ഷയുടെ മുള്‍മുനയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.


സിനിമാ പ്രേമികളില്‍ ആകാംക്ഷ നിറക്കുകയാണ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മത്സരം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ജൂറി ചൂടുപിടിച്ച ചര്‍ച്ചയിലാണ്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്.സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.






ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്‌ക്രീനിങ് പുരോഗമിക്കുന്നത്. അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കി ആഗസ്റ്റ് 16ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്നാണ് വിവരം
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെനായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്.
റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കണ്ടിരിക്കാം. അതുകൊണ്ടു തന്നെ മികച്ച സിനിമ, സംവിധാനം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത എന്നാണ് വിവരം.






 

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017 ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.














കൊച്ചിയിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു; 20 രൂപയ്ക്ക് 10 മണിക്കൂർ ഉപയോഗിക്കാം.

സൈക്കിൾ മെല്ലെമെല്ലെ കൊച്ചിയുടെ ഇഷ്ട വാഹനമാവുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മെട്രോയുമായി ചേർന്ന് ‘ മൈ ബൈക് ’ ആണു കൊച്ചിയിൽ സൈക്കിൾ സംസ്കാരം പുനരുജ്ജീവിപ്പിച്ചത്. 950 സൈക്കിളുകൾ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലൊഴികെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈക്കിൾ ഉണ്ട്. ഇതിനു പുറമേ വാട്ടർ മെട്രോയുടെ കാക്കനാട്, ഹൈക്കോടതി, വൈപ്പിൻ ടെർമിനലുകൾ, ഫോർട്ട്കൊച്ചി, കുസാറ്റ്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലും സൈക്കിൾ കിട്ടും. ഓഫിസ് യാത്രകൾക്കാണു കൊച്ചിയിലെ സൈക്കിൾ കൂടുതലോടുന്നത്. സൈക്കിളുപയോഗിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കുറവല്ല. വ്യായാമത്തിനു സൈക്കിൾ എടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ , മെട്രോ സ്റ്റേഷനുകളിലെ സൈക്കിൾ ഉപയോഗിക്കുന്നവരിൽ അധികവും മുതിർന്ന പൗരൻമാരായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

 

വർധിച്ച ആവശ്യം കണക്കിലെടുത്ത് സൈക്കിളുകളുടെ എണ്ണം കൂട്ടാനൊരുങ്ങുകയാണ് മൈ ബൈക്. mybyk മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സൈക്കിളെടുക്കാം. ലോഗിൻ ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യണം. സൈക്കിൾ നമ്പർ സെലക്ട് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് യാത്ര തുടങ്ങാം. യാത്ര അവസാനിക്കുമ്പോൾ സൈക്കിൾ റാക്കിൽ വച്ച് എൻഡ് ഓപ്ഷൻ നൽകുക. 20 രൂപ കൊടുത്താൽ 10 മണിക്കൂർ സൈക്കിൾ ഉപയോഗിക്കാം. 500 രൂപ ഡിപ്പോസിറ്റ്:  യാത്ര അവസാനിപ്പിച്ചാൽ ഇൗ പണം തിരിച്ചെടുക്കാം. 24 മണിക്കൂറിന് 69 രൂപ, 3 ദിവസത്തേക്ക് 149 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളുണ്ട്. ഡിപ്പോസിറ്റ് 100 രൂപ. ഒരാഴ്ച മുതൽ 3 മാസം വരെയുള്ള പ്ലാനുകളും ഉണ്ട്. 3 ദിവസത്തിലേറെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്ലാൻ കാലാവധി തീരും വരെ സൈക്കിൾ കൈവശം വയ്ക്കാം. തകരാറുണ്ടെങ്കിൽ ആപ്പിൽ അറിയിച്ചാൽ പകരം സൈക്കിൾ തരും. 950 സൈക്കിളിൽ 650 എണ്ണം ഇങ്ങനെ സ്ഥിരം യാത്രക്കാരുടെ കസ്റ്റഡിയിലാണ്.

കുറിഞ്ഞി പൂത്ത് വീണ്ടും മലയിടുക്കുകൾ, സഞ്ചാരികളെ സ്വാഗതം ചെയ്ത് കല്യാണത്തണ്ട്.

ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്. രാജമലയിൽ വിരിയുന്ന നിലകുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും.

