എറണാകുളം ഡിഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം; സർവീസ് റൂൾ മറികടന്ന് ബന്ധുകൾക്ക് പ്രമോഷൻ നൽകി

എറണാകുളം ഡി ഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം. പിഎസ്‌സി വഴി ജോലി നേടിയവരെ പരിഗണിക്കാതെ ആണ് സ്ഥാനക്കയറ്റം. ഹയർസെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ ജീവനക്കാർക്കാണ് പ്രൊമോഷൻ നൽകിയത്. സീനിയോരിറ്റിയുള്ളവരെ ഉള്ളവരെ മറികടന്നാണ് സ്ഥാനക്കയറ്റം. സർവീസ് റൂൾ മറികടന്നാണ് ബന്ധുകൾക്ക് പ്രമോഷൻ നൽകിയിരിക്കുന്നത്.

 

അതേസമയം നടപടി തിരുത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും നടപ്പായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗവണ്മെന്റ് ക്ലാസ്സ്‌ 4 എംപ്ലോയീസ് യൂണിയൻ. തെറ്റായ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ല. സിപിഐഎം നേതാവിന്റെ ബന്ധു ആണ് കണ്ടീജന്റ് ജീവനക്കാർക്ക് ചട്ടം മറികടന്നു പ്രമോഷൻ നൽകിയത്.

കാല് നഷ്ടമായി, സ്വപ്നം കണ്ട സൈനിക ജീവിതവും; ഒടുവിൽ 40-ാം വയസ്സിൽ കസേരയിലിരുന്ന് മെഡൽഎറിഞ്ഞിട്ട് സെമ

2024 പാരാലിമ്പിക്‌സിന് പാരിസിൽ കൊടിയിറങ്ങി. ഏഴ് സ്വർണമടക്കം 29 മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പാരിസിൽ തന്നെ നടന്ന ഒളിംപിക്സിൽ 71-ാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത ഇന്ത്യയ്ക്ക് അതിന്റെ ക്ഷീണം കൂടി തീർക്കുന്നതായിരുന്നു പാരാലിമ്പിക്‌സിലെ ഈ നേട്ടം. ആ നേട്ടത്തിൽ തന്നെ എടുത്ത് പറയാവുന്ന ഒരു അപൂർവ്വ നേട്ടമാണ് നാഗാലന്‍ഡുകാരന്‍ ഹൊകാട്ടോ ഹൊട്ടോസെ സെമ നേടിയത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ (എഫ് 57) വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്. 14.65 മീറ്റര്‍ എറിഞ്ഞ് കരിയറിലെ മികച്ച ദൂരത്തോടെയാണ് സെമ ഷോട്ട് പുട്ട് പിറ്റിൽ മെഡല്‍ നേടിയത്. ശാരീരിക പരിമിതികളെ കഠിന പരിശീലനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടന്ന പാരാലിമ്പിക്‌സിലെ മറ്റെല്ലാ അത്‌ലറ്റുകളെ പോലെ തന്നെയാണ് ഹൊട്ടോസെ സെമയും. എന്നാൽ സെമയുടെ കഥ വ്യത്യസ്തമാകുന്നത് അയാൾ ഷോട്ട്പിറ്റിലേക്ക് കയറിവന്ന അനുഭവത്തിന്റെ കൂടി തീക്ഷണതയിലാണ്.

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം 1983 ഡിസംബറിൽ നാഗാലാന്‍ഡിലെ ദിമാപൂരിൽ ഒരുകര്‍ഷക കുടുംബത്തിലായിരുന്നു സെമയുടെ ജനനം. വീട്ടിലെ നാലു മക്കളില്‍ രണ്ടാമനായിരുന്ന സെമയ്ക്ക് സൈനികനാവുക എന്നതായിരുന്നു ജീവിത ലക്ഷ്യം. സ്‌കൂളിൽ പഠിച്ചു തുടങ്ങുന്ന മുതൽ അതിന് വേണ്ടി പ്രയത്നം നടത്തിയ സെമ ഒടുവില്‍ ആ സ്വപ്നം നേടിയെടുത്തു. ശേഷം സ്വപ്‍ന സാക്ഷാത്കാരത്തിൽ പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങവേയാണ് സെമയുടെ ജീവിതം കീഴ്മേൽ മറിക്കുന്ന സംഭവമുണ്ടാകുന്നത്. 2002 ഒക്ടോബര്‍ 14 ന് ജമ്മു കശ്മീരിലെ ചൗക്കിബാലിലെ സൈനിക നടപടിക്കിടെ കുഴിബോംബ് പൊട്ടി സെമയ്ക്ക് അദ്ദേഹത്തിന്റെ ഇടത് കാല്‍ മുട്ടിന് താഴെ നഷ്ടമായി. 19 വയസ് തികയുന്നതിന് വെറും രണ്ടു മാസം ശേഷിക്കെ നടന്ന സംഭവത്തിൽ സെമയുടെ ജീവിതം പൂർണ്ണമായും അനിശ്ചിതത്വത്തിലായി.

