4Gയില്‍ ലോകത്തെ പിന്തുടര്‍ന്നു, 5Gയില്‍ ഒപ്പം നടന്നു, 6G യില്‍ ലോകത്തെ ഇന്ത്യ നയിക്കും’.

അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായികളായ ആകാശ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കെ.എം.ബിര്‍ള തുടങ്ങിയവര്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു.ഇന്ത്യയുടെ മൊബൈല്‍ ഉപയോക്തൃ അടിത്തറയുടെ ശ്രദ്ധേയമായ വളര്‍ച്ച ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങില്‍ ചൂണ്ടിക്കാട്ടി.രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാണ്. പത്ത് വര്‍ഷം മുമ്പ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് വെറും 60 ദശലക്ഷം ഉപയോക്താക്കളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 960 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉണ്ട്’ രാജ്യം കൈവരിച്ച അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു.







4ജിയില്‍ ഇന്ത്യ ലോക രാജ്യങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ 5 ജി ആയപ്പോഴേക്കും അവര്‍ക്കൊപ്പത്തിനൊപ്പം ഇന്ത്യക്ക് നില്‍ക്കാനായി. 6 ജിയില്‍ ലോകത്തെ നയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ടെലികോം മന്ത്രി പറഞ്ഞു. 
‘പുതിയ ടെലികോം നിയമം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പോലെയുള്ള വലിയ സാധ്യതയുള്ള മേഖലകളെ അഭിസംബോധന ചെയ്യും. അടുത്ത വര്‍ഷം പകുതിയോടെ, 100% കവറേജ് ഉറപ്പാക്കിക്കൊണ്ട് 4ജി രാജ്യത്തുടനീളം പൂര്‍ത്തീകരണം നടത്തും’ സിന്ധ്യ പറഞ്ഞു.ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജിയുടെ വിന്യാസം നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. , 6ജി സാങ്കേതികവിദ്യയില്‍ ഒരു നേതാവാകുക എന്നതാണ് ഇന്ത്യയുടെ അഭിലാഷമെന്നും സിന്ധ്യ വ്യക്തമാക്കി.





പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് എപ്പോഴും ശരിയല്ല!

കടയിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് പാൽ‌ തിളപ്പിച്ചാണോ ഉപയോ​ഗിക്കാറുള്ളത്? ശീലം കൊണ്ട് അങ്ങനെ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ, പായ്ക്കറ്റ് പാൽ എല്ലാം അങ്ങനെ തിളപ്പിക്കുന്നത് ശരിയല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും പാലിലെ പോഷക​ഗുണങ്ങൾ നഷ്ടപ്പെടാൻ ഈ ശീലം കാരണമാകുമത്രേ!ഇന്ത്യയിൽ പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുക എന്നത് സാസ്കാരിക ശീലങ്ങളുടെ കൂടി ഭാ​ഗമാണ്. ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് പാൽ വാങ്ങി ഉപയോ​ഗിക്കുന്നതിൽ നിന്നാണ് ഈ ശീലം ഉണ്ടായിവന്നത്. തൊഴുത്തിൽ നിന്ന് നേരിട്ട് ലഭിക്കുമ്പോൾ‌ പാലിൽ ഉണ്ടാകാനിടയുള്ള ബാക്ടീരിയയെയും മറ്റും ഇല്ലാതാക്കാൻ പാൽ തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, കടകളിൽ നിന്ന് ഇന്ന് ലഭിക്കുന്ന പാലിന്റെ കാര്യത്തിൽ ഇതല്ല അവസ്ഥ.