ഇടുക്കി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങൾക്ക് നൽകുന്ന മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികൾ. കുറിഞ്ഞി പൂത്താൽ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്താറുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീലനിറമാകും. ഓണത്തോടെ സഞ്ചാരികളെ കൊണ്ട് നിറയും കല്യാണത്തണ്ട്.” കട്ടപ്പന ചെറുതോണി റൂട്ടിൽ നിർമ്മല സിറ്റിയിൽ നിന്ന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ടിലെത്താം. ഇവിടെ നിന്ന് ഇടത്തേക്ക് മറ്റൊരു മലയിലൂടെ മുകളിലേക്ക് എത്തിയാൽ നീലവസന്തം കാണാം. വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ. മഞ്ഞുവീഴുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിതമാക്കുന്ന കാഴ്ചകൾ കണ്ട് സഞ്ചാരികൾക്ക് മടങ്ങാം.

വെറുതെ സ്ക്രീനിൽ തട്ടിയാൽ ലക്ഷങ്ങൾ കിട്ടിയേക്കാം, വൈറലായി ഹാംസ്റ്റര്‍ കോംബാറ്റ്.

യാതൊരു മുതൽ മുടക്കുമില്ലാതെ പണക്കാരാകാമെന്ന വാഗ്ദാനത്തോടെയാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ ആകൃഷ്ടരായ യുവാക്കളിൽ പലരും യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റും സഹായത്തോടെ ഹാംസ്റ്റർ കോയിൻ മൈനിങിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്തമാസം ഹാംസ്റ്റർ കോംബാറ്റ് ഓകമ്പനി ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി വൻതുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകൾ വാഗ്ദാനം ചെയ്യുന്നു.

എന്താണ് ഹാംസ്റ്റർ കോംബാറ്റ്

ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു പ്ലേ റ്റു ഏൺ മെസേജിങ് ബോട്ട് ആണ് ഹാസ്റ്റർ കോംബാറ്റ്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്റ്റോകറൻസി പരിചയപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ക്രിപ്റ്റോ മൈനിങ് ആണിവിടെ നടക്കുന്നത്. അജ്ഞാതരായ ഒരു സംഘമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം വികസിപ്പിച്ചത്. എന്നാൽ റഷ്യൻ സംരംഭകനായ എഡ്വേർഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹാംസ്റ്റർ കോംബാറ്റിന്റെ പ്രവർത്തനം എങ്ങനെ?

ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്കുവഴി ഉപഭോക്താക്കൾക്ക് ഹാംസ്റ്റർ ബോട്ട് തുറക്കാം. ഇതിന് ശേഷം ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുക്കാം. ഗെയിമിലൂടെ പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം

.ഹാംസ്റ്റർ എന്ന ജീവിയുടെ ചിത്രം കാണുന്നയിടത്ത് സ്ക്രീനിൽ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ ശേഖരിക്കാം. ഗെയിമിന്റെ ലിങ്കുകൾ പങ്കുവെച്ചാലും പ്രതിദിന ടാസ്കുകൾ പൂർത്തിയാക്കിയാലും കോയിനുകൾ ലഭിക്കും. ഈ കോയിനുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനായി ലക്ഷക്കണക്കിന് കോയിനുകളാണ് ഇത് കളിക്കുന്ന യുവാക്കൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ടോൺ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റർ കോയിനുകൾ ടോൺ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കിമാറ്റുകയുമാണ് ചെയ്യുക.

 

പണം കിട്ടുമോ?

നിലവിൽ ഇതൊരു തട്ടിപ്പാണെന്ന റിപ്പോർട്ടുകളൊന്നുമില്ല, പല രീതിയിൽ നടക്കുന്ന ക്രിപ്റ്റോ മൈനിങ് പ്രക്രിയകളിൽ ഒന്നുമാത്രമാണിത്. ഹാംസ്റ്റർ കോംബാറ്റിന്റെ കാര്യമെടുത്താൽ റീൽസിലും മറ്റും പറയുന്നത് പോലെ വൻ തോതിലുള്ള വരുമാനം ഹാംസ്റ്റർ കോയിൻ ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ ലഭിച്ചേക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. മാത്രവുമല്ല ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകൾ അത്ര എളുപ്പവുമല്ല, ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട നല്ലൊരു ധാരണയില്ലാതെ അതിൽ നിന്ന് ഫലപ്രദമായൊരു വരുമാനം നേടുക സാധ്യമല്ല.”ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെ പ്രചരിച്ചതോടെയാണ് ഹാംസ്റ്റർ കോംബാറ്റിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. 40 രാജ്യങ്ങളിലായി 15 കോടിയാളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട യാതൊരു ധാരണയുമില്ലാത്ത കുട്ടികൾ പോലും ഇത് കളിക്കുന്നുണ്ടെന്നാണ് വിവരം.

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും.

