യുട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ; ഒറ്റ ദിവസം കൊണ്ട് 10 മില്ല്യണ്‍ കടന്ന് സബ്‌സ്‌ക്രൈബേഴ്‌സ്

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു
 

യുട്യൂബിലെങ്ങും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. ‘യു ആര്‍’ എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

സൂപ്പര്‍ താരം യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ കുത്തൊഴുക്കാണ്. ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന യുട്യൂബ് റെക്കോര്‍ഡ് റൊണാള്‍ഡോയുടെ ‘മാസ് എന്‍ട്രി’ക്ക് മുന്നില്‍ തകര്‍ന്നു.

 

ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ സമ്പാദിച്ചിരുന്നു. ഇതോടെ അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യുട്യൂബ് ചാനലെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു. 2.16 മില്ല്യണ്‍ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സാണ് മെസ്സിക്ക് ഉള്ളത്. അതേസമയം വെറും രണ്ട് മണിക്കൂറിനുള്ളിലാണ് റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. നിലവില്‍ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് റൊണാള്‍ഡോയുടെ ചാനലിലുള്ളത്.

 

‘ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്ക്രൈബ് ചെയ്യൂ’, ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് നിലവില്‍ ക്രിസ്റ്റ്യാനോ. സാമൂഹിക മാധ്യമത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും നിലവിൽ ക്രിസ്റ്റ്യാനോ തന്നെയാണ്. യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. 

ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്‌

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു
 

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെ രണ്ടാമതായാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്. ധോണിക്ക് മുന്‍പ് ഒന്നാമതായി ഓസീസ് ഇതിഹാസം റോഡ്‌നി മാര്‍ഷിനെയും മൂന്നാമതായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെയുമാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്.

‘ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറില്‍ ഒന്നാമത് റോഡ്‌നി മാര്‍ഷാണ്. ഞാന്‍ ഏറെ ആരാധിക്കുന്ന താരമാണ് മാര്‍ഷ്. അദ്ദേഹത്തെ പോലെ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. രണ്ടാമത് ഞാന്‍ എം എസ് ധോണിയെ പറയും. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്ന ധോണിയുടെ രീതി എനിക്ക് ഇഷ്ടമാണ്. മൂന്നാമത് കുമാര്‍ സങ്കക്കാരയാണ്. അദ്ദേഹം വളരെ ക്ലാസ്സിയാണ്’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.

 

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു. അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും വിജയിച്ച ഇന്ത്യ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാലും പരമ്പര ഓസ്‌ട്രേലിയ തന്നെ സ്വന്തമാക്കുമെന്നും മത്സരം കടുക്കുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കേണ്ട ആവശ്യം ഓസ്‌ട്രേലിയയ്ക്കുണ്ട്. വിദേശത്ത് പോയി മത്സരം എങ്ങനെ വിജയിക്കാമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം. പക്ഷേ ഞാന്‍ ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നു. കടുത്ത പോരാട്ടമാണെങ്കിലും ഓസീസ് തന്നെ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

വിനേഷ് ഫോഗട്ടിന് വെള്ളി മെഡലില്ല; അപ്പീല്‍ കായിക കോടതി തള്ളി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഭാരപരിശോധനയിൽ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കില്ലെന്ന് ഉറപ്പായി. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് അപ്പീൽ തള്ളിയതായി റിപ്പോർട്ട് പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.

പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം. നിയമം ആർക്കു വേണ്ടിയും മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

പാരിസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ.

പാരീസ് ഒളിംപിക്‌സില്‍ അഞ്ചാം മെഡൽ നേടി ഇന്ത്യ. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്.

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറിൽ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റർ. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാൽ 90 മീറ്റർ കടമ്പ കടക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. പാക്കിസ്ഥാന്റെ ആദ്യ അത്‍ലറ്റിക്സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അര്‍ഷദ് നദീമിൻ്റെ നേട്ടം.

പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിൽ ഇന്ത്യക്ക് ജയം, മുന്നോട്ട്.

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം ജയം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ടേബിൾ ടോപ്പറായി. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബെൽജിയമാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ അർജന്റീനയോട് സമനിയയിൽ ഇന്ത്യ അർജന്റീനയോട് സമനിയയിൽ പിരിഞ്ഞിരുന്നു.ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിങിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയം പിടിച്ചത്. പെനാൽറ്റി സ്ട്രോക്കിൽ  നിന്ന് ആദ്യ ഗോൾ നേടിയ ഹർമൻപ്രീത് രണ്ടാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽ നിന്ന് മറ്റൊരു ഗോൾ നേടി. പെനാൽറ്റി കോർണറുകളിൽ നിഗോൾ നേടാൻ നിരവധി അവസരം അയർലൻഡിന് ലഭിച്ചെങ്കിലും ഇന്ത്യൻ  പ്രതിരോധത്തിൽ തട്ടി തകർന്നു.

നേരത്തെ ഷൂട്ടിങ്ങിലൂടെ ഇന്ത്യ രണ്ടാം മെഡൽ സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്‌ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ ഒളിമ്പിക്‌സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു.

പാരിസ് ഒളിംപിക്‌സ്.

പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ഒളിംപിക്‌സില്‍ വാശിയേറിയ പോരാട്ടത്തില്‍ ഭാഗമായതില്‍ സന്തോഷം. ലോസ് ആഞ്ചലസ് ഒളിംപിക്‌സാണ് അടുത്ത ലക്ഷ്യം, അതിനായുള്ള പരിശീലനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും റമിത ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്‍റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരുന്നു. 145.3 പോയിന്‍റാണ് റമിത നേടിയത്. 251.8 പോയിന്‍റോടെ ദക്ഷിണ കൊറിയന്‍ താരം ബാന്‍ വാശിയേറിയ റൗണ്ടുകള്‍ക്കൊടുവില്‍ സ്വര്‍ണം നേടി. ചൈനീസ് താരം (251.8) വെള്ളിയും, സ്വിറ്റ്‌സര്‍ലന്‍ഡ് താരം (230.3) വെങ്കലവും സ്വന്തമാക്കി. നേരത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് റമിത ഫൈനലിന് യോഗ്യത നേടിയത്.