നമുക്ക് കടകളിൽ നിന്ന് ലഭിക്കുന്ന പാൽ മിക്കപ്പോഴും പാസ്ച്വറൈസ്ഡ് ആയിരിക്കും. അതായത് പായ്ക്കിം​ഗ് പ്രോസസിന് മുമ്പ് തന്നെ അവ അണുവിമുക്തമാക്കിയിട്ടുണ്ടാകും. ആവശ്യത്തിന് ചൂടാക്കി ബാക്ടീരിയകളെയും ആരോ​ഗ്യത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളെയും ഇല്ലാതാക്കിയ ശേഷമാകും ഇവ വിതരണത്തിനെത്തിക്കുക

അതുകൊണ്ടുതന്നെ ഈ പാൽ വീണ്ടും തിളപ്പിക്കണമെന്നില്ലെന്ന് പറയുന്നു പൂനെ മണിപ്പാൽ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോക്ടർ വിചാർ നി​ഗം. ഇനി ചില സാഹചര്യങ്ങളിൽ ഇങ്ങനെ വാങ്ങുന്ന പാസ്ച്വറൈസ്ഡ് പാൽ പായ്ക്കറ്റ് പൊട്ടിയതായോ വൃത്തിഹീനമായതോ ആയി കാണപ്പെടാറുണ്ട്. അപ്പോൾ സുരക്ഷയ്ക്കായി പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.ഡയറ്റീഷ്യനായ റിദ്ദിമ കമ്സേറ പറയുന്നത് പാസ്ച്വറൈസ്ഡ് ചെയ്ത പാല് വീണ്ടും തിളപ്പിച്ചാൽ അതിലെ പോഷക​ഗുണങ്ങൾ‌ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്. നല്ല ബാക്ടീരിയകളും ഇല്ലാതായേക്കാം. പല അവശ്യ പോഷകങ്ങളും നശിച്ചേക്കാം. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയുടെ അളവ് കുറഞ്ഞേക്കാം. അതുകൊണ്ട് പാല്, ആവശ്യമെങ്കിൽ ചെറുതായി ചൂടാക്കുക മാത്രമേ ചെയ്യാവൂ എന്നും റിദ്ദിമ അഭിപ്രായപ്പെടുന്നു.

എന്താണ് പാസ്ച്വറൈസേഷൻ?

പാൽ ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് പാസ്ച്വറൈസേഷൻ. എച്ച്ടിഎസ്ടി, യുഎച്ച്ടി എന്നീ രണ്ട് മാർ​ഗങ്ങളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. എച്ച്ടിഎസ്ടിയിൽ പാല് 72°Cൽ (161°F) 15–20 സെക്കന്റ് വരെ സമയത്ത് ചൂടാക്കുകയാണ് ചെയ്യുന്നത്. യുഎച്ച്ടിയിൽ പാല് 135°C ൽ (275°F) 2–5 സെക്കന്റ് വരെ സമയത്ത് ചൂടാക്കുന്നു. ഇങ്ങനെ ചെയ്താൽ‌ പാൽ ദീർഘകാലത്തേക്ക് കേടാകാതെ ഇരിക്കുകയും ചെയ്യും.

ഈ ചുമമരുന്ന് കുട്ടികള്‍ക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി അധികൃതര്‍, കമ്പനികളുടെ ആവശ്യം തള്ളി.

ക്ലോര്‍ഫെനിര്‍മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന ചുമമരുന്ന് നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. ഒരുവര്‍ഷംമുന്‍പ് നിരോധനം നടപ്പാക്കിയിരുന്നു. ഇതിനെതിരേ പ്രധാന നിര്‍മാതാക്കള്‍ പരാതിയുയര്‍ത്തി.
ഇതുപരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് നിരോധനം ശരിവെച്ചത്. ഇന്ത്യയില്‍ ചുമമരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള സംയുക്തമാണിത്. 
പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.



ഡി.ടി.എ.ബി.ക്ക് പുറമേ ഈ വിഷയത്തിന്റെ വിദഗ്ധസമിതിയും പരാതി ചര്‍ച്ചചെയ്തു. ഇതിനുശേഷമാണ് തീരുമാനം. മരുന്നിന്റെ കവറിനുമുകളില്‍ നാലുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പതിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിര്‍ബന്ധമാക്കി.