 

കടുത്ത വിഷാദത്തിലേക്ക് വീണുപോയേക്കാവുന്ന സമയത്ത് നിശ്ചയദാർഢ്യം വീണ്ടെടുത്ത് സെമ വീണ്ടും പൊരുതി. നടക്കാൻ പോലും സാധിക്കാത്ത നാളുകളിൽ നിന്ന് പുതിയ ലോകം കണ്ടെത്താൻ പരിശ്രമം തുടങ്ങി. ആറ് വർഷങ്ങൾക്ക് മുമ്പ് 2016 ൽ പുണെയിലെ ബിഇജി സെന്ററിലെ ആര്‍മി പാരാലിമ്പിക് നോഡില്‍ ചേർന്നു. സെമയുടെ ഫിറ്റ്‌നസ് കണ്ട് പുണെയിലെ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് സെന്ററിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് അദ്ദേഹത്തോട് ഷോട്ട്പുട്ടില്‍ ശ്രദ്ധചെലുത്താന്‍ നിര്‍ദേശിച്ചത്. അങ്ങനെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ തുടങ്ങിയ പുതിയ യാത്രയിൽ എട്ടു വര്‍ഷം കൊണ്ട് സെമ രാജ്യത്തിന്റെ അഭിമാനമായി. കായിക താരത്തിന്റെ കരിയറവാസനമെന്ന് പലരും പറയുന്ന മുപ്പതിന് ശേഷം മാത്രം തുടങ്ങിയ കരിയറിൽ നിന്ന് നാല്പതിലെത്തി നിൽക്കുമ്പോൾ വെങ്കല തിളക്കത്തോടെ പാരലിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ നാഗാലന്‍ഡുകാരനുമായി സെമ.

 

‘എനിക്കായി, ഈ നേട്ടത്തിനായി എത്രയോ ത്യാഗം ചെയ്ത എന്റെ ഭാര്യക്കുള്ളതാണ് ഈ നേട്ടം. എനിക്കായി എത്രയോ തവണ അവൾ പട്ടിണി കിടന്നു. അതുകൊണ്ടാണ് എനിക്ക് ഭക്ഷണം കഴിക്കാനും പരിശീലനം നടത്താനും സാധിച്ചത്. കാരണം ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ലായിരുന്നു. ഞാന്‍ തളര്‍ന്നുപോകുമ്പോഴെല്ലാം എന്നെ താങ്ങിനിര്‍ത്തിയത് അവളായിരുന്നു. അവളില്ലായിരുന്നുവെങ്കില്‍ ഇന്നീ വേദിയില്‍ ഞാനുണ്ടാകുമായിരുന്നില്ല, മെഡൽ നേട്ടത്തിന് ശേഷം സെമ പറഞ്ഞു. ജീവിതത്തിൽ ചെറിയ വെല്ലുവിളികൾ കടന്നു വരുമ്പോഴേക്കും മനസ്സ് മടുത്ത് ശിഷ്ടകാലം മുഴുവൻ നിരാശരായി ജീവിക്കുന്ന മനുഷ്യർക്ക് മുന്നിൽ നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാ ദ്ധ്വാനത്തിന്റെയും കരുത്തിൽ ഏത് താഴ്‌ചയിൽ നിന്നും ഉയർന്ന് വരാൻ മനുഷ്യർക്ക് കഴിയുമെന്ന് തെളിയിക്കുക കൂടിയാണ് ഈ മനുഷ്യൻ.

 

‘കാനഡ’ എന്ന സ്വപ്നം അവസാനിക്കുമോ? ഇന്ത്യക്കാർക്കും ‘പണി’ വരുന്നു

ഇന്നത്തെ കാലത്ത് ഇന്ത്യക്കാരടക്കമുള്ളവർക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെർമനന്റ് റെസിഡൻസി ലഭിക്കാൻ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയിൽ പ്രിയങ്കരമാക്കിയിരുന്നു. ജോലിയ്ക്കായും വിദ്യാഭ്യാസത്തിനായും നിരവധി ആളുകളാണ് കാനഡയെ ആശ്രയിക്കുന്നത്. എന്നാൽ അവർക്കെല്ലാം തിരിച്ചടിയായേക്കാവുന്ന ഒരു തീരുമാനം കാനഡ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വർധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വർധിച്ചുവെന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോകുകയാണ്.

