രാജ്യത്തെ 50ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു യു ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബർ 24നാകും വിരമിക്കുക.

1959 നവംബര്‍ 11 നാണ് ജസ്റ്റിസ് ഡോ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്‌ജെഡി) എടുത്തു.
1998ല്‍ ബോംബെ ഹൈക്കോടതിയിൽ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

 

അയോധ്യയുടെ ഉടമസ്ഥാവകാശം: 2019 നവംബര്‍ 9 ന് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്ക് ബദല്‍ ഭൂമി നല്‍കുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

സ്വകാര്യതയ്ക്കുള്ള അവകാശം: 2017 ഓഗസ്റ്റില്‍, സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്, ഇന്ത്യന്‍ ഭരണഘടന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്നുവെന്ന് ഏകകണ്ഠമായി സ്ഥിരീകരിച്ചു. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഭൂരിപക്ഷ തീരുമാനം ജസ്റ്റിസ് ചന്ദ്രചൂഡാണ് എഴുതിയത്. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിലെ പ്രധാന ഘടകമാണ് സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശമെന്ന് അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ഗര്‍ഭച്ഛിദ്രാവകാശം: വിവാഹിതര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ എ എസ് ബൊപ്പണ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത്.

 

2025-26 അധ്യയന വർഷം പരിഷ്‌ക്കരിച്ച പാഠപുസ്തകം നിലവിൽ വരുന്നു

2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്ന ടെക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി.

സാധാരണക്കാരൻ മുതൽ വിദ്യാർഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഇത്തരമൊരു ജനകീയ അഭിപ്രായ ശേഖരണം നടാടെയാണ്. നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠ്യ പദ്ധതി പരിഷ്‌ക്കരണത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത്  മുതൽ ജില്ലാ പഞ്ചായത്ത് വരെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ ഏകോപിപ്പിക്കാൻ റിസോഴ്‌സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

‘പാഠ്യ പദ്ധതി പരിഷ്‌ക്കരണ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച ചർച്ചകൾ ഡിസംബർ 30 നകം പൂർത്തിയാകും. 2023 ജനുവരിയിൽ ഇതിന്റെ മേഖലാതല സെമിനാറുകൾ സംഘടിപ്പിക്കും. അടുത്ത ഒക്ടോബറോടെ പുതിയ പാഠ്യ പദ്ധതിയുടെ ഒന്നാംഘട്ട രചന പൂർത്തിയാകും. 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠ പുസ്തകങ്ങൾ നിലവിൽ വരും, ‘ മന്ത്രി വിശദീകരിച്ചു.

എസ്.സി.ആർ.ടിക്ക് വേണ്ടി കൈറ്റ് വികസിപ്പിച്ച ടെക് പ്ലാറ്റ്‌ഫോമിൽ (https://kcf.kite.kerala.gov.in) കയറി ലോകമെമ്പാടുമുള്ള മലയാളികൾക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാം. ഓരോ ഫോക്കസ് ഏരിയകളിലും നിർദേശങ്ങൾ നൽകാം.  ഇതും കൂടി കണക്കിലെടുത്താകും പാഠ്യ പദ്ധതി പരിഷ്‌ക്കരണം.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ  കെ അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ, ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് നടക്കുന്ന 64 മത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ലോഗോ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരൂർ ALP സ്‌കൂളിലെ അധ്യാപകൻ അസ്ലം തിരൂർ തയ്യാറാക്കിയതാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ.

