ഇലവീഴാപൂഞ്ചിറയ്ക്കു സമീപത്തെ ചക്കിക്കാവ് മലനിരകളിൽപെട്ട ആലുങ്കപ്പാറ ഹിൽസിലും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സാധാരണ നീലക്കുറിഞ്ഞി പൂത്തുവന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നും 400 മീറ്റർ മാത്രം ഉയരമുള്ള
ആലുങ്കപ്പാറ ഹിൽസിൽ നീലക്കുറിഞ്ഞി പൂത്തത് അദ്ഭുതത്തോടെയാണ് ഏവരും നോക്കികാണുന്നത്.
കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ സർക്കാർ ഭൂമിയാണ് ആലുങ്കപ്പാറ ഹിൽസ്. കാഞ്ഞാർ ചക്കിക്കാവിൽനിന്നു പൂണ്ടിക്കുളം നിരപ്പിൽ എത്തിയ ശേഷം രണ്ടുകിലോമീറ്ററോളം മലഞ്ചെരുവിലെ ദുർഘട പാതയിലൂടെ കാൽനടയായി സഞ്ചരിച്ചു വേണം ഇവിടെയെത്താൻ.സമീപവാസിയായ വിദ്യാർഥിയാണ് ഇവിടെ നീലക്കുറിഞ്ഞി പൂത്ത വിവരം പുറംലോകത്തെ അറിയിച്ചത്.മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ നീലക്കുറിഞ്ഞി പൂത്തതു സംബന്ധിച്ച് വിശദമായ പഠനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.