ഭൂമിക്കടിയിൽ ‘കുതിപ്പിൽ’ യാത്രാക്കുരുക്കിന് ആശ്വാസം; റെക്കോര്‍ഡ് നേട്ടവുമായി മുംബൈ ഭൂഗര്‍ഭ മെട്രോ

പുതിയതായി ആരംഭിച്ച മുംബൈ ഭൂഗര്‍ഭ മെട്രോലൈൻ്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് ദിവസത്തിനുളളില്‍(ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 13 വരെ) യാത്രചെയ്തത് 1.55 ലക്ഷം യാത്രക്കാര്‍. മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എംഎംആര്‍സിഎല്‍) കണക്കുകള്‍ പ്രകാരം മെട്രോയുടെ ആദ്യത്തെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. ഒന്നാം ദിവസം 18,015 യാത്രക്കാരാണ് ഇതുവഴി യാത്രചെയ്തത്. ഒക്ടോബര്‍ 13 ആയപ്പോഴേക്കും 25, 782 യാത്രക്കാര്‍ എന്ന നിലയില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 43.11 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഭൂഗര്‍ഭ മെട്രോ ലൈനിൻ്റെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്‌ മുതല്‍ആരേയ് കോളനി വരെയുള്ള ആകെ 33.5 കിലോ മീറ്റര്‍ ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ദിവസവും 96 ട്രിപ്പുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതലുമാണ് പ്രവർത്തി സമയം. വണ്‍വേ യാത്രയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയും കൂടിയ നിരക്ക് 50 രൂപയുമാണ്. ഒരു ട്രെിയിനില്‍ 2500 യാത്രക്കാര്‍ക്ക് വരെ യാത്രചെയ്യാന്‍ സാധിക്കും എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ട്രെയിനുകൾക്ക് എട്ട് കോച്ചുകള്‍ വീതമാണുള്ളത്.14,120 കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. മുംബൈയിലെ ഗതാഗതക്കുരുക്കിനിടയിൽ ഭൂഗര്‍ഭ മെട്രോലൈൻ ആശ്വാസകരമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം

യു.ജി.സി നെറ്റ് പരീക്ഷാഫലം ഇന്ന്; കാത്തിരിക്കുന്നത് ഒന്‍പത് ലക്ഷത്തോളം പേര്‍.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടന്ന സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. ഒന്‍പത് ലക്ഷത്തോളം പേരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ugcnet.nta.ac.in ല്‍ പരീക്ഷാഫലം അറിയാം.
ജൂണ്‍ ടേമിലെ പരീക്ഷാഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. സാധാരണയായി പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലം പുറത്തുവിടാറുണ്ട്. എന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ച വിവരം വൈകിയാണ് HRDG- CSIR പുറത്തുവിട്ടത്. റിസള്‍ട്ട് വൈകുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിരുന്നു.





ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റാണ് സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആര്‍ യു.ജി.സി.നെറ്റ്; കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്.
ജെ.ആര്‍.എഫ്. യോഗ്യത ലഭിക്കുന്നവര്‍ക്ക് അംഗീകൃതസ്ഥാപനത്തില്‍ ഗവേഷണ പ്രവേശനം ലഭിക്കുമ്പോള്‍ ആദ്യ രണ്ടുവര്‍ഷം മാസം 37,000 രൂപ ലഭിക്കും. മൂന്നാം വര്‍ഷംമുതല്‍ സ്റ്റൈപ്പെന്‍ഡ് 42,000 രൂപയാണ് അനുവദിക്കുക.





