ഏകാരോഗ്യം മനുഷ്യരാശിക്ക് അനിവാര്യമായ സംഘടിത നീക്കം.

ഏകാരോഗ്യം മനുഷ്യരാശിക്ക് അനിവാര്യമായ സംഘടിത നീക്കമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിനോട് അനുബന്ധിച്ച് ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭക്ഷ്യസുരക്ഷ ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം, അതിന് ഏറ്റവും മികച്ച മാര്‍ഗമാണ് ഏകാരോഗ്യം. ഞാന്‍ എന്ന കാലഘട്ടത്തില്‍ ഒതുങ്ങി ജീവിക്കാതെ ലോകത്തിന് കരുതല്‍ നല്‍കി മുന്നോട്ട് പോവുക എന്നതാണ് ഏകാരോഗ്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും.

ആരോഗ്യപരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം ആവശ്യമാണ്. ഏത് തരം ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാള്‍ ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും മാനവരാശിയെ നല്ല ആരോഗ്യത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന തരത്തിലുള്ള ശാസ്ത്രീയ പഠനം കൂടി ആരോഗ്യവകുപ്പ് നടത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

 

ചടങ്ങില്‍ ഹൈജിന്‍ റേറ്റിംഗില്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ലയിലെ ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കളക്ടര്‍ വിതരണം ചെയ്തു. നവകേരള കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ് നന്ദകുമാര്‍, കൃഷിവകുപ്പ് റീട്ടെര്‍ഡ് ജോയിന്റ് ഡയറക്ടര്‍ സ്റ്റാന്‍ലി ചാക്കോ എന്നിവര്‍ സെമിനാര്‍ നയിച്ചു.

ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ.ആര്‍ അസീം, ഡെപ്യുട്ടി ഡിഎംഒ(ആരോഗ്യം) ഡോ.നന്ദിനി, കോന്നി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഡോ. ഇന്ദുബാല വിവിധ കോളേജുകളില്‍ നിന്നുള്ള ഫുഡ് ആന്‍ഡ് സയന്‍സ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Verified by MonsterInsights