ദേശീയപാതാ വികസനം 2025ൽ പൂർത്തിയാക്കും

കോട്ടയം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 വർഷത്തോടു കൂടി പൂർത്തിയാക്കുമെന്നു പൊതുമരാമത്ത്-ടൂറിസം-യുവജനക്ഷേമകാര്യ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി. റോഡ് വികസനം കിഫ്ബി സഹായത്തോടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട 20 ജങ്ഷനുകൾ വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിൽ കോട്ടയം ജില്ലയ്ക്കു പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ബൈപാസിന്റെ അവസാനറീച്ച് തുടങ്ങുന്ന പാറകണ്ടം ജങ്ഷനിൽ നടന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു.
 ഏറ്റുമാനൂർ പട്ടിത്താനം ജങ്ഷനിൽ രാവിലെ 11.00 മണിയോടെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടമുറിച്ച് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. തുടർന്നു തുറന്ന ജീപ്പിൽ മന്ത്രിമാരായ വി.എൻ. വാസവനും മുഹമ്മദ് റിയാസും തോമസ് ചാഴികാടൻ എം.പിയും വാദ്യമേളങ്ങളുടേയും കരകാട്ടത്തിന്റേയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പുതുതായി നിർമിച്ച റോഡിലൂടെ നാട്ടുകാരുടെ സ്വീകരണമേറ്റുവാങ്ങി ഉദ്ഘാടന വേദിയായ പാറകണ്ടം ജങ്ഷനിലെത്തി.

ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ വി.എസ്. വിശ്വനാഥൻ, സുരേഷ് വടക്കേടത്ത്, രശ്മി ശ്യാം, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.വി. റസൽ, ബാബു ജോർജ്, ബിനുബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ,  ടോമി നരിക്കുഴി, പി.കെ. അബ്ദുൾ സമദ്, സംഘാടകസമിതി ജനറൽ കൺവീനർ ഇ.എസ്. ബിജു, കോട്ടയം നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. രജനി, ഫാ. ജോസ് മുകുളേൽ, കെ.എൻ. ശ്രീകുമാർ, മുഹമ്മദ് ബഷീർ അൽ അബ്റാരി, ആർ. ഹേമന്ത്കുമാർ, എൻ.പി. തോമസ്, എം.കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.
 മന്ത്രിമാരായ വി.എൻ. വാസവനും മുഹമ്മദ് റിയാസിനും ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് ഉപഹാരങ്ങൾ കൈമാറി. റോഡ് നിർമാണകരാർ ഏറ്റെടുത്താ സജീവ് മാത്യൂ ആൻഡ് കമ്പനിക്ക് തോമസ് ചാഴികാടൻ എം.പി. ഉപഹാരം കൈമാറി. പാറകണ്ടം ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പി. ഫണ്ട് അനുവദിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. അറിയിച്ചു.
 എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് എൻ.എച്ച് 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടത്തിനു 12.60 കോടി രൂപ ചെലവായി. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ എം.സി. റോഡിലെ ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ ദീർഘദൂരയാത്രക്കാർക്കു സഞ്ചരിക്കാനാവും.

സഞ്ചാരികളെ ഇതിലെ.. ഇതിലെ.. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്താന്‍ കുടുംബശ്രീയുടെ യാത്രാശ്രീ ആദ്യ യാത്ര നവംബര്‍ 10ന്

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാത്ര ഇടങ്ങള്‍ പരിചയപ്പെടുത്തി വഴി കാട്ടിയാവാന്‍ ഇനി കുടുംബശ്രീയുടെ യാത്രാശ്രീയും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാമിഷന്റെ കീഴില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 18 യുവ വനിതകളെയാണ് യാത്രാശ്രീ അംഗങ്ങളായി തിരഞ്ഞെടുത്തത്. ട്രാവല്‍ ആന്റ് ടൂറിസം കോഴ്സ് കഴിഞ്ഞവരടക്കം അംഗങ്ങള്‍ എല്ലാവരും തന്നെ ബിരുദധാരികളാണ്. കുടുംബശ്രീയുടെയും ബി.ആര്‍.ഡി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇവര്‍ക്കായി പരിശീലനം നല്‍കിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുകയുമാണ് യാത്രാശ്രീയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കാവശ്യമായ താമസം, ഭക്ഷണം എന്നിവ ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുക്കും. യാത്രാശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരിച്ചറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി പഠനം നടത്തുകയും സാധ്യതകള്‍ വിശകലനം ചെയ്ത് ഇതിനകം റിപ്പോര്‍ട്ട് ബി.ആര്‍.ഡി.സിക്ക് സമര്‍പ്പിച്ചു. വിനോദ സഞ്ചാര മേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്താനും സപ്തഭാഷാ സംഗമഭൂമിയുടെ വിനോദസഞ്ചാരത്തിന് പുതിയ മുഖം നല്‍കാനും യാത്രാശ്രീയ്ക്ക് കഴിയും. നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കടക്കം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന തരത്തില്‍  ഉത്തരവാദിത്വ ടൂറിസമാണ് യാത്രാശ്രീ നടപ്പാക്കുക. 