യുപിഐ രംഗത്തും കൈവെച്ച് ജിയോ; സാമ്പത്തിക ആവശ്യങ്ങൾക്കായി വ്യത്യസ്ത അപ്ഡേഷനുകൾ

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ വലിയ കുതിച്ചു ചാട്ടം നടത്തിയ റിലയൻസ് ജിയോ പുതിയ മേഖലയിൽ കൂടി കൈ വെച്ചിരിക്കുകയാണ്. സാമ്പത്തിക അവശ്യങ്ങൾക്കായി പല തരത്തിലുള്ള അപഡേഷനുമായി എത്തിയിരിക്കുകയാണ് ജിയോ ഫിനാൻസ് ആപ്പ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡാണ് ഇതും വികസിപ്പിച്ചെടുത്തത്. വെള്ളിയാഴ്ച ലോഞ്ചിങ് നടത്തിയ ആപ്പ് ഉപയോക്താക്കൾക്കായി ഇപ്പോൾ ലഭ്യമാണ്. യുപിഐ ഇടപാടുകൾ നടത്തുന്നതിനും, മ്യൂച്വൽ ഫണ്ടുകൾ നിരീക്ഷിക്കുന്നതിനും നിക്ഷേപിക്കുന്നതിനും, ബിൽ പേയ്‌മെൻ്റുകൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ജിയോ ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ഈ ആപ്പ് ലഭ്യമാകും.

 

മുൻപ് ആപ്പിൻ്റെ ഒരു ബീറ്റാ പതിപ്പ് പുറത്തിറക്കിയിരുന്നു, ഈ പതിപ്പിൽ നിന്ന് ലഭിച്ച ഫീഡ്ബാക്കിൽ നിന്ന് വേണ്ട മാറ്റങ്ങൾ ഉൾകൊണ്ടാണ് ഇപ്പോൾ ജിയോ ഫിനാൻസ് പുറത്തിറക്കിയിരുക്കുന്നത്. ആറ് ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ആപ്പിൻ്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായി ജിയോ ഫിനാൻസ് സർവീസ് ലിമിറ്റഡ് അവകാശപ്പെടുന്നു. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും, ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാനും യുപിഐ പേയ്‌മെൻ്റുകൾ നടത്താനും സാധിക്കും. ഓൺലൈൻ പേയ്‌മെൻ്റുകൾക്കും മറ്റ് ഉപയോക്താക്കൾക്ക് പണം അയയ്ക്കാനും ഈ ആപ്പിലൂടെ സാധിക്കും. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകൾ നടത്താൻ ആപ്പിൻ്റെ യുപിഐ ഇൻ്റർനാഷണൽ ഫീച്ചർ ഉപയോഗിക്കാം. അത് മാത്രമല്ല ഇതിനെല്ലാം പുറമെ ആപ്പിനുള്ളിൽ നടത്തുന്ന ഓരോ യുപിഐ ഇടപാടിനും റിവാർഡുകൾ ലഭിക്കും.

ഉപയോക്താക്കൾക്ക് ലൈഫ്, ആരോഗ്യം, ഇരുചക്ര വാഹനം, മോട്ടോർ തുടങ്ങിയ ഇൻഷുറൻസ് പ്ലാനുകളും ഇതുവഴി പ്രയോജനപ്പെടുത്താം. കൂടുതൽ നിക്ഷേപ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി സംരംഭ പങ്കാളിയായ ബ്ലാക്ക് റോക്കുമായി സഹകരിച്ച് സംയുക്തമായി പ്രവർത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത യുപിഐ പേയ്‌മെൻ്റുകൾ, മൊബൈൽ റീചാർജ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്‌ക്കുക തുടങ്ങിയ സവിശേഷതകളും ജിയോ ഫിനാൻസ് മുന്നിലേക്ക് വെക്കുന്നു.

ഇന്ത്യയില്‍ 2022നും 2045നും ഇടയിൽ കാൻസർ രോഗികളുടെ എണ്ണം കൂടും; ഐസിഎംആർ പഠനറിപ്പോർട്ട്

