മഴ കനക്കും, തിരുവനന്തപുരം കൊച്ചി അടക്കം ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും; മത്സ്യബന്ധനത്തിന് പേകാരുതെന്നും മുന്നറിയിപ്പ്.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്തെ 7 ജില്ലകള്‍ക്ക് കേന്ദ്ര കാലാവ്സ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കാണ് മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴക്കാണ് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 21ന് തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബര്‍ 23ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.24 മണിക്കൂറില്‍ 64.5 മില്ലമീറ്ററ മുതല്‍ 115.5 വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാം. ഇന്നും നാളെയും തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 34 മുതല്‍ 45 വരെയും ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിന് മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എല്ലാ മദ്യക്കടകളിലും അടുത്തമാസം ബിൽ.

ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ മദ്യക്കടകളിലും ബിൽ സംവിധാനം എർപ്പെടുത്തുമെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു. ആദ്യപടിയായി കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ചെന്നൈ നഗരത്തിലെ ചില കടകളിലും അടക്കം 220കടകളിൽ ബിൽ സംവിധാനം ആരംഭിച്ചു.

വർഷാവസാനത്തോടെ ഇത് മുഴുവൻ കടകളിലേക്കും വ്യാപിപ്പിക്കും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ മാത്രമാണ് മദ്യം വിൽക്കാൻ അനുമതി. ഇതിനിടെ, വാലജാബാദിനു സമീപത്തെ ടാസ്മാക് കടയിൽ മദ്യത്തിന് അധിക വില ഈടാക്കിയെന്ന പരാതിയിൽ 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഒരു കുപ്പി മദ്യത്തിന് 10 രൂപ വീതം അധികം ഈടാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.

ജനങ്ങൾ എതിർത്താൽ മദ്യക്കട മാറ്റണം 

മദ്യക്കടകൾ പ്രവർത്തിക്കുന്നതിൽ പ്രദേശവാസികൾ എതിർപ്പുന്നയിച്ചാൽ കടകൾ മാറ്റി സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം. വാടക കാലാവധി അവസാനിച്ചിട്ടും കട ഒഴിയാത്ത ടാസ്മാക് നടപടിക്കെതിരെ കൃഷ്ണഗിരി സ്വദേശി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം. കട ഒഴിയാത്തതിനെതിരെ പരാതിപ്പെട്ട ഇയാൾക്കെതിരെ വ്യാജമദ്യം വിറ്റെന്ന കുറ്റം ചുമത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസും കോടതി റദ്ദാക്കി.

ബില്ലിനേക്കാള്‍ കൂടുതല്‍ മീറ്റര്‍ വാടക നല്‍കേണ്ടി വരുമെന്ന് ആശങ്ക, കേരളത്തിലെ വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉടനില്ല.

കേരളത്തിലെ വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉടന്‍ നടപ്പാക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. കെ.എസ്.ഇ.ബി സമര്‍പ്പിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചത്. വിവിധ വിഭാഗം ഉപയോക്താക്കളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ മീറ്റര്‍ വാടക താങ്ങാനാവുന്നതിലും അധികമാകില്ലേയെന്ന ചോദ്യത്തിന് വൈദ്യുതി ബോര്‍ഡിന് വ്യക്തമായി മറുപടി നല്‍കാനായില്ല. താരതമ്യേന കുറഞ്ഞ വൈദ്യുതി ചെലവ് വരുന്ന വീടുകളില്‍ ബില്‍ തുകയേക്കാള്‍ കൂടുതലാകും മീറ്റര്‍ വാടക എന്നതാണ് കമ്മീഷന്റെ ആശങ്ക.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം കണക്ഷനുകളിലാണ് സ്മാര്‍ട്ട്മീറ്റര്‍ സ്ഥാപിക്കുന്നത്. വലിയ വ്യവസായ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഓഫീസുകളും ഉള്‍പ്പെടുന്ന പദ്ധതിക്ക് 277 കോടി രൂപയാണ് ചെലവ് വരുന്നത്. രണ്ടാം ഘട്ടമായി വീടുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ കമ്മീഷന്‍ തടസം ഉന്നയിച്ചത്.

തെളിവെടുപ്പില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുന്നത് ചെലവ് കൂട്ടുമെന്ന ആശങ്ക അറിയിച്ചിരുന്നു. പ്രത്യേകിച്ചും 100 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിനേക്കാള്‍ കൂടുതല്‍ തുക മീറ്റര്‍ വാടകയായി നല്‍കേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചു.