ജില്ലയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തുന്നവര്‍ക്കും യാത്രാശ്രീയുടെ നേതൃത്വത്തില്‍ ടൂറിസം പാക്കേജുകള്‍ നല്‍കും. നവംബര്‍ 10ന് യാത്രാശ്രീയുടെ നേതൃത്വത്തില്‍ 75 അംഗ മൈസൂര്‍ – ഊട്ടി ആദ്യ യാത്ര നടത്തും. വലിയ പറമ്പ, പള്ളിക്കര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ഗ്രൂപ്പുകള്‍ ആയാണ് യാത്രശ്രീയുടെ പ്രവര്‍ത്തനം. ബേക്കല്‍ കോട്ടക്കുന്ന് ബി.ആര്‍.ഡി.സിയുടെ ഓഫീസിനോട് തൊട്ടടുത്താണ് യാത്രാശ്രീ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9188842937 ഇമെയില്‍ yathrasreebekaltourism@gmail.com

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ടൂറിസം മേഖലയിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ഉപജീവനാവസരമാക്കി മാറ്റാന്‍ യാത്രാശ്രീയെന്ന സംരംഭത്തിലൂടെ കഴിഞ്ഞു. വനിതാ ജീവനോപാധി മേഖല മെച്ചപ്പെടുത്താനും, സ്ത്രീ ശാക്തീകരണം സാധ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക നേട്ടം ഉണ്ടാകും; ചെലവുകൾ വർദ്ധിക്കും

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 നവംബർ 9ലെ സാമ്പത്തിക ഫലം അറിയാം. 

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ജോലികൾ കൂടിയേക്കും. ചെയ്യുന്ന പ്രവ‍ർത്തിക്ക് ഫലം ലഭിക്കുമെന്ന് ഉറപ്പാണ്. നിങ്ങൾക്ക് പ്രധാനപ്പെട്ട ചില നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ജീവിതം വിജയത്തിലേക്ക് മുന്നേറും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. സർക്കാർ മേഖലയിൽ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. തൊഴിൽ വിപുലീകരണത്തിന് ഊന്നൽ നൽകും.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ് മേഖലയിലെ ചില കാര്യങ്ങൾ തീർപ്പുകൽപ്പിക്കാതെ നിൽക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഒരു കാര്യത്തിലും അനാവശ്യമായ തിടുക്കം കാണിക്കരുത്. നിങ്ങളുടെ തയ്യാറെടുപ്പുകൾ എപ്പോഴും തുടരുക. തൊഴിൽരംഗത്ത് ജാഗ്രത പുലർത്തുക. സമയം മാനേജ് ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. സഹപ്രവർത്തകരോട് അനുകമ്പയോടെ പെരുമാറും. നന്നായി കഠിനാധ്വാനം ചെയ്യുക.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിച്ചാൽ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിക്കും. തൊഴിൽ മേഖലയിൽ നിന്ന് ആകർഷകമായ ഓഫറുകൾ ലഭിക്കും. ലക്ഷ്യത്തോടുള്ള നിങ്ങളുടെ അർപ്പണബോധം വർദ്ധിപ്പിക്കുക. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ജോലിയുടെ കാര്യക്ഷമത വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി മുന്നോട്ട് പോവും. ധൈര്യം വർദ്ധിക്കും. 