കാൻസർ കേസുകളിലും അതുമൂലമുണ്ടാകുന്ന മരണത്തിലും 2022 നും 2045 നും ഇടയില്‍ ഇന്ത്യയിൽ വര്‍ദ്ധനവുണ്ടാകുമമെന്ന് പഠനങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങളില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രാജ്യങ്ങളിലെ കാന്‍സര്‍ കേസുകള്‍, മരണങ്ങള്‍, ജീവിത നിലവാരത്തിലെ മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനങ്ങള്‍ നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് – നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫൊര്‍മാറ്റിക്ക് ആന്റ് റിസര്‍ച്ചാണ് പഠനം നടത്തിയത്. 2020 നെ അപേക്ഷിച്ച് 2022 ല്‍ ഇന്ത്യയില്‍ കാൻസർ കേസുകളുടെ എണ്ണത്തില്‍ 12.8ശതമാനം വര്‍ദ്ധന ഉണ്ടായെന്നും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുരുഷന്മാരിലെ കാന്‍സര്‍
ഇന്ത്യയൊഴികെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വായിലും ചുണ്ടിലുമാണ് പുരുഷന്മാരില്‍ കൂടുതലായി കാന്‍സര്‍ കാണുന്നതെന്നാണ് റിപ്പോർട്ട്. വര്‍ദ്ധിച്ചുവരുന്ന പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമാണ് വായിലെ കാന്‍സറിന് കാരണം.
സ്ത്രീകളിലെ കാന്‍സര്‍

ചെന ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സ്ത്രീകളില്‍ കൂടുതലും കാണപ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സറാണ്. ലോകമെമ്പാടും പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്തനാര്‍ബുദ കേസുകളില്‍ 33.6ശതമാനവും, മരണങ്ങളില്‍ 36.9 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ രാജ്യങ്ങളൊക്കെയും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായതുകൊണ്ട് കാന്‍സര്‍ നിയന്ത്രണ പദ്ധതികളും മറ്റും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് കാൻസർ അപകട സാധ്യതകളും ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉപഭോക്താവിന് ആശ്വാസം : വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി.ഒഴിവാക്കും.

വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്.മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്‌ക്കെല്ലാം നിലവില്‍ 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.
എന്നാല്‍, വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രസരണത്തിനും വിതരണത്തിനും സാന്ദര്‍ഭികമായി വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുന്നുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതില്‍ നിയമപരമായി ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം പരിശോധിച്ച് തീരുമാനിക്കേണ്ടത് കെ.എസ്.ഇ.ബി.യാണ്.






കേരളത്തില്‍ വിവിധതരം കണക്ഷനുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ട മീറ്റര്‍വാടക മാസം ആറുരൂപ മുതല്‍ 1000 രൂപവരെയാണ്. വീടുകളിലെ സാധാരണ ത്രീഫെയ്സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നു.വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കണം. വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയുന്നത് ഉപഭോക്താവിന് ആശ്വാസമാകും.
വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതൊഴിവാക്കി ബില്ലുകള്‍ നല്‍കുന്നതിന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിട്ടില്ല. ജി.എസ്.ടി. വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിജ്ഞാപനത്തിലെ വാചകങ്ങള്‍പ്രകാരം ഉപഭോക്താക്കളുമായി ബന്ധപ്പെട്ടയിനങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്നാണ്. നികുതി ഒഴിവാക്കല്‍ വ്യവസ്ഥയുടെ വ്യാഖാന സാധ്യതകള്‍കൂടി പരിശോധിച്ച് തീരുമാനമെടുക്കാനും ജി.എസ്.ടി. വകുപ്പിന്റെ അഭിപ്രായം ആരായാനും ആസ്ഥാനത്തെ നികുതിവിഭാഗത്തെ കെ.എസ്.ഇ.ബി. 
ചുമതലപ്പെടുത്തി.






ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് പരിഗണനയിൽ.

വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന സമഗ്രകവറേജാണ് പുതിയപദ്ധതി വാഗ്ദാനംചെയ്യുന്നത്.
70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴിൽ എംപാനൽചെയ്ത ആശുപത്രികളിൽനിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം.





സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴിൽ വരുന്നത്.എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരിൽ അംഗീകാരം നൽകിയത്.



സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം തലവൂർ സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്.

കുട്ടിയെ 12-ന് കടുത്ത തലവേദനയെയും പനിയെയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ രോഗം ഭേദമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. 

തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗം പടർന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ജലാശയങ്ങളിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.

Verified by MonsterInsights