വാര്‍ഷിക നേട്ടം ₹252.96 കോടി
കമ്മീഷന് സമര്‍പ്പിച്ച വിശദമായ പദ്ധതി രൂപരേഖ അനുസരിച്ച് (DPR) ആദ്യഘട്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 252.96 കോടി രൂപയുടെ വാര്‍ഷിക നേട്ടമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. സാങ്കേതികവും വാണിജ്യപരവുമായ നഷ്ടങ്ങള്‍ കുറയ്ക്കുന്നതു വഴിയും പ്രവര്‍ത്തന കാര്യക്ഷമതയില്‍ പൊതുവായ മെച്ചപ്പെടുത്തലുണ്ടാകുന്നതിലൂടെയുമാണ് ഈ ലാഭം പ്രതീക്ഷിക്കുന്നതെന്ന് ഡി.പി.ആര്‍ പറയുന്നു.

വൈദ്യുതി ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്നടക്കം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിംഗ് നടപ്പാക്കിയത് വഴി കെ.എസ്.ഇ.ബിക്ക് പ്രതിവര്‍ഷം കുറഞ്ഞത് 150 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ടോട്ടെല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ അഥവാ ടോട്ടെക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് കെ.എസ്.ഇ.ബി പകരം പദ്ധതിയുമായി എത്തിയത്.

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ഒടുവില്‍ ഉത്തരം കണ്ടെത്തി ശാസ്ത്രം.

കോഴിയാണോ മുട്ടയാണോ ഏതാണ് ആദ്യം ഉണ്ടായത്? ദീര്‍ഘകാലം ആളുകളെ കുഴക്കിയിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രം. കോഴിയല്ല, മുട്ടയാണ് ആദ്യം ഉണ്ടായത്. അതെങ്ങനെ തീര്‍ത്ത് പറയാമെന്നല്ലേ.. ശാസ്ത്രീയ കാരണങ്ങള്‍ സഹിതമുള്ള വിശദീകരണവുമുണ്ട്. പരിണാമ സിദ്ധാന്തമനുസരിച്ചും കാരണഫല സിദ്ധാന്തമനുസരിച്ചും മുട്ട തന്നെയാണ് ആദ്യം ഉണ്ടായത്. പെണ്‍ പ്രത്യുല്‍പാദന കോശത്തെയാണ് അണ്ഡം അഥവാ മുട്ടയെന്ന് പറയുന്നത്. അത് കോഴി ഉണ്ടാകുന്നതിനും വളരെക്കാലം മുന്‍പ് ഭൂമുഖത്ത് നിലനിന്നിരുന്നു.

നിലവില്‍ ഭൂമിയില്‍ കാണപ്പെടുന്ന പുറന്തോടുള്ള മുട്ടയുടെ രൂപം 325 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതാണെന്ന് ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിക്കുന്നത്. നട്ടെല്ലുള്ള ജീവികളെ ജലത്തിലുള്ള പ്രത്യുല്‍പാദനത്തില്‍ നിന്നും കരയിലേക്ക് സ്വതന്ത്രമാക്കുന്നതായിരുന്നു മുട്ടകളില്‍ വന്ന കട്ടിയുള്ള പുറന്തോടെന്ന ഈ രൂപാന്തരമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കോഴികളടക്കമുള്ള പക്ഷി വര്‍ഗം ഭൂമുഖത്ത് പിന്നെയും കുറേക്കാലം കഴിഞ്ഞിട്ടാണ് രൂപമെടുത്തത്.

ജുറാസിക് കാലഘട്ടത്തില്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പക്ഷികള്‍ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. നിലവില്‍ പക്ഷികളുടേതായി ലഭിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയ ഫോസിലുകളും ഈ കാലത്തിലേത് തന്നെയാണ്. പക്ഷികള്‍ രൂപപ്പെടുന്നതിന് മുന്‍പ് ദിനോസറുകളടക്കമുള്ള കരയില്‍ ജീവിച്ചിരുന്ന നട്ടെല്ലുള്ള ജീവി വര്‍ഗങ്ങള്‍ കട്ടിയേറിയ പുറന്തോടുള്ള മുട്ടകള്‍ ഇട്ടിരുന്നതിന് തെളിവുകളുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ചുവപ്പന്‍ കാട്ടുകോഴികളില്‍ നിന്ന് പരിണാമം സംഭവിച്ചാണ് ഇന്നത്തെ രൂപത്തിലും സ്വഭാവത്തിലുമുള്ള കോഴികള്‍ ഉണ്ടായതെന്നാണ് കരുതുന്നത്. ഇവയുടെ പരിണാമം സംഭവിച്ചത് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോഴികളെ വീട്ടില്‍ ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചതാവട്ടെ 1650 ബിസിക്കും 1250 ബിസിക്കും ഇടയിലാണ്. ഇക്കാലത്തിനിടയിലെന്നോ കോഴിയുടെ ആദിമ രൂപം ഭ്രൂണമുള്‍ക്കൊള്ളുന്ന മുട്ടയിട്ടുവെന്നും അങ്ങനെയാണ് ശരിക്കുമുള്ള കോഴി ഉണ്ടായതെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അങ്ങനെയാണ് കോഴിയെക്കാള്‍ വളരെക്കാലം മുന്‍പ് മുട്ടകള്‍ ഉണ്ടായിരുന്നുവെന്ന അനുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഇനി എല്ലാം മറക്കാം,പുതു പുത്തനായി കിട്ടും’; ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍.