 

ഈ നടപടികളുടെ ഭാഗമായി ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര്യം സർക്കാർ പരസ്യമായി അംഗീകരിക്കുന്നില്ല എന്നതാണ് രസകരം. കുടിയേറ്റം വർധിക്കുന്നതിൽ കാനഡയിലെ ജനങ്ങൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. ഇത് കൃത്യമായി അഭിമുഖീകരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാനാകില്ല എന്നതാണ് കുടിയേറ്റക്കാരുടെ നേർക്ക് വാതിൽ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം. ഇതിനോടൊപ്പം രാജ്യത്തെ തൊഴിൽ മേഖലയിൽ കനേഡിയൻ പൗരന്മാർക്ക് മുൻഗണന നൽകാനുള്ള തീരുമാനവും സർക്കാർ എടുത്തേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ഉള്‍പ്പെടെ നിരവധി പേരുടെ നിലനിൽപ്പ് ചോദ്യചിഹ്നമായേക്കും.

 

ഇത്തരത്തിൽ കുടിയേറ്റ നിയന്ത്രണം ട്രൂഡോ കടുപ്പിക്കുമ്പോൾ, അപ്പുറത്ത് ട്രൂഡോയുടെ സര്‍ക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ഒക്ടോബര്‍ 25നാണ്. ഇതിനിടെയാണ് ട്രൂഡോ സര്‍ക്കാരിന് മുന്നില്‍ പുതിയ പ്രതിസന്ധി. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടി ട്രൂഡോ സര്‍ക്കാരിനെ എങ്ങനെയാണ് ബാധിക്കുകയെന്ന ചർച്ചകളും സജീവമായിക്കഴിഞ്ഞു.

 

വിലക്കയറ്റം പറഞ്ഞ് സപ്ലൈകോയില്‍ വില കൂട്ടി; ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ്, വില്‍പ്പന പഴയവിലയ്ക്ക്

ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. പഞ്ചസാര ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വില വര്‍ധിപ്പിച്ചിരുന്നു. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വര്‍ധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം. എന്നാല്‍ അതേ ഹോള്‍സെയില്‍ വിപണിയില്‍ നിന്ന് വാങ്ങിയ സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്.

സപ്ലൈകോ ഓണം മേളയില്‍ 36 രൂപ വിലയുള്ള പഞ്ചസാര 27 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണിയില്‍ വില്‍ക്കുന്നത്. സപ്ലൈകോയില്‍ മട്ട അരിയുടെ വില 33 രൂപയാണ്. അതേ മട്ടയരിക്ക് കണ്‍സ്യൂമര്‍ഫെഡിലെ വില 30 രൂപയാണ്. പഞ്ചസാരയ്ക്ക് 8 രൂപയുടെ വ്യത്യാസമാണുള്ളത്. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും 27 രൂപയ്ക്ക് വാങ്ങുന്ന പഞ്ചസാരക്ക് സപ്ലൈകോയില്‍ കിലോയ്ക്ക് 35 രൂപ നല്‍കണം. കണ്‍സ്യൂമര്‍ഫെഡില്‍ തുവര പരിപ്പിന്റെ വില 111 ആണെങ്കില്‍ സപ്ലൈകോ വില 115 രൂപയാണ്.

 

സര്‍ക്കാരില്‍ നിന്ന് സ്ഥിരമായി സബ്‌സിഡി ലഭിക്കുന്ന സ്ഥാപനമാണ് ഭക്ഷ്യവകുപ്പിന് കീഴിലെ സപ്ലൈകോ. സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമര്‍ഫെഡിന് ആകട്ടെ ഉത്സവചന്തകളുടെ കാലത്ത് മാത്രമാണ് സബ്‌സിഡി ലഭിക്കുക. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്ന് സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. എന്നാല്‍ പഴയ നിരക്കില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കിയാല്‍ മതി എന്നാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിനു നല്‍കിയ നിര്‍ദേശം. രണ്ടിടത്തെയും വില തമ്മിലുള്ള വ്യത്യാസം സപ്ലൈകോയുടെ വില കൂട്ടിയതിനുള്ള ന്യായീകരണം തള്ളിക്കളയുന്നതാണെന്നാണ് വിമർശനം.

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.

സെപ്റ്റംബർ 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.

വൈഫൈയുടെ പ്രവർത്തനം എങ്ങനെ

വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സിഗ്നൽ വലിക്കുന്നതാണ്.

നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.

പക്ഷിപ്പനി; ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം, വൈറസ് വ്യാപനം തടയുക ലക്ഷ്യം

പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനമിറക്കിയത്.

നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അതിന് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രിൽ പകുതിക്കുശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരും വിദഗ്ധസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.

പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റർ നിരീക്ഷണമേഖലയെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ല മൊത്തമായി ഇതിലുൾപ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം നഗരസഭ, അടൂർ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവ നിരീക്ഷണമേഖലകളാണ്.