ഇന്ത്യന്‍ ഷൂട്ടിംഗിലെ ഭാവിവാഗ്‌ദാനങ്ങളിലൊന്നാണ് 20 വയസ് മാത്രമുള്ള കോളേജ് വിദ്യാര്‍ഥിയായ റമിത ജിന്‍ഡാല്‍. 2022ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ജൂനിയര്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. 2023ലെ ബാകു ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും സ്വര്‍ണം ഉയര്‍ത്തി.2022ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലവും നേടിയ താരം കൂടിയാണ് റമിത ജിന്‍ഡാല്‍. ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും റമിതയുടെ പേരിനൊപ്പമുണ്ട്.

ഒളിംപിക്‌സ് വേദിയില്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ.

ഒളിംപിക് വേദിയില്‍ മെഡല്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ. മെഡല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ആര്‍ച്ചറിയിലെ റാങ്കിങ് വിഭാഗത്തില്‍ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍.റാങ്കിംഗ് റൗണ്ടില്‍ 1,983 പോയിന്റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കൊറിയയും ചൈനയും മെക്‌സിക്കോയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്റും മെക്‌സിക്കോ 1986 പോയന്റും നേടി. നെതര്‍ലന്‍ഡ്സ് ഫ്രാന്‍സ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഈയിനത്തിലെ മെഡല്‍ ജേതാക്കളെയും അന്നറിയാം.ഒളിംപിക് റെക്കോര്‍ഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്കു റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.

വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.ഇന്ത്യന്‍ താരങ്ങളില്‍ അങ്കിത ഭക്ത് 666 പോയിന്റുമായി 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 659 പോയിന്റുമായി 22ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തില്‍ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.അതേസമയം, ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍. റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉള്‍പ്പെടുന്ന പൂളിലായത്. സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.അതേസമയം, വനിതകളില്‍ 11ാം സ്ഥാനത്തെത്തിയ അങ്കിത ഭക്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നേട്ടമായി. നാലാം ഒളിംപിക്സില്‍ മത്സരിക്കുന്ന ദീപിക കുമാരി ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ പാടുപെട്ടപ്പോഴാണ് ബംഗാളില്‍ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഇതോടെ, മിക്സഡ് വിഭാഗത്തില്‍ ആദ്യമായി ദീപികയ്ക്കു പകരം അങ്കിത ഇന്ത്യയെ പ്രതിനിധീകരിക്കും.

 

2019ല്‍ കൊറിയന്‍ സഹതാരം ചെയോങ് കാങ് 692 പോയന്റ് നേടിയതിന്റെ റെക്കോര്‍ഡാണ് ലിം സി ഹൈയോണ്‍ തകര്‍ത്തത്. തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഇന്ത്യക്കായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയന്റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് അമ്പെയ്ത്തിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.പ്രധാന ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലില്‍ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്‌കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.

പാരീസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും.

24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര്‍ ശ്രീജേഷ്.

ഒളിമ്പിക്‌സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യം മത്സരത്തിന് ഉപയോഗിച്ച ജേഴ്സിയും ഒമ്പിക് ജേഴ്സിയും കൈയില്‍ പിടിച്ച് പാരീസില്‍ നിന്നുള്ള ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇത് എന്റെ ആദ്യത്തെ ജേഴ്‌സി…എന്റെ അവസാന 24 വര്‍ഷത്തെ യാത്ര…” എന്നാണ് ശ്രീജേഷ് കുറിച്ചത്.പാരീസ് ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് പറഞ്ഞത്.

1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് പാരീസിലേത്. 328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു.പാരീസില്‍ എന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുമ്പോള്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍, ആരാധകര്‍ എന്നിവയുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

പാരീസ് ഒളിമ്പിക്സിന് മാതൃഭൂമിയും.

ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഒളിമ്പിക്സ്. ഇരുനൂറിലേറെ രാജ്യങ്ങളും പതിനായിരത്തിലേറെ താരങ്ങളും അണിനിരക്കുന്ന മഹാമേള. അത് പാരീസിലാകുമ്പോൾ ആവേശം വായനക്കാരിലെത്തിക്കാൻ മാതൃഭൂമിയും ഒരുങ്ങി. 26-ന് തുടങ്ങുന്ന ഒളിമ്പിക്സ് നേരിട്ടു റിപ്പോർട്ടുചെയ്യാൻ മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ. സുരേഷ് പാരീസിലെത്തി. ഒളിമ്പിക്സ് മത്സരങ്ങളും പാരീസ് ജീവിതവും അടുത്തറിഞ്ഞ് സുരേഷ് തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഇന്നുമുതൽ മാതൃഭൂമിയിൽ വായിക്കാം.

കാസർകോട് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ കെ. സുരേഷ് 2006-ലാണ് മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്നത്. 2012 മുതൽ സ്പോർട്സ് വിഭാഗത്തിൽ. ദേശീയ ഗെയിംസ്, അണ്ടർ-17 ഫുട്ബോൾ ലോകകപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ, ഐ.എസ്.എൽ. ഫുട്ബോൾ തുടങ്ങി ഒട്ടേറെ കായികമേളകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്.

Verified by MonsterInsights