ഉപയോക്താക്കൾക്ക് അവരുടെ ഫീഡിൽ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. മുൻപ് നടത്തിയിട്ടുള്ള സെർച്ചുകൾക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവിൽ ഓരോരുത്തരുടേയും ഫീഡിൽ നിറഞ്ഞിട്ടുണ്ടാവുക. പുതിയ ഫീച്ചറിലൂടെ മുൻകാല പ്രവർത്തനങ്ങൾ മറക്കാനും ആദ്യം മുതലുള്ള മുൻഗണനകൾ മാറ്റാനും ആപ്പിനെ പ്രാപ്തമാക്കും.

ഇത് ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങൾ നിങ്ങളോട് പെരുമാറും’ ഇൻസ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറഞ്ഞു.

കൗമാരക്കാർക്കുള്ള അക്കൗണ്ടുകളിലുൾപ്പടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകുമെന്ന മെറ്റ അറിയിച്ചു.

ഉപയോക്താക്കൾ സമയം ചെലവഴിക്കുന്നതും സെർച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അൽഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകൾ നിറയുന്നത്. അതിൽ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അൽഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയിൽ തന്നെ ഇൻസ്റ്റഗ്രാം പുതിയ ഫീഡുകൾ നൽകുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു: 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യം.

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ 2025 ഫെബ്രുവരി 15-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. ആദ്യമായാണ് പരീക്ഷയ്‌ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്.

പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 1-ാം തീയതിയും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.

സ്വര്‍ണം വന്‍ കുതിപ്പില്‍; തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധിച്ചു… ട്രംപ് ഇഫക്ട് തീര്‍ന്നു, പവന്‍ വില അറിയാം.

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നല്‍കിയ ആശ്വാസം തീര്‍ന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയായിരുന്നു. ഏറ്റവും കുറവ് 55480 രൂപയും. ഈ നിരക്കില്‍ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഉയരാന്‍ തുടങ്ങിയത്. 480 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ചൊവ്വാഴ്ച 560 രൂപ വര്‍ധിച്ചു. ഇന്ന് 400 രൂപയും കൂടി. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് സൂചന. ഇന്നത്തെ സ്വര്‍ണവിലയും വിപണിയിലെ മാറ്റങ്ങളും അറിയാം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56920 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7115 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി 5870 രൂപയിലെത്തി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപ നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയിലും സ്വര്‍ണവില കൂടുന്നതാണ് ട്രെന്‍ഡ്. ഔണ്‍സ് സ്വര്‍ണം 2640 ഡോളര്‍ നിരക്കിലാണിപ്പോള്‍ വ്യാപാരം. 2550ലേക്ക് നേരത്തെ ഇടിഞ്ഞിരുന്നു.

ഡോളര്‍ സൂചിക 106.26 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. അതേസമയം, ക്രൂഡ് ഓയില്‍ വില കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നുണ്ടെങ്കിലും വന്‍ മുന്നേറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 73.28 ഡോളര്‍ ആണ് പുതിയ വില. രൂപയുടെ മൂല്യം ആശങ്കപ്പെടുത്തുന്നുണ്ട്. ഡോളറിനെതിരെ 84.40 എന്ന നിരക്കിലാണ് രൂപ. ഇത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്.

ആഭരണം, പണിക്കൂലി, മൊത്തം ചെലവ്
പവന്‍ വില 57000ത്തോട് അടുത്ത സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നതിനുള്ള ചെലവും വര്‍ധിക്കും. ഓരോ ദിവസവും രാവിലെ വ്യാപാരികള്‍ സ്വര്‍ണ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ മൂല്യം എന്നിവ ഒത്തുനോക്കിയാണ് വില നിശ്ചയിക്കുക. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഈടാക്കും.

