റിയോ: കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെയും അർജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്.
മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോർമേഷനായിരുന്നു കളത്തില്‍. ആദ്യപകുതിയില്‍ 40-ാം മിനുറ്റില്‍ അർജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് ഗോള്‍ നേടിയത്. ഗോണ്‍സാലിന്‍റെ മുന്നേറ്റം ബോക്സിന് പുറത്തുവച്ച് ഇക്വഡോർ ഗോളി ഗാലിന്‍ഡസ് തടുത്തെങ്കിലും പന്ത് കാല്‍ക്കലെത്തിയ മെസി, ഡി പോളിന് മറിച്ചുനല്‍കിയതോടെ വല ചലിക്കുകയായിരുന്നു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്.
ഡി മരിയ 71-ാം മിനുറ്റില്‍ കളത്തിലെത്തിയതോടെ അർജന്‍റീനന്‍ വേഗം ഇരട്ടിച്ചു. അർജന്‍റീന 84-ാം മിനുറ്റില്‍ ലീഡ് രണ്ടാക്കി. ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറിടൈമില്‍ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ ഹിന്‍കാപ്പി ചുവപ്പ് കാർഡ് കണ്ടു മടങ്ങുകയും ചെയ്തു. ഫ്രീകിക്കെടുത്ത മെസി സുന്ദരമായി പന്ത് വലയിലേക്ക് ചരിച്ചുവിട്ടു.
അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി നായകന്‍ കൂടിയായ ഡേവിഡ് ഒസ്പീനയാണ് കൊളംബിയയുടെ വിജയശില്‍പി. ബ്രസീല്‍-പെറു ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും നടക്കും.