2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്വർക്ക് അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. വരും മാസങ്ങളിൽ 4ജി നെറ്റ്വർക്ക് ലഭ്യമാക്കാൻ വേണ്ട നെറ്റ്വർക്ക് ഉപകരണങ്ങളുടെ വിക്ഷേപണ വാഹനമായി നോക്കിയ, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് റോക്കറ്റ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നോക്കിയ ബെൽ ലാബ്സ് പ്രിൻസിപ്പൽ എൻജിനിയറായ ലൂയി മാസ്ട്രോ റൂയിസ് ഡി ടെമിനോ ഉദ്ധരിച്ച് സിഎൻബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം ആദ്യം ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023 -ൽ ടെമിനോ പ്രോജക്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ സ്ഥാപനമായ ഇൻട്യൂറ്റീവ് മെഷീൻസ് രൂപകല്പന ചെയ്ത നോവ-സി ലാൻഡറിലുള്ള ആന്റിനയുള്ള ഒരു ബേസ് സ്റ്റേഷന്റെ സഹായത്തോടെയാണ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാൻഡറിനും ലോഞ്ച് വെഹിക്കിളിന്റെ റോവറിനും ഇടയിൽ 4G LTE കണക്റ്റിവിറ്റി നൽകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹിരാകാശത്തെ അതിരൂക്ഷ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് നോക്കിയ വ്യക്തമാക്കുന്നു.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് നെറ്റ്വർക്ക് കണക്റ്റിവിറ്റി ഉപയോഗിക്കാനാകുമെന്നു വ്യക്തമാക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. 4ജി നെറ്റ്വർക്കിന്റെ സഹായത്തോടെ ബഹിരാകാശയാത്രികർക്ക് പരസ്പരം സംസാരിക്കാനും ആവശ്യമെങ്കിൽ വിദൂരമായി റോവർ നിയന്ത്രിക്കാനും കഴിയുമെന്ന് നോക്കിയ വിശ്വസിക്കുന്നു. കൂടാതെ തത്സമയ വീഡിയോ ഫൂട്ടേജും മറ്റ് ഡാറ്റയും കൺട്രോൾ സെന്ററിലേക്കും തിരിച്ചും ഷെയർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ലാൻഡറിനെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കുന്നത് സ്പേസ് എക്സ് റോക്കറ്റ് അല്ലെന്നും അന്തിമ ലാൻഡിംഗ് നടത്താൻ കമ്പനി ഒരു പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുമെന്നും ടെമിനോ വ്യക്തമാക്കി. അതേസമയം, നോക്കിയയുടെ പ്രഖ്യാപനം ടെക് മേഖലയിൽ വൻ ചർച്ചയായിട്ടുണ്ട്.
അടുത്തിടെ നോക്കിയ അറുപത് വർഷം പഴക്കമുള്ള ബ്രാൻഡ് ലോഗോ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടെലികോം മേഖലയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ മാറ്റം. ”നോക്കിയ” എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നീല നിറം പൂർണ്ണമായി ഉപേക്ഷിച്ചു, പകരം നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.
‘സ്മാർട്ട്ഫോൺ വിപണിയുമായി ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരു ടെക്നോളജി ബിസിനസ്സ് കമ്പനിയാണ്,” നോക്കിയയുടെ ചീഫ് എക്സിക്യൂട്ടീവ് പെക്ക ലൻഡ്മാർക്ക് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രതിസന്ധിയിലായിരുന്ന കമ്പനിയിൽ 2020ൽ ചുമതലയേറ്റ ലൻഡ്മാർക്ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ലക്ഷ്യം വച്ചത്. കമ്പനി റീസെറ്റ് ചെയ്യുക, വളർച്ചയുടെ വേഗത കൂട്ടുക, ലാഭം വർധിപ്പിക്കുക എന്നതായിരുന്നു അത്.