വാങ്ങുന്ന ആഭരണത്തിന്റെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലി വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണമാണെങ്കില്‍ പണിക്കൂലിയും കൂടും. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണമാണെങ്കിലും പണിക്കൂലി വര്‍ധിക്കും. സ്വര്‍ണത്തിന്റെ വില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. എല്ലാം കൂടി ചേര്‍ത്താകും ജ്വല്ലറികളുടെ ബില്ല്. അതുകൊണ്ടുതന്നെ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും.

വില ഇനിയും കൂടുമെന്ന സൂചനയുള്ള സാഹചര്യത്തില്‍, വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണം. മിക്ക ജ്വല്ലറികളിലും ഈ സംവിധാനം ലഭ്യമാണ്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. പണം കുറയുന്നതിന് അനുസരിച്ച് കാലാവധിയിലും കുറവ് വന്നേക്കും.

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? സത്യമിതാണ്.

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം കാരണമാണ്.

എങ്കിലും നരച്ച മുടി ഒളിപ്പിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇതിനായി ഹെയര്‍ ഡൈ പോലുള്ള കാര്യങ്ങള്‍ ആണ് എല്ലാവരും ഉപയോഗിയ്ക്കുന്നത്. തുടക്കത്തിൽ നര കാണുമ്പോള്‍ പലരും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. കൂടുതല്‍ മുടി നരച്ചിട്ടുണ്ടെങ്കില്‍ ഇതുപോലെ പിഴുതുമാറ്റല്‍ പ്രാവര്‍ത്തികമായ കാര്യവുമല്ല. എന്നാല്‍ വിരലില്‍ എണ്ണാവുന്നത്ര മുടിയേ നരച്ചിട്ടുള്ളൂവെങ്കില്‍ പലതും ഇത് പിഴുതെടുക്കാറുണ്ട്.

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന ഒരു വിശ്വാസം നമ്മുടെ ഇടയില്‍ ഉണ്ട്. വാസ്തവത്തില്‍ നരച്ച മുടി നാം പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ. ഇതിന്റെ വാസ്തവം അറിയാം.

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലെന്നുള്ളതാണ് വാസ്തവം. ഹെയര്‍ ഫോളിക്കിളുകളില്‍ കണ്ടുവരുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ഉല്‍പാദിപ്പിയ്ക്കുന്നത്. കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്. ഇതിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ ആണ്  മുടി നരയ്ക്കുന്നത്.

വിദേശങ്ങളിലുള്ളവര്‍ക്ക് പൊതുവേ ഈ മെലാനിന്‍ കുറവാണ്. ഇതാണ് പലരുടേയും മുടി ജന്മനാ കറുപ്പല്ലാത്തതും. ഇത് ജനിതകമായ ഒരു വ്യത്യാസമാണ്.

മെലാനോസൈറ്റ് രണ്ടു തരമുണ്ട്. ഫിയോമെനാനോസൈറ്റുകള്‍,യൂമെലാനോസൈറ്റുകള്‍ എന്നിവയാണ് ഇവ. ഇതില്‍ രണ്ടാമത്തേത്‌ ചുവപ്പും മഞ്ഞയും പിഗ്മെന്റുകളുണ്ടാക്കുന്നു. ആദ്യത്തേത് ബ്രൗണ്‍, ബ്ലാക്ക് പിഗ്മെന്റുകളും. പ്രായമേറുന്തോറുംമെലാനോസൈറ്റുകളുടെ ഉല്‍പാദനം കുറയുന്നു ഇത് നരച്ച മുടിയ്ക്ക് കാരണമാകുന്നു.

ഹെയര്‍ ഫോളിക്കിളുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവിന് അനുസരിച്ചാകും ഓരോ മുടിയുടേയും നിറം. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉല്‍പാദിപ്പിയ്ക്കാനോ ഉള്ളത് വര്‍ദ്ധിയ്ക്കാനോ ഇടയാക്കുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.

ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

എന്നാൽ, നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം. മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ല.

ശേഷാദ്രി കുങ്കുമപ്പൂ വിരിയിക്കുന്നത് വയനാട്ടിൽ; ഗ്രാമിന് വില 900 രൂപവരെ.

വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയിൽ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുകയാണ് വയനാട്ടുകാരൻ ശേഷാദ്രി. മണ്ണും വെള്ളവും വേണ്ടാത്ത എയ്റോപോണിക്സ് സാങ്കേതികവിദ്യയിൽ കേരളത്തിലാദ്യമായാണ് കുങ്കുമപ്പൂവ് ഇൻഡോർ കൃഷി ചെയ്യുന്നതെന്ന് ശേഷാദ്രി പറഞ്ഞു.  കിറ്റ്കോയിൽ സിവിൽ എൻജിനിയറായിരുന്ന ഈ 33-കാരൻ ജോലിയോട് വിടപറഞ്ഞാണ് സുൽത്താൻബത്തേരി മലവയലിലെ വീട്ടിലേക്ക് കശ്മീർ താഴ്വരയിലെ കുങ്കുമപ്പൂക്കളെ കൊണ്ടുവന്നത്. പുണെയിൽ കുങ്കുമപ്പൂ കൃഷിചെയ്യുന്ന കർഷകനെക്കുറിച്ച് അറിഞ്ഞ്, അവിടെയെത്തി നേരിൽക്കണ്ട് പഠിക്കുകയായിരുന്നു.

കണ്ടാൽ വെളുത്തുള്ളിയെന്ന് തോന്നുന്ന സാഫ്രൺ കോർമ്സ് (ബൾബ്) കശ്മീരിൽനിന്ന് എത്തിച്ചു. വീട്ടിലെ ടെറസ്സിൽ താപനിലയും ഈർപ്പവും നിലനിർത്തുന്ന സജ്ജീകരണമൊരുക്കി കൃഷിതുടങ്ങി. സെപ്റ്റംബർമുതൽ ഡിസംബർവരെയാണ് കൃഷിക്കാലം.

പൂക്കൾ വിരിഞ്ഞുതുടങ്ങുമ്പോൾ ജനിദണ്ഡുകൾ സൂക്ഷ്മതയോടെ ശേഖരിച്ച് പ്രത്യേക യന്ത്രത്തിൽ ഉണക്കിയെടുക്കണം. ഗുണമേന്മയ്ക്കനുസരിച്ചാണ് വില. അനുകൂല താപനില കൃത്രിമമായി നിലനിർത്തുന്നതിനാൽ വർഷം മുഴുവൻ കുങ്കുമപ്പൂ കൃഷിചെയ്യാനാവുമോ എന്നുള്ള പരീക്ഷണം ഇപ്പോൾ നടത്തുന്നുണ്ട്. ശേഷാദ്രി ഇല്ലാത്തപ്പോൾ സഹോദരി നിത്യയാണ് കൃഷിയുടെ മേൽനോട്ടം. പരേതരായ ശിവകുമാറിന്റെയും സർവമംഗളയുടെയും മക്കളാണ് ഇരുവരും.

വിലയും ഗുണവും

പൂവ് വയലറ്റ് നിറത്തിലാണ്. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകൾ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേർതിരിച്ചെടുക്കുന്നത്. കുങ്കുമനിറത്തിലുള്ള ഇതാണ് ഔഷധ ആവശ്യങ്ങൾക്കും നിറത്തിനും ഉപയോഗിക്കുന്നത്. ഏകദേശം 150 പൂക്കളിൽനിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുന്നത്. ഗ്രാമിന് മുന്നൂറുമുതൽ 900 രൂപവരെയാണ് റീട്ടെയിൽ വില. ലോകത്ത് ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവിൽ 88 ശതമാനവും ഇറാനിലാണ്. കശ്മീർ, സ്പെയിൻ എന്നിവിടങ്ങളിലും കൃഷിയുണ്ട്.

friends catering

കെ.എസ്.ആര്‍.ടി.സി.യില്‍ ജനുവരിമുതല്‍ ഒന്നാംതീയതി ശമ്പളം.

കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതൽ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ.

ബാങ്ക് കൺസോർഷ്യത്തിൽനിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉൾപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആർ.ടി സി.ക്ക് വായ്പ നൽകും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നൽകും.

ശമ്പളം കൃത്യമായി നൽകിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നൽകുന്ന 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതർ, ബാങ്ക് കൺസോർഷ്യം പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

എസ്.ബി.ഐ., പി.എൻ.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉൾപ്പെട്ട ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷനും മുദ്രപ്പത്രചെലവുകൾക്കായി 9.62 കോടി രൂപ സർക്കാർ ഒഴിവാക്കിനൽകിയിരുന്നു. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാർഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാൽ ഡിസംബർ രണ്ടാംവാരംതന്നെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്ക് ഉൾപ്പെടും.

ശബരിമല സീസൺ അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാൽ ഭരണകക്ഷി യൂണിയനുകൾ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഹിതപരിശോധനയിൽ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.

Verified by MonsterInsights