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ജീവിത സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ചെലവുകൾ വർദ്ധിച്ച് വരും. ജോലിയിൽ പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകും. ബിസിനസ്സ് പ്രതീക്ഷിച്ച പോലെ തന്നെ ആയിരിക്കും മുന്നോട്ട് പോവുക. പ്രധാനപ്പെട്ട വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബിസിനസ്സ് അഭിവൃദ്ധിപ്പെട്ട് തുടങ്ങും. പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ ആവേശം കാണിക്കരുത്. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിരവധി ആനുകൂല്യങ്ങൾ നിങ്ങളെ തേടിയെത്താനുള്ള സാധ്യത കാണുന്നുണ്ട്. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും വിജയത്തിലേക്ക് മുന്നേറാനും സാധിക്കും. വിദഗ്ദമായി ജോലികൾ ചെയ്യാൻ പരിശ്രമിക്കുക. ബിസിനസ്സിൽ ഊന്നൽ നൽകും. മാറ്റി വെച്ചിരിക്കുന്ന കാര്യങ്ങൾ വേഗത്തിൽ പൂ‍ർത്തിയാക്കി തുടങ്ങും. റിസ്ക് എടുക്കേണ്ടപ്പോൾ അത് ചെയ്യുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ജോലിയിൽ ടീം വർക്കിലൂടെ മികച്ച പ്രതിഫലം പങ്കിട്ടെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ജീവിതത്തിൽ നേട്ടങ്ങൾ വർദ്ധിക്കും. ബിസിനസ്സിലെ മുന്നേറ്റങ്ങ ഫലപ്രദമാകും. പരിശ്രമങ്ങൾ എന്ത് തന്നെയായാലും ഫലം ചെയ്യും. കഠിനാധ്വാനം നടത്തുന്നത് തുടരുക. സഹപ്രവർത്തകരുടെ വിശ്വാസം നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിലെ ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. നിലവിലുള്ള ബജറ്റിന് അനുസരിച്ച് ചെലവ് ചെയ്യാൻ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ഓഫീസിൽ സഹപ്രവർത്തകരിൽ നിന്നുള്ള പിന്തുണ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവരുത്. 

 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാവും. തൊഴിൽ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവതയുണ്ടാകും. ബിസിനസ്സിൽ നിന്നുള്ള ഫലങ്ങൾ അനുകൂലമായിരിക്കും. അനുകൂല സമയം നന്നായി വിനിയോഗിക്കുക. ബിസിനസ്സിൽ വിജയശതമാനം കൂടുതലായിരിക്കും. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കും. നേട്ടങ്ങൾ വർദ്ധിക്കും. പുതിയ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ വിജയിക്കും. മടി മാറും.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ലാഭ ശതമാനം ശരാശരിയേക്കാൾ മികച്ചതായിരിക്കും. വ്യാപാര പ്രവർത്തനങ്ങൾ പഴയതിനേക്കാൾ പുരോഗമിക്കും. വ്യക്തിപരമായി ജോലിയിൽ താൽപര്യം വർദ്ധിക്കും. സ്വകാര്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ബിസിനസ്സിൻെറ കാര്യത്തിൽ നേട്ടമുണ്ടാവും. കരിയർ മുമ്പുള്ളതിനേക്കാൾ വേഗതയോടെ മുന്നോട്ട് പോവും. കെട്ടിടത്തിൻെറയും വാഹനത്തിൻെറയും കാര്യത്തിൽ ശ്രദ്ധിക്കുക. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകൾ പോവാനുള്ള സാധ്യത കാണുന്നുണ്ട്. എല്ലാ മേഖലകളിലും മികച്ച പ്രകടനം നിലനിർത്താൻ സാധിക്കും. സമയത്തിന്റെ ഐശ്വര്യം പ്രയോജനപ്പെടുത്തുക. ധൈര്യം വിജയത്തിലേക്ക് നയിക്കും. കഴിവുകൾ പ്രയോജനപ്പെടുത്തുക. ബിസിനസ്സിൽ നേട്ടങ്ങൾ വർദ്ധിക്കും. സാമ്പത്തിക മേഖല നിങ്ങൾക്ക് അനുകൂലമായിരിക്കും.

ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക മേഖലയിൽ നിങ്ങൾക്ക് ശക്തമായ അടിത്തറയുണ്ടാവും. ചിട്ടയായ തയ്യാറെടുപ്പിന് ഊന്നൽ നൽകുക. ബിസിനസ് ചർച്ചകളിൽ പങ്കാളിയാവുക. നിങ്ങളുടെ കയ്യിൽ പണം വർധിക്കും. നിയമ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ടില്ലാതെ തീർപ്പുകളുണ്ടാവും. തൊഴിൽരംഗത്ത് ഐശ്വര്യം വർദ്ധിക്കും.

ഓപ്പറേഷൻ യെല്ലോ: 6914 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി

അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ഓപ്പറേഷൻ യെല്ലോ‘ പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ. 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു.

ഓപ്പറേഷൻ യെല്ലോ പദ്ധതി ഡിസംബർ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്ന വമ്പൻമാരെയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താൽ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി നിർദേശിച്ചു.

അനധികൃത റേഷൻ കാർഡുകളെക്കുറിച്ച് 91885273019188521967 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. വിവരം നൽകുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം അപേക്ഷകൾ പരിശോധിച്ച് 2,85,687 കാർഡുകൾ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നൽകി. ഇതിൽ 20171 മഞ്ഞ (എ.എ.വൈ) കാർഡുകളും 265516 പിങ്ക് (പി.എച്ച്.എച്ച്) കാർഡുകളുമുൾപ്പെടുന്നു.

2,86,394 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 68514 പിങ്ക് കാർഡുകൾ211320 വെള്ള (എൻ.പി.എൻ.എസ്) കാർഡുകൾ6560 ബ്രൗൺ (എൻ.പി.ഐ) കാർഡുകളുണ്ട്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖേന ലഭിച്ച 43,92,542 അപേക്ഷകളിൽ 43,22,927 എണ്ണം തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റാനായി സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ 74205 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിൽ 92,96,348 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 589413 എണ്ണം മഞ്ഞ കാർഡുകളും 3507924 പിങ്ക് കാർഡുകളും 2329574 നീല കാർഡുകളും 2841894 വെള്ള കാർഡുകളും 27543 ബ്രൗൺ കാർഡുകളുമാണ്.

ഒക്ടോബർ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ-പരിപാടിയിൽ 19 പരാതികൾ ലഭിച്ചു. റേഷൻ സംവിധാനത്തിന്റെ ഭാഗമായി വരുന്ന ഫോൺ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിയിൽ സെർവർ തകരാറ് പരിഹരിച്ചിട്ടുണ്ട്. പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള അരി കിട്ടിയില്ലെന്ന പരാതിയിൽ ഒക്ടോബർ മാസത്തെ അരി നവംബർ 15 വരെ വിതരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടി20 ലോകകപ്പിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ്; കായിക പ്രേമികൾ ആവേശത്തിൽ

ഓസ്ട്രേലിയയിൽ ടി20 ലോകകപ്പിൻെറ (T20 World Cup 2022) ഗ്രൂപ്പ് ഘട്ടം അവസാനിച്ചിരിക്കുകയാണ്. കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആവേശത്തിൻെറ സമയമാണ്. നവംബർ 13ന് ക്രിക്കറ്റ് ലോകകപ്പ് അവസാനിക്കും. എന്നാൽ നവംബർ 20ന് ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ ലോകകപ്പിന് (FIFA Football World Cup) തുടക്കമാവുകയാണ്. ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഏറെ ആവേശത്തോടെയാണ് ഈ കായിക മാമാങ്കങ്ങളെ എതിരേൽക്കുന്നത്.

