കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കോഴിക്കോട് സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കാണാതായിട്ട് ഒരുമാസം. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും.
അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. രാവിലെ ഒൻപത് മണി മുതലാണ് തെരച്ചിൽ ആരംഭിക്കുക.
പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്നത്തെ തെരച്ചിലിൻ്റെ ഭാഗമാകും.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തെരച്ചിലിൽ പങ്കെടുക്കും. ഇതേ മണ്ണിടിച്ചിലിൽ അർജുനെ കൂടാതെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും ഇനി കണ്ടെത്താനുണ്ട്.
തിരച്ചിൽ അനശ്ചിതമായി വെെകുന്നതിൽ കഴിഞ്ഞ ദിവസം അർജുൻ്റെ കുടുംബം പ്രതിഷേധമായി എത്തിയിരുന്നു.
നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.
അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്