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ

വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രത്യേകിച്ചും സൗജന്യ ടിവി 

നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള നാടുകളില്‍. അങ്ങനെയെങ്കില്‍ ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം എത്താന്‍ സാധ്യതയേറെയാണ്

 

 

നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകൂട്ടല്‍. സൗജന്യ സേവനങ്ങളില്‍ പരസ്യങ്ങളായിരിക്കും കമ്പനിയുടെ വരുമാനമാര്‍ഗ്ഗം.

 

പരസ്യ വിതരണ രംഗത്തും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ഇതുവഴി ഒരുങ്ങിയേക്കും.നിലവില്‍ യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ പരസ്യ വിതരണത്തിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ്ബഹുദൂരം പിന്നിലാണ്. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം. സമീപകാലത്തായി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിട്ടിരുന്നു

ബോക്സ് ഓഫീസ് തിരിച്ചുപിടിച്ച് ടർബോ.

പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ടർബോ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടുന്നത്.

മറ്റു രണ്ട് ചിത്രങ്ങൾ റിലീസിനെത്തിയ വെള്ളയാഴ്ച, ടർബോയുടെ കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും ശനിയാഴ്ച ചിത്രം നേട്ടമുണ്ടാക്കി. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് അനുസരിച്ച്, 4 കോടിയോളം രൂപയാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഞായറാഴ്ച ചിത്രത്തിന്റെ കളക്ഷൻ​ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം 7 കോടി രൂപയോള മായിരുന്നു ചിത്രം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ടർബോ തകർത്തത്.

തൃശൂർ പൂരം സാംപിൾ വെടിക്കെട്ട് ഇന്ന്; തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാൾ തന്നെ, ചരിത്രത്തിൽ ആദ്യം.

തൃശൂർ പൂരാവേശം ആകാശമേലാപ്പിൽ വിരിയിക്കാൻ ഇന്ന് സാംപിൾ വെടിക്കെട്ട്. വൈകുന്നേരം ഏഴ് മണിക്കാണ് സാംപിൾ വെടിക്കെട്ടിന് തുടക്കമാകുക. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാൾ തന്നെയാണ്. മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല സതീശിനായിരുന്നു.നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു വിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാളിലേക്ക് എത്തുന്നത്. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനാണ് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ്. സതീഷിൻ്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു.

സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസൻസ് നൽകാൻ പ്രയാസമായതോടെ കളക്ടർ വിആർ കൃഷ്‌ണ തേജ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു നടത്തിയ ചർച്ചകളിലൂടെയാണ് ഒരേ കരാറുകാരൻ മതിയെന്നു തീരുമാനിച്ചത്. അതേസമയം വെടിക്കെട്ടിന്റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനമെന്നും വെടിക്കെട്ടിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ആരോഗ്യകരമായ മത്സരങ്ങൾ ഇത്തവണയും ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

രാജ്യത്താകെ ഹിറ്റായി കൊച്ചി വാട്ടര്‍മെട്രോ; മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍.

രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോ കൊച്ചിയിൽ തുടങ്ങിയിട്ട് 25-ന് ഒരു വർഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനിൽ ഒന്നായി വാട്ടർമെട്രോ മാറിക്കഴിഞ്ഞു. ടൂർ പാക്കേജുകളിലെല്ലാം വാട്ടർമെട്രോ യാത്രയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടർമെട്രോ എന്നതാണ് ആകർഷണം.വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടർമെട്രോയിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ കൊല്ലവും വാട്ടർമെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്.

ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആർ.എൽ. അധികൃതർ പറയുന്നു. അവധിക്കാലമായതിനാൽ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ. സർവീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടർമെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിൻ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോൾഗാട്ടിയിലേക്കും സർവീസ് തുടങ്ങി. നിലവിൽ ഒൻപത് ടെർമിനലുകളുണ്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകൾ കഴിഞ്ഞ മാർച്ചിലാണ് ഉദഘാടനം ചെയ്തത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വാട്ടർമെട്രോ പൂർണ സജ്ജമാകുന്നതോടെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സർവീസ് നടത്തുക. കൊച്ചി കപ്പൽശാലയിൽ നിർമിച്ച അത്യാധുനിക ബോട്ടുകളാണ് വാട്ടർമെട്രോയിൽ സർവീസ് നടത്തുന്നത്.

ടൂറിസം സാധ്യതകളേറെ

വിനോദസഞ്ചാരമേഖലയിൽ വാട്ടർമെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആർ.എൽ. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടർമെട്രോയിൽ യാത്രചെയ്തെത്തുന്നവർക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാൻ പദ്ധതിയുണ്ട്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Verified by MonsterInsights