രണ്ട് ടൂർണമെൻറിലും കളിക്കുന്ന മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രമാണുള്ളത്. അത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും നെതർലൻഡ്സും മാത്രമാണ്. രണ്ട് കിരീടങ്ങളും രണ്ടാം തവണയും നേടിയെടുക്കുക എന്നതാണ് ഇംഗ്ലണ്ടിൻെറ ലക്ഷ്യം. 2010ൽ ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. 56 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടിയിട്ടുള്ളത്. പിന്നീട് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ട് പോലും ഒരിക്കൽ പോലും ഫൈനലിൽ കടക്കാൻ വരെ അവർക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ അവർ ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്താനായിരിക്കും ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പ്രേമികൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. അത് ബ്രിട്ടൻെറ സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക സ്രോതസ്സാണ്. ഏണസ്റ്റ് & യംഗിൻെറ കണക്കനുസരിച്ച് 7.6 ബില്യൺ പൗണ്ടാണ് ഇപിഎൽ യുകെയുടെ മൊത്തം ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത്. കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലീഗ് വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു.

യുഎസ്, ഇറാൻ, വെയിൽസ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇംഗ്ലണ്ട് ഉൾപ്പെടുന്നത്. അതിനാൽ തന്നെ ടീം രണ്ടാം റൌണ്ടിലെത്താൻ അധികം കഷ്ടപ്പെടേണ്ടി വരില്ല. ഹാരി കെയ്ൻ, ബുക്കയോ സാക്ക, ഹാരി മഗ്വേർ, ജാക്ക് ഗ്രെലിഷ്, റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരടങ്ങുന്ന ഇംഗ്ലീഷ് നിര ഇക്കുറി വലിയ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ യുഎസിനെതിരെ ഇംഗ്ലണ്ട് ശ്രദ്ധിച്ച് കളിക്കേണ്ടി വരും. മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച ചരിത്രം യുഎസിനുണ്ട്.

ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ലോകകപ്പിൽ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷകളൊന്നും തന്നെയില്ല. നേരത്ത ഒരു തവണ മാത്രമാണ് അവർ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. എന്നാൽ ക്രിക്കറ്റിൽ അവർ കരുത്തരാണ്. കഴിഞ്ഞ ടി20 ലോകകപ്പ് സ്വന്തമാക്കിയ കംഗാരുക്കൾക്ക് പക്ഷേ ഇത്തവണ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഒന്നാം റൌണ്ടിൽ തന്നെ പുറത്താവേണ്ടി വന്നു.

കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇത്തവണയും കരുത്തരാണ്. ഡെൻമാർക്കും ടുണീഷ്യയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് ഉള്ളത്. രണ്ടാം റൌണ്ടിൽ ലയണൽ മെസിയുടെ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയുണ്ട്. മെസി മിക്കവാറും തൻെറ അവസാന ലോകകപ്പായിരിക്കും കളിക്കുന്നത്. വിജയത്തോടെ താരം ഖത്തറിൽ നിന്ന് മടങ്ങണമെന്ന് പ്രതീക്ഷിക്കുന്ന നിരവധി ഫുട്ബോൾ ആരാധകരുണ്ട്.

വിദ്യാർത്ഥികൾക്കിനി സ്കൂളിൽ പ്രഭാത ഭക്ഷണവും

ചേമഞ്ചേരിയിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

ചേമഞ്ചേരി ​ഗ്രാമപഞ്ചായത്തിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്പാട് ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പരിധിയിലെ ​ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ എന്നിവയ്ക്കൊപ്പം ചെറുപയർ, കടല, മസാല, വെജിറ്റബിൾ കറി എന്നിവയാണ് നൽകുക. ഓരോ ദിവസവത്തേക്കും വ്യത്യസ്തമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ ഭക്ഷണം എത്തിക്കുന്നതോടൊപ്പം അഞ്ചോളം കുടുംബശ്രീകൾക്ക് സംരംഭം ആരംഭിക്കാനും ഇതുവഴി സാധിച്ചു. 

