സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ.

ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍). ഹിമാലയന്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സിലാണ് കോഴ്‌സ്.ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനം കൂടിയാണ് ഈ ഏകദിനകോഴ്സ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.




നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
1) ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്‌സ് (11:00-11:30).

2) എലമെന്റ്‌സ് ആന്‍ഡ് ഡൈനാമിക്‌സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്‌പെക്ടീവ് (11:35-12:20) .

3) ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്‌സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്‌ളോ (14:15-15:00) .
4) റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സ് (15:05-15:50) .

70 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഹിമാനികളും മഞ്ഞുരുകലും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ആണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പൊക്കമുള്ളവര്‍ക്ക് കാൻസര്‍ വരാനുള്ള സാധ്യത കൂടുതലോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഉയരമുള്ളവര്‍ക്ക് ഉയരമില്ലാത്തവരെക്കാൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് റിപ്പോര്‍ട്ട്. പരിശോധനയില്‍ 17 കാന്‍സറുകളില്‍ 15 എണ്ണവും പൊക്കമുള്ളവരില്‍ വളരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഓരോ 10 സെന്റിമീറ്റര്‍ ഉയരവും കാന്‍സര്‍ വരാനുള്ള സാധ്യത 16 ശതമാനം വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. പൊക്കമുള്ളവരില്‍ പാന്‍ക്രിയാസ്, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചര്‍മം, സ്തനം എന്നീ അവയവങ്ങളിൽ അര്‍ബുദ സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഉയരവും കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂര്‍ണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങള്‍ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ സംഭവിക്കാവുന്ന ജനിതക നാശത്തിന്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാന്‍സര്‍ വികസിക്കുന്നതെന്നാണ് ഗവേഷകരുടെ ഒരു നിരീക്ഷണം. മറ്റൊന്ന്, ഉയരം കൂടുമ്പോൾ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം, ഇന്‍സുലിന് സമാനമായ വളര്‍ച്ച ഹോര്‍മോണായ ഐജിഎഫ്-1 ആണ്. ഇത് കുട്ടിക്കാലത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുതിര്‍ന്നവരില്‍ കോശ വളര്‍ച്ചയും വിഭജനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേടായതോ പ്രായമായതോ ആയവയ്ക്ക് പകരം പുതിയ കോശങ്ങള്‍ ശരീരം നിരന്തരം ഉത്പാദിപ്പിക്കേണ്ടതിനാല്‍ ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ശരീരത്തില്‍ ഐജിഎഫ്-1 ന്റെ അമിതമായ അളവു ദോഷകരമാണ്. ശരാശരി ഐജിഎഫ്-1 അളവില്‍ കൂടുതലുള്ള ആളുകള്‍ക്ക് സ്തനാര്‍ബുദം അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ ( കൂടുതല്‍ കോശങ്ങളും ഉയര്‍ന്ന ഐജിഎഫ്-1 അളവും) ഉയരമുള്ളവരില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ വാദം.

 
 

പേരയ്ക്ക മാത്രമല്ല, ഇലയും അത്ര നിസ്സാരക്കാരനല്ല; പേരയിലയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കാം

വളരെ നിസാരമെന്ന് വിചാരിക്കുന്ന പല സാധനങ്ങൾക്കും നമ്മൾ അറിയാത്ത ഗുണങ്ങൾ ഉണ്ടാകും. അതുപോലെ നിസാരമായി നമ്മൾ കരുതിയിരുന്നവയിൽ ഒന്നാണ് പേരയില. പേരയ്ക്കയെ ഏറെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പോലും പേരയിലയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ല. ധാരാള പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് പേരയില. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം.

ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കുന്നു.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഗുണകരമാണ്. അതുപോലെതന്നെ ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ മാറ്റി നിർത്താനും പേരയിലയുടെ ഗുണങ്ങൾ സഹായിക്കുന്നു

 

ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അംഗീകാരം നൽകിയത്. ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും

നേരത്തെ തന്നെ പ്രാദേശിക ഭാഷകളിലും എം ബി ബി എസ് പഠനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.. എന്നാൽ ഇതിനെതിരെ വിമർശനം ശക്തമാണ്. അതിനിടെ ആണ് മെഡിക്കൽ കമ്മീഷന്റെ പുതിയ ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റമെന്നാണ് വിശദീകരണം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

ഇനിമുതല്‍ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് ് മെച്ചപ്പെട്ടുത്തുന്നതിന്റെ ഭാഗമായി അറ്റ്‌കോം എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചിട്ടുണ്ട്.

രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട ടി.വിയും ഫോണും; രക്ഷിതാക്കൾക്ക് സ്വീഡന്റെ കർശന നിർദേശം.