 

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ എട്ടിന് ശക്തമായ മഴക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 8-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടലിന്റെയും, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും, മധ്യ ബംഗാൾ ഉൾക്കടലിന്റെയും മിക്ക ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിപണിയിലെത്തുന്ന ഐഫോൺ 16 വിലയിലും ‘ഗ്ലാമർതാരം’

ഐഫോണിന്റെ ഓരോ ലോഞ്ചും ആളുകൾ ഏറെ ആകാംഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. പ്രീ ബുക്കിങ് തുടങ്ങുമ്പോഴേക്കും ഒരുപാട് പേർ ബുക്ക് ചെയ്തിരിക്കും. നീണ്ട വരിയാകും ആദ്യ ദിവസങ്ങളിൽത്തന്നെ ഐഫോൺ വാങ്ങാനായി ഉണ്ടാകുക. ഇത്തരത്തിൽ പുതിയ മോഡലായ ഐഫോൺ 16ന് വേണ്ടിയും വലിയ കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.

പുതിയ ഐഫോൺ മോഡൽ സെപ്റ്റംബർ 9നാണ് പുറത്തിറങ്ങുക. അവയുടെ വിലവിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാൽ ഐഫോൺ 16,16 പ്ലസ് മോഡലുകൾക്ക് ഐഫോൺ 15നേക്കാൾ കാര്യമായ വിലവ്യത്യാസമുണ്ടാകില്ല എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ല എന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. എന്നാൽ 16 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് വില കൂടും. ക്യാമറ, ബാറ്ററി, ചിപ്പ് ഡിസൈൻ, ഡിസ്പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളിൽ മാറ്റമുള്ളതിനാലാണിത്.

സ്ലോ പോയിസണ്‍’, ‘മാങ്ങ ഒഴികെ എല്ലാം ഉണ്ട്’; വൈറലായി മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ

വിപണികളില്‍ പല പായ്ക്കറ്റുകളില്‍ കിട്ടുന്ന മാമ്പഴ ജ്യൂസ് കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള ജ്യൂസുകള്‍ നമുക്ക് നല്‍കുന്ന സന്തോഷത്തെ കുറിച്ചൊക്കെ ആകര്‍ഷകമായ ക്യാപ്ഷനുകള്‍ നല്‍കി സെലിബ്രിറ്റികള്‍ അഭിനയിച്ചിട്ടുള്ള മനോഹരമായ പരസ്യങ്ങളും നമ്മള്‍ സ്ഥിരം കാണുന്നതാണ്. ഇപ്പോഴിതാ ഈ മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന പ്ലാന്റില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

ഒരു മെഷീനിലേക്ക് ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഫുഡ് കളറിംഗ്, ഷുഗര്‍ സിറപ്പ്, മറ്റ് രാസവസ്തുക്കള്‍ എന്നിവയില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവക പദാര്‍ത്ഥം കലര്‍ത്തി ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 

അതിനു ശേഷം സംസ്‌കരിച്ച ദ്രാവകം പ്ലാസ്റ്റിക് പേപ്പര്‍ പാക്കറ്റുകളുടെ ടിന്നിലടച്ച് പാക്കറ്റുകളിലാക്കി വയ്ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ‘ടെട്രാ പാക്ക് മാമ്പഴ ജ്യൂസ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ‘മാമ്പഴ പള്‍പ്പ് എവിടെ?’ എന്നാണ്. മറ്റൊരാള്‍ പറഞ്ഞു, ‘മാങ്ങ ഒഴികെ എല്ലാം ഉണ്ട്. മറ്റൊരു കമന്റ് ഇങ്ങനെ, ”സ്ലോ പോയിസണ്‍’. ”ഈ വീഡിയോ കാരണം ഞാന്‍ ഇനി സ്റ്റോറില്‍ നിന്ന് ജ്യൂസ് വാങ്ങുന്നില്ല,” ഒരു ഉപയോക്താവ് എഴുതി.

ഈ സ്മാർട്ട് ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ്

മൂന്നും നാലും വര്‍ഷം പഴക്കമുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്

ആപ്പിള്‍, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ 35ലധികം സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് വാട്‌സ്ആപ്പ് നിര്‍ത്തുമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കനാല്‍ടെക് അവകാശപ്പെട്ടു. ആപ്പിന്റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സ്ആപ്പ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

സാംസങ്ങിന്റെ ഗാലക്സി നോട്ട് 3, ഗാലക്സി എസ് 3 മിനി, ഗാലക്സി എസ് 4 മിനി, മോട്ടോറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് എന്നിങ്ങനെ നിരവധി ഫോണുകളില്‍ ഭാവിയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിൻ്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ മോഡലുകളെയും പിന്തുണയ്ക്കുന്നത് വൈകാതെ തന്നെ വാട്‌സ്ആപ്പ് അവസാനിപ്പിക്കും. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Verified by MonsterInsights