ദീർഘായുസിന്‍റെ രഹസ്യം വെളിപ്പെടുത്തി 108 വയസുള്ള മുത്തശ്ശി

ജീവിതശൈലി രോഗങ്ങളും മറ്റും കാരണം അകാല മരണങ്ങൾ ഇക്കാലത്ത് നിത്യസംഭവങ്ങളാണ്. വളരെ പ്രായം കുറഞ്ഞവർപോലും ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ബാധിച്ച് മരണമടയുന്നു. ഇപ്പോഴിതാ ദീർഘായുസിന്‍റെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 108 വയസുള്ള ഒരു ബ്രിട്ടീഷ് മുത്തശി. തെക്ക്-കിഴക്കൻ ലണ്ടനിലെ ബ്രിട്ടനിലെ ഓർപിംഗ്ടണിൽ നിന്നുള്ള 108 വയസ്സുള്ള മേരി ആൻ ക്ലിഫ്റ്റന് എല്ലാവരോടും പറയാൻ ഒരു കാര്യം മാത്രം, നന്നായി കഠിനാധ്വാനം ചെയ്യുകയും ജീവിതം ആസ്വദിക്കുകയുമാണ് വേണ്ടത്. എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് ചെറിയ രീതിയിലുള്ള മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

1915 മാർച്ച് 16 ന് സൗത്ത് ലണ്ടനിലെ ലാംബെത്തിൽ ജനിച്ച ക്ലിഫ്‌ടൺ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഒരു ടെയിലർ ഷോപ്പിൽ ജോലി ചെയ്തു. പിന്നീട് മകളുടെ പ്രിന്റിംഗ് ബിസിനസിനൊപ്പം കൂടി. 12 വയസുള്ളപ്പോഴാണ് ക്ലിഫ്റ്റൻ അവരുടെ ജീവിതപങ്കാളിയെ ആദ്യമായി കണ്ടുമുട്ടുന്നത്.. ഈ ദമ്പതികൾക്ക് പമേലയും ബേണി എന്നിങ്ങനെ രണ്ടു കുട്ടികളുണ്ടായിരുന്നു. ഇന്ന് റോസിന എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ക്ലിഫ്റ്റണിന് നാല് പേരക്കുട്ടികളും അവർക്ക് 10 മക്കളും, ഈ പത്ത് മക്കൾക്കായി ഏഴ് മക്കളും ഉണ്ട്.

യുകെയിലെ ഫോക്‌സ്‌ബ്രിഡ്ജ് ഹൗസിന്റെ കെയർ ടീം 108-ാം ജന്മദിനം ആഘോഷിക്കുന്ന ക്ലിഫ്റ്റണിന് വേണ്ടി ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഈ സർപ്രൈസ് ടീ പാർട്ടിയിൽവെച്ചാണ് മുത്തശ്ശി, ദീർഘായുസിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്. ഈ പാർട്ടിയിൽവെച്ച് ബ്രിട്ടീഷ് രാജാവിന്‍റെ ആശംസാ സന്ദേശവും മേയർ ക്ലിഫ്റ്റണിന് കൈമാറി. ക്ലിഫ്റ്റൺ “ഏറെ പ്രിയപ്പെട്ടതും എല്ലാവർക്കും ഇഷ്ടവുമുള്ള” അന്തേവാസിയാണെന്ന് ഫോക്സ്ബ്രിഡ്ജ് ഹൗസിലെ ഹോം മാനേജർ സ്റ്റെല്ല ബാർൺസ് പറഞ്ഞു.

അടുത്തിടെ, കാലിഫോർണിയയിലെ കാമറില്ലോയിൽ താമസിക്കുന്ന 103-കാരിയായ തെരേസയും ദീർഘായുസിനെക്കുറിച്ച് സംസാരിച്ചിരുന്നു, ജീവിതത്തിൽ എന്തും നേരിടാനുള്ള നിശ്ചയദാർഢ്യമാണ് തന്നെ ഇത്രയും കൊണ്ടെത്തിച്ചതെന്ന് തെരേസ പറഞ്ഞു.

ഫോക്‌സ് 11 ലോസ് ഏഞ്ചൽസ് റിപ്പോർട്ട് പ്രകാരം തെരേസ ഇപ്പോഴും ആഴ്‌ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഫിറ്റ്‌നസ് സെന്റർ സന്ദർശിക്കാറുണ്ട് – മുഴുവൻ മേക്കപ്പും ആഭരണങ്ങളുമായാണ് അവർ വ്യായാമം ചെയ്യുന്നതിനായി വരുന്നത്.

ഇറ്റലിയിൽ ജനിച്ച തെരേസ 1946-ലാണ് വിവാഹിതയായത്. “ഇറ്റലി വിടുമ്പോൾ ലക്ഷ്യബോധമില്ലാത്ത ജീവിതമായിരുന്നു തെരേസയുടേത്. പിന്നീട് അവർ ജീവിതത്തിൽ കഠിനാധ്വാനം ചെയ്യാനും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാനും തുടങ്ങി. ദീർഘവും സന്തുഷ്ടവുമായ ജീവിതം എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ച് തെരേസ പറയുന്നത് ഇങ്ങനെ, “സന്തുഷ്ടരായിരിക്കാൻ ശ്രമിക്കുക. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക – എല്ലാം മനോഹരമാണെന്ന് ചിന്തിക്കുക”

Verified by MonsterInsights