ടെലിവിഷനിൽ കാർട്ടൂൺ ചാനലോ സ്മാർട്ട്ഫോണിൽ വീഡിയോകളോ കാണിച്ചാൽമാത്രമേ പലകുഞ്ഞുങ്ങളും ഭക്ഷണംപോലും കഴിക്കൂ എന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ, സ്വീഡനിൽ അതിന് മാറ്റംവരും. രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന കർശന നിർദേശം അച്ഛനമ്മമാർക്ക് നൽകിയിരിക്കുകയാണ് സ്വീഡിഷ് സർക്കാർ.രണ്ടിനും അഞ്ചിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂർവരെ സ്ക്രീനിൽനോക്കാൻ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആറുമുതൽ 12 വയസ്സുവരെ ഉള്ളവർക്ക് അത് ഒന്നുമുതൽ രണ്ടുമണിക്കൂർവരെയാണ്. 13-18 വരെയുള്ള കൗമാരക്കാർക്ക് 2-3 മണിക്കൂർ സ്ക്രീൻ സമയമാണ് അനുവദിച്ചിട്ടുള്ളത്.







സ്കൂൾസമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർവരെ ഒരുദിവസം സ്ക്രീനിനുമുന്നിൽ സമയം ചെലവിടുന്നുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്‌മെഡ് പറഞ്ഞു. കുഞ്ഞുങ്ങൾ കായികപ്രവൃത്തികളിലേർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരരിൽ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനം. അമിത മൊബൈൽ ഫോണുപയോഗം കുട്ടികളിൽ ശാരീരികപ്രശ്നങ്ങൾക്കൊപ്പം വിഷാദമടക്കമുള്ള മാനസികപ്രയാസങ്ങളുമുണ്ടാക്കുന്നെന്നും മന്ത്രാലയം പറഞ്ഞു.





കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സിന്റെ നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്.
മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തികണ്ടെത്തിയത്. സയന്റിഫിക് ജേര്‍ണലായ ഹെല്‍ത്ത്കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.






 

വിഷാംശമുള്ള പൂവ് പൂക്കളത്തില്‍ വേണ്ട; ഇത്തവണ അരളിയില്ലാത്ത ഓണം.

പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇത്തവണ ഡിമാന്‍ഡില്ല.അരളിയില കഴിച്ച് യുവതി മരിച്ച സംഭവംകൂടി ഉണ്ടായതോടെയാണ് കേരളത്തില്‍ അരളിപ്പൂവിന് ഡിമാന്‍ഡ് ഇല്ലാതായത്.അരളി തിന്ന പശുവും ചത്ത വാര്‍ത്ത പിന്നാലെ എത്തി.അരളിയില്‍ വിഷവസ്തു ഉണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നു. കഴിഞ്ഞ മേയ് മുതല്‍ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ ദേവസ്വംബോര്‍ഡുകള്‍ വിലക്കിയിരുന്നു.മറ്റ് ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പൂജയ്ക്കുപോലും അരളി ഉപയോഗിക്കാതായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുത്തനെ കുറഞ്ഞു.







കേരളത്തിലേക്ക് അരളിപ്പൂ കയറ്റിവിടുന്ന പ്രധാനകേന്ദ്രങ്ങളിലൊന്ന് തമിഴ്നാട്ടിലെ ശങ്കരന്‍കോവിലാണ്.ഓണക്കാലത്തിനായി ഒരാള്‍പോലും അരളിപ്പൂ മുന്‍കൂര്‍ ഓര്‍ഡര്‍ചെയ്തിട്ടില്ലെന്ന് ശങ്കരന്‍കോവിലിലെ പൂവ് മൊത്തവ്യാപാരി പാണ്ഡ്യന്‍ പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നതാണ്.പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.കൂടുതല്‍നാള്‍ സൂക്ഷിക്കാം എന്നതും അരളിയെ കച്ചവടക്കാര്‍ക്കും പ്രിയപ്പെട്ടതാക്കി. കഴിഞ്ഞവര്‍ഷം ഉത്രാടനാളില്‍ മാത്രം നൂറുകിലോ അരളിപ്പൂവാണ് വിറ്റതെന്ന് പെരിങ്ങര വിനായക ഫ്ളവര്‍ സ്റ്റോഴ്സ് ഉടമ കെ. അജിത പറഞ്ഞു.








ഇത്തവണ ഒരുകിലോപോലും ആവശ്യപ്പെട്ടിട്ടില്ല. ഓണക്കാലത്തെ ആവശ്യത്തിന് പുറമേ അന്‍പൊലിക്കളം, മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്കും അരളി ഉപയോഗിക്കാതായി. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്. 280 രൂപയാണ് ഇപ്പോഴത്തെ ശരാശരി മൊത്തവില.