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീൻകോയ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി ശിവദാസൻ, റസീനഷാഫി, ശബ്ന ഉമ്മാരിയിൽ, സുധ തടവൻകൈയ്യിൽ, സജിത ഷെറി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി സുധ, സിഡിഎസ് ചെയർപേഴ്സൺ ആർ.പി വത്സല, പി.ഇ.സി കൺവീനർ വി.അരവിന്ദൻ, പിടിഎ പ്രസിഡന്റ് കെ.പി ഹസിന, എസ്.എം.സി ചെയർമാൻ ടി.ഷിജു, എംപിടിഎ പ്രസിഡന്റ് ഇഷ്റത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി സതീഷ്കുമാർ സ്വാഗതവും വാർഡ് മെമ്പർ വി.മുഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു.

‘നഷാ മുക്ത് ഭാരത് അഭിയാന്‍’: വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രക്ഷിതാവിനോടൊപ്പം പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ ചെലവില്‍ അവസരം ലഭിക്കും.

8 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരവും 5 മുതല്‍ 8 വരെയും 9 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് രണ്ട് കാറ്റഗറിയിലായി പെയിന്റിങ്, പ്രബന്ധ രചനാ മത്സരവുമാണുള്ളത്. മത്സരങ്ങളില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നവംബര്‍ 10 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മത്സരം നടക്കും. താല്പര്യമുള്ളവര്‍ നവംബര്‍ 9 ന് വൈകീട്ട് 5 മണിക്കുള്ളില്‍ antidrugcompetition2022@gmail.com എന്ന ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരം നടക്കുന്ന ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതുമാണ്. വിവരങ്ങള്‍ക്ക് 0495 2371911.

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മുന്നേറ്റം

റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാൻസറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ

എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനം

സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ ലുട്ടീഷ്യം ചികിത്സ

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിൽ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആർസിസിയിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ രണ്ട് കാൻസർ സെന്ററുകളിലും ഇവ യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ പോർട്ടൽ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്‘ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളിൽ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതിൽ 2.60 ലക്ഷം ആളുകളെയാണ് ഈ പോർട്ടൽ വഴി കാൻസർ ക്ലിനിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിൽ വരുന്ന കാൻസർ ചികിത്സയാണ് എംസിസിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ച്ചയും ജീവനും നിലനിർത്താൻ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാർത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായി വിവിധ സർക്കാർ പദ്ധതികളിലൂടെ തീർത്തും സൗജന്യമായി സമഗ്ര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്.

ലേസർ ചികിത്സക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നൽകുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പിറേഡിയേഷൻ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പിഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പിഇൻട്രാവിട്രിയൽ കീമോതറാപ്പിസബ്ടീനോൺ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികൾ.

എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്ന നാഡിയിലെയും കാൻസറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയിൽ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാൾ ആശുപത്രിയെയും മെഡിക്കൽ കോളേജുകളെയും ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇതേറെ ആശ്വാസം നൽകുന്നതാണ്. കുട്ടികൾക്കായുള്ള മജ്ജ മാറ്റിവക്കൽ ചികിത്സലിംബ് സാൽവേജ് ശസ്ത്രക്രിയബ്രെയിൻ ട്യൂമർ സർജറിചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും എംസിസിയിൽ ലഭ്യമാണ്.

ആർസിസിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ ഈ മാസം അവസാനം ആർസിസിയിൽ കമ്മീഷൻ ചെയ്യും.

Verified by MonsterInsights