സൂര്യൻ ഇത്തിരി കലിപ്പിലാണ്!; ദൃശ്യമായത് ഭീമൻ സൂര്യ കളങ്കം: ജാഗ്രത വേണം …

ചൂടും വെളിച്ചവും നൽകുന്ന സൂര്യൻ അൽപം ദേഷ്യത്തിലാണ്. ഉദയാസ്ഥമന വേളകളിൽ പൊട്ടിന്റെയും പൊടിയുടെയുമൊക്കെരൂപത്തിൽ സൗരമണ്ഡലത്തിനു പുറമെ കാണുന്ന ഈ കാന്തിക പ്രഭാവത്തെനിരീക്ഷിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം. അടുത്ത ദിവസങ്ങളിലായി കാണപ്പെട്ട AR 3190 എന്ന സൗരകളങ്കത്തിനുഭൂമിയുടെ നാലു മടങ്ങെങ്കിലുമാണു വലുപ്പം. സൗര കളങ്കങ്ങൾ അഥവാ സൺ സ്പോട്ട് എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം ഈ ആഴ്ചകളിൽ വർധിച്ച തോതിൽ അനുഭവപ്പെടുമെന്ന് ബഹിരാകാശ ഏജൻസികളുടെ മുന്നറിയിപ്പുണ്ട്. മറക്കേണ്ട, സൂര്യനെ നഗ്നനേത്രങ്ങൾകൊണ്ടു നിരീക്ഷിക്കരുത്. നോട്ടം അംഗീകൃത സോളർ ഫിൽറ്ററിലൂടെ മാത്രം. സമീപകാലത്തായി സൂര്യനിൽ സൂര്യകളങ്കങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെട്ടുന്നുവെന്നു നിരീക്ഷകർ പറയുന്നു. അംഗീകൃത സൗര ഫിൽട്ടർ ഉപയോഗിച്ച് നോക്കിയാൽ ഇത് വെറുംകണ്ണുകൊണ്ടു തന്നെ കാണാം. ഫിൽട്ടർ ഘടിപ്പിച്ച ചെറിയ ബൈനോക്കുലറിലും ടെലസ്കോപ്പിലും ഇതു കൂടാതെ അനേകം കൊച്ചു കൊച്ചു സൗരകളങ്കങ്ങളും കാണാം. ഇവ ഏതാനും മണിക്കുകളോ ദിവസങ്ങളോ നിലനിന്ന ശേഷം മാഞ്ഞു പോവുകയാണ് പതിവെന്ന് വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. 

ഓരോ 11 വർഷം കൂട്ടുമ്പോഴും സൂര്യകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നു. ഇപ്പോഴത്തെ വർധന 2025 ആകുമ്പോൾ പാരമ്യത്തിൽ എത്തും. സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളെക്കാൾ  തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാന്തമണ്ഡലത്തിലെ ഊർജം പെട്ടന്ന് വമിക്കുമ്പോൾ  പൊട്ടിത്തെറിയുടെ (കെറോണൽ മാസ് ഇജക്‌ഷൻ) രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള  കണങ്ങൾക്കു ഭൗമാന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൽ കഴിയും. 

ധ്രുവ ദീപ്തി, വാർത്താമിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം, വ്യോമയാനം തുടങ്ങിയ മേഖലകളെ സ്വാധീനിച്ചേക്കും.  ‘റേഡിയോ ബ്ലോക്ക് ഔട്ട്’ സാധ്യതയുള്ളതിനാൽ ഭൂമിക്കു നേരെ കാണുന്ന ഇത്തരം വലിയ  സൗരകളങ്കങ്ങളെ അതുകൊണ്ടുതന്നെ ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. 


Verified by MonsterInsights