ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കിനും ജെഫ് ബെസോസിൻ്റെ ആമസോണിനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഡാറ്റാ സുരക്ഷ, കവറേജ് ഏരിയ, മറ്റ് പ്രധാന പാരാമീറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളും എന്തെല്ലാം നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന വിശദമായ വിവരങ്ങൾ രണ്ടു കമ്പനികളും കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഭാരതി എയർടെല്ലിൻ്റെ പിന്തുണയുള്ള വൺവെബിനും റിലയൻസ് ജിയോയും എസ്ഇഎസുമായുള്ള പങ്കാളിത്തത്തിനും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും അപേക്ഷകൾ അധിക സുരക്ഷാ പരിശോധനകൾക്കായി പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായുള്ള സ്റ്റാർലിങ്കിനും ആമസോണിനും അടുത്തിടെ കത്തുകൾ അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയാവുന്ന ടെലകോം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന സമ്മതം സമർപ്പിച്ചതിന് ശേഷം മാത്രമേ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയൂ. കമ്പനികൾ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു’ ഉദ്യോഗസ്ഥൻ്റെ പ്രതികരണം.
സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും മറുപടിക്കായി സർക്കാർ കുറച്ച് സമയം കൂടി കാത്തിരിക്കുമെന്നും എന്നാൽ എല്ലാ സുരക്ഷാ വ്യവസ്ഥകളും അംഗീകരിക്കുന്നതുവരെ അപേക്ഷകൾ പ്രോസസ്സ് ചെയ്യില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നതിന് സാറ്റ്‌കോം ദാതാക്കൾ സർക്കാരിന് നൽകേണ്ട ഡാറ്റ, കവറേജ് ഏരിയ മുതലായവയുമായി ബന്ധപ്പെട്ട സുരക്ഷാ സംബന്ധിയായ വിവിധ നിബന്ധനകൾ ഉണ്ട്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതു’ണ്ടെന്നും മൂന്നാമതൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അക്ഷാംശ രേഖാംശ സ്ഥാനങ്ങളിൽ മാറ്റമുണ്ടായാൽ ഏതെങ്കിലും നിലയിലുള്ള ദുരുപയോഗം തടയുന്നതിനായി സുരക്ഷാ ആവശ്യകതകൾക്കനുസരിച്ച് ടെർമിനലുകൾ ആശയവിനിമയം നിർത്തണം. തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിൻ്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.