ഐഎന്‍എസ് വിക്രാന്തും നടൻ ജയനും തമ്മിൽ എന്താണ് ബന്ധം; അത് സിനിമാക്കഥ പോലെ കൗതുകകരം

2022 സെപ്റ്റംബർ 2നാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നാവിക സേനക്ക് നൽകയത്. ഇന്നേക്ക് രണ്ട് വർഷം മുമ്പായിരുന്നു ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻ്റെ കരുത്തായി ഐഎന്‍എസ് വിക്രാന്ത് മാറിയത്. 20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ സമുദ്ര ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യയുടെ നാവിക കാവലിന് ​ഐഎൻഎസ് വിക്രാന്താണ് നായകത്വം വഹിക്കുന്നത്. ‘ജയേമ സം യുധി സ്പൃധാ’ അഥവാ ‘എന്നോടു യുദ്ധംചെയ്യുന്നവരെ ഞാന്‍ പരാജയപ്പെടുത്തും’ എന്ന ഋഗ്വേദത്തിലെ ആപ്തവാക്യം കപ്പലിൽ ആലേഘനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ കപ്പൽ ശാലയിൽ നിർമ്മിച്ചെടുത്ത കപ്പലിൽ അനുമതികൂടാതെ ഒരീച്ചയ്ക്കുപോലും കടന്നുചെല്ലാന്‍ കഴിയില്ല

1961ലെ ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൻ്റെ പേരുതന്നെയാണ് പുതിയ കപ്പലിനും നൽകിയിരിക്കുന്നത്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മീഷന്‍ ചെയ്തത്. 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വിക്രാന്ത് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്തത്. ഡീകമ്മീഷന്‍ ചെയ്ത ശേഷം 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍ വിറ്റു.

പഴയ ഐഎൻഎസ് വിക്രാന്തിനെ പറ്റി ഓർമ്മിക്കുമ്പോൾ മലയാളികളെ അതിലേക്ക് ബന്ധിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന, എന്നാൽ പലർക്കും ഇപ്പോഴും അറിയാത്തൊരു കഥയുണ്ട്.

ഐഎൻഎസ് വിക്രാന്തും നടൻ ജയനും തമ്മിലുള്ള ബന്ധം

1960-ൽ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ‘ബോയിങ് 707’ വിമാനം പറന്നുയർന്നു. ഇന്ത്യൻ നാവിക സേനാം​ഗങ്ങളായിരുന്നു ആ വിമാനത്തിൽ. ഒന്നര വർഷം അവർ യു കെയിലെ ബെൽഫാസ്റ്റ് നഗരത്തിൽ താമസിച്ചു. സുപ്രധാനമായൊരു ദൗത്യം നിർവ്വഹിച്ചതിന് ശേഷമായിരുന്നു സംഘത്തിൻ്റെ മടക്കം. ഐഎൻഎസ് വിക്രാന്തിനെ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു ആ ദൗത്യം. ആ ദൗത്യത്തിൽ മലയാളികളായ രണ്ട് പേരും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശി ‌ഇബ്രാഹിമും കൊല്ലം സ്വദേശി കൃഷ്ണൻ നായരും. ഈ കൃഷ്ണൻ നായരാണ് പിൽക്കാലത്ത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോ ആയി മാറിയ ജയൻ

ബെൽഫാസ്റ്റിലെ കപ്പൽ നിർമാണ കേന്ദ്രത്തിൽ വിക്രാന്ത് പൂർണ സജ്ജമാകാൻ ഒന്നര വർഷത്തോളമെടുത്തു. ഈ സമയമെല്ലാം സംഘം ബെൽഫാസ്റ്റിൽ തന്നെയായിരുന്നു. പിന്നീട് 1961ൽ സംഘം വിക്രാന്തുമായി ഇന്ത്യയിലേക്ക് മടങ്ങി. ബം​ഗ്ലാദേശ് യുദ്ധത്തിലടക്കം കൃഷ്ണൻ നായർ എന്ന ജയൻ വിക്രാന്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973ലാണ് കൃഷ്ണൻ നായരും ഇബ്രാഹിമും സേനയിൽ നിന്ന് വിരമിച്ചത്. പിന്നീട് ഇരുവരും സിനിമയിലേക്ക് കാലെടുത്ത് വെച്ചു. അങ്ങനെ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ കൃഷ്ണൻ നായർ വരവറിയിച്ചു. കൃഷ്ണ നായർ മാഞ്ഞ് ‘ജയൻ’ എന്ന നടൻ്റെ പിറവിയുടെ തുടക്കമായിരുന്നു ഇത്. പിന്നീട് ഈ സു​ഹൃത്തുകൾ പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചു. പിന്നീട് ഇരുവരും രണ്ട് മേഖലകളിലായി തിരിഞ്ഞു

അഭിമാനമായി നിതേഷ് കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-14, 18-21, 23-21.

ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

 

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു.

ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആര്‍എന്‍എ വാക്സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍.കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദം മൂലമാണ്.പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.






യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിന്‍ ആദ്യമായി നല്‍കിയത്.യു.കെ യില്‍ നിന്നുള്ള 20രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന്‍ നല്‍കും.ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്‌സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നൽകുക.എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്‌സാണ് ആദ്യ വാക്‌സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. മെയിലാണ് ഇദ്ദേഹത്തെിന് അര്‍ബുദം സ്ഥിരീകരിച്ചത്.രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.



എംആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിന്‍, ശരീരത്തിലെ പ്രതിരോധ സംവിധനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി അക്രമിക്കാന്‍പര്യാപ്തമാക്കുന്നതാണ്.ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം.50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്.അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നത്. 






യുവിയുടെ കരിയര്‍ അപൂർണമാവാൻ കാരണം ധോണിയോ? യോ​ഗ് രാജ് സിങ് വീണ്ടും ആഞ്ഞടിക്കുമ്പോൾ.

ധോണീ, നിങ്ങളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. നിങ്ങള്‍ വലിയൊരു ക്രിക്കറ്റ് താരമായിരിക്കാം. എങ്കിലും എന്റെ മകന്റെ കരിയര്‍ നിങ്ങള്‍ നശിപ്പിച്ചു. നാലോ അഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാന്‍ യുവരാജ് സിംഗിന് കഴിയുമായിരുന്നു. യുവരാജിനെപ്പോലൊരു മകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന് പകരക്കാരില്ലെന്ന് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാന്‍സറിനോട് പടപൊരുതി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിനല്‍കിയ യുവരാജിന് ഭാരത് രത്‌ന നല്‍കണം.’ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകളാണിത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ താരമാണ് യോ​ഗ് രാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോ​ഗ് രാജ് സിംഗിന് കഴിഞ്ഞില്ല. തനിക്ക് കഴിയാതെ പോയ നേട്ടങ്ങള്‍ യോ​ഗ് രാജ് സ്വന്തം മകനിലൂടെ പൂര്‍ത്തിയാക്കി. എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ധ സെഞ്ചുറി എല്ലാം യുവരാജ് നല്‍കിയ സംഭാവനകളായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന ബൗളര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായ ഫീല്‍ഡിംഗ് പ്രകടനങ്ങളുമായി യുവരാജ് വിസ്മയപ്പെടുത്തി.

കളിക്കളത്തില്‍ യുവരാജ്-ധോണി കൂട്ടുകെട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശമായി. ധോണി നേടിയ രണ്ട് കിരീടങ്ങളില്‍ യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചു.

ഇന്ത്യന്‍ ടീമിലെ കൂട്ടുകാര്‍ പിരിഞ്ഞുതുടങ്ങിയത് 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. ക്യാന്‍സറിനെ ജയിച്ച് യുവരാജ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. പക്ഷേ, 2014 ടി20 ലോകകപ്പ് ഫൈനലിലെ മോശം ഫോമടക്കം ആയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി യുവിയുടെ കരിയര്‍ അവസാനിച്ചു. അതിനൊപ്പം യുവരാജിന്റെ കായികക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു.

യുവിയുടെ കരിയര്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം താനാണോ? യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ധോണി പലതവണ ഈ ചോദ്യം ചിന്തിച്ചിട്ടുണ്ടാവും.

2007ല്‍ നായകനായപ്പോള്‍ മുതല്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്. കായികക്ഷമതയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ടീമില്‍ നിന്ന് പുറത്തായ പലതാരങ്ങളും ധോണിയോട് ഭിന്നിച്ച് നിന്നു. അത് കാലങ്ങളോളം നീണ്ടുപോയ കഥയുമുണ്ട്. അതിലൊരേടായി യുവരാജ് സിങ്ങും. യുവിയും മുമ്പൊരു അഭിമുഖത്തിൽ ധോണി ഒരിക്കലും തന്റെ സുഹൃത്തായിരുന്നില്ലെന്ന് പറഞ്ഞത് കൂടി ചേർത്തുവായിക്കുമ്പോൾ യോ​ഗ് രാജിന്റെ ആരോപണങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സ്വീകാര്യത ലഭിക്കാറുണ്ട്. ധോണിയും യുവ രാജും പക്ഷേ, ഒരിക്കലും യോ​ഗ് രാജിന്റെ വാക്കുകൾ ഏറ്റെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.

ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയും യുവരാജും നല്‍കിയ സംഭാവനകള്‍ ഏതൊരു ആരാധകനും മറക്കാന്‍ കഴിയുന്നതല്ല.

Verified by MonsterInsights