അഹമ്മദാബാദ് 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം ‘സാവജ്’ എന്ന സിംഹത്തെ സ്ഥാപിച്ച വാഹനത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. തുടർന്ന് കായികതാരങ്ങൾ കൈമാറിയ ദീപശിഖയിൽ നിന്ന് നരേന്ദ്രമോദി ഗെയിംസ് ദീപം തെളിച്ചു.
ബറോഡയിലെ സ്വർണിം കായിക സർവകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. നവരാത്രി നാളുകളിൽ തന്നെ നടക്കുന്ന ഗെയിംസ് ആഘോഷമാക്കുക എന്നതാണ് ഗുജറാത്തിന്റെ ലക്ഷ്യം. അതിനായി വൻ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. 45 ഇനങ്ങളിലായി ഏഴായിരത്തോളം താരങ്ങൾ പങ്കെടുക്കുന്ന ദേശീയ ഗെയിംസ്, ഇന്ത്യയുടെ ‘മിനി ഒളിംപിക്സ് ആക്കാനൊരുങ്ങുകയാണ് ആതിഥേയർ.
ശങ്കർ മഹാദേവനും മോഹിത് ചൗഹാനും നയിച്ച ഗാനസന്ധ്യയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 600 ഗുജറാത്തി കലാകാരന്മാരുടെ പരമ്പരാഗത നൃത്തവും റിയാലിറ്റി ഷോയും ചടങ്ങിനെ ആവേശത്തിലാഴ്ത്തി.