കാലം മാറിയതോടെ നമ്മുടെ ആരോഗ്യസങ്കൽപ്പങ്ങളും മാറി. ഭക്ഷണരീതികൾ മാറി. പണ്ട് ജിമ്മിൽ പോകുന്നവരെ നോക്കി കമന്റ് പറഞ്ഞു കൊണ്ടിരുന്നവർ ഇപ്പോൾ നേരം വെളുക്കുന്നതിനു മുമ്പേ ജിമ്മിലേക്ക് എത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിലും നിയന്ത്രണം വന്നു. ഭക്ഷണത്തിൽ എണ്ണ, മധുരം, അധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതിലേക്ക് നമ്മുടെ ഭക്ഷണസംസ്കാരം വളർന്നു കൊണ്ടിരിക്കുകയാണ്.
കറികളിലും മറ്റും എണ്ണ ചേർക്കുന്നതാണ് മലയാളികളുടെ ഒരു രീതി. ഭക്ഷണരീതി എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ എണ്ണയൊക്കെ ഒന്ന് ഉപയോഗിച്ചു പോകും. പ്രത്യേകിച്ച് തോരൻ, മെഴുക്ക് പുരട്ടി എന്നിവയിലെല്ലാം എണ്ണ ഉപയോഗിക്കുന്നതാണ് നമ്മുടെ ശീലം. അത്തരത്തിൽ എണ്ണ ഉപയോഗിക്കുമ്പോൾ എണ്ണ ചിലപ്പോൾ അൽപ്പം കൂടി പോകാനും സാധ്യതയുണ്ട്. ഇങ്ങനെ എണ്ണ കൂടിപ്പോയാൽ ഒഴിവാക്കാൻ ഒരു സൂപ്പർ ട്രിക്ക് ഉണ്ട്.
ദീപ്തി കപൂർ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. തോരൻ അഥവാ മെഴുക്കു പെരട്ടി എന്നിവ ഉണ്ടാക്കുന്ന സമയത്ത് എണ്ണ കൂടിപ്പോയാൽ കുറഞ്ഞ സമയം കൊണ്ട് എണ്ണയെ വേർതിരിക്കാം.
ഒരു ചെറിയ പാത്രമെടുത്ത് കറി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പാത്രത്തിന്റെ നടുവിലായി വയ്ക്കുക. തോരൻ രണ്ട് വശത്തേക്കും മാറ്റി വച്ചിട്ട് വേണം ചെറിയ പാത്രം നടുവിലായി വെയ്ക്കാൻ. അതിനു ശേഷം മൂടി വെയ്ക്കുക. കുറച്ച് സമയം കഴിയുമ്പോൾ മൂടി വെച്ച അടപ്പ് എടുത്തു മാറ്റുക. അധികമായി വന്നിരിക്കുന്ന എണ്ണ മുഴുവനായി ആ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് കാണാം. ചെറിയ പാത്രം കൊണ്ട് എണ്ണ മൂടിവെച്ച് വശങ്ങളിൽ നിന്ന് തോരൻ എടുത്തു മാറ്റാവുന്നതാണ്. ഇൻസ്റ്റഗ്രാമിൽ ദീപ്തി കപൂർ പങ്കുവെച്ച വിഡിയോ ഇതിനകം 1.5 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. ഏതായാലും ദീപ്തിയുടെ ഈ ട്രിക്ക് വളരെ ഉപകാരപ്പെട്ടെന്നാണ് കമന്റ് ബോക്സിൽ എത്തിയ ആളുകൾ